2018, ഓഗസ്റ്റ് 21 -ന് ഞാൻ മുംബൈയിൽ വിമാനമിറങ്ങിയത് രോഗഗ്രസ്ഥനായി ആശുപത്രിവാസം നടത്തുന്ന ലാലു പ്രസാദ് യാദവിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. അത് ബലി പെരുന്നാൾ ദിവസമായിരുന്നു.  നഗരപ്രാന്തത്തിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരുന്നത്. 'ഗോപാൽഗഞ്ച് മുതൽ റയ്സീന വരെ, എന്‍റെ രാഷ്ട്രീയ യാത്ര' യുടെ കയ്യെഴുത്തുപ്രതി അതിനകം ഞാൻ പ്രസാധകർക്ക് നൽകിക്കഴിഞ്ഞിരുന്നു. എങ്കിലും ആർജെഡി മേധാവിയോട് ചില കാര്യങ്ങൾ എനിക്ക് ആവർത്തിച്ച് ചോദിച്ച് കൃത്യത ഉറപ്പുവരുത്താനുണ്ടായിരുന്നു.

വിമാനത്താവളത്തിൽ നിന്നും ഞനൊരു ഓട്ടോറിക്ഷ പിടിച്ചു. റിക്ഷാ ഡ്രൈവറോട് ഏഷ്യൻ ഹാർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ കൊണ്ടാക്കാൻ ആവശ്യപ്പെട്ടു.  "അങ്ങേയ്ക്ക് ലാലു പ്രസാദ്‍ജിയെ അറിയാമോ? അദ്ദേഹം ആ ആശുപത്രിയിലാണിപ്പോൾ" ഡ്രൈവർ പറഞ്ഞു.

ഒട്ടത്ഭുതം കലർന്ന സന്തോഷത്തോടെ ഞാൻ മറുപടി പറഞ്ഞു, "അതെ! ഞാനദ്ദേഹത്തെ കാണാന്‍ പോവുകയാണ്"

പെട്ടെന്ന് വഴിയോരം ചേർന്ന് വണ്ടിയൊതുക്കി ബ്രേക്കിട്ട് നിർത്തിയ ശേഷം ഓട്ടോറിക്ഷാ ഡ്രൈവർ എന്നോട് ഹിന്ദിയിൽ ചോദിച്ചു. "എനിക്കൊന്ന് ലാലുജിയെ കാണാൻ നിങ്ങൾ സഹായിക്കുമോ? നിങ്ങൾക്കുവേണ്ടി ഞാൻ പരമകാരുണികനോട് പ്രാർത്ഥിക്കാം" പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏതോ ദേശക്കാരനായ ഒരു മുസൽമാനായിരുന്നു അയാൾ.

ഞാൻ കുഴങ്ങിപ്പോയി, അയാളെ ലാലുവിന്‍റെ അടുത്തെത്തിക്കാൻ ആകുമോ എന്നെനിക്കറിയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ആ റിക്ഷാ ഡ്രൈവറെ ലാലുവിന്‍റെ അരികത്തെത്തിക്കുക എന്നത് എന്‍റെ വരവിന്‍റെ ലക്ഷ്യമോ പരിഗണനയോ അല്ല. അയാളെ ഒഴിവാക്കാനായി പറഞ്ഞു, ഫോൺനമ്പറും പേരും തന്നേക്കൂ, ഞാൻ ശ്രമിക്കാം.

ലാലുവിനെ കാണാനുള്ള ആഗ്രഹം എന്നെ ഒന്നുകൂടി ബോധ്യപ്പെടുത്താനാകണം, ഡ്രൈവർ ആവർത്തിച്ചു. "അമിതാഭ് ബച്ചനേയും ലാലുജിയേയും കാണാൻ എനിക്ക് ഒരേസമയം അവസരം കിട്ടിയാൽ ഞാൻ ലാലുജിയെ കാണും" അയാൾ പേരും നമ്പറും ഒരു കടലാസിൽ കുറിച്ചുതന്നു. അൻസാരി എന്നാണ് പേര്. ഞാനാ കടലാസുതുണ്ട് അലസമായി പോക്കറ്റിൽ നിക്ഷേപിച്ചു. ആശുപത്രി ഗേറ്റിൽ എന്നെ ഇറക്കിയതിന് ശേഷം അൻസാരി പിന്നെയും പറഞ്ഞു, "ലാലുജി കോ മുഝേ മിൽലാ ദേനാ ബാബൂ, അള്ളാ മെഹർബാൻ ഹോഗാ" (ദയവായി എന്നെ ലാലുജിയെ കാണാൻ സഹായിക്കൂ മോനേ, അള്ളാഹു അനുഗ്രഹിക്കും)

എന്നാൽ, ആശുപത്രിയിലേക്ക് കയറിയതും ഞാൻ അൻസാരിയുടെ അപേക്ഷ മറന്നു. ആശുപത്രിയുടെ സന്ദർശകമുറിയിൽ ലാലുവിന്‍റെ ഒരു സഹായി എനിക്കായി കാത്തുനിന്നിരുന്നു. അയാളെന്നെ നാലാം നിലയിലെ ലാലുവിന്‍റെ ആശുപത്രിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അൽപ്പസമയത്തിനകം എന്‍റെ കമ്മീഷനിംഗ് എഡിറ്റർ രുദ്ര ശർമ്മയും വന്നുചേർന്നു.

ലാലുവിന്‍റെ ആരോഗ്യനില അത്ര തൃപ്തികരമായിരുന്നില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതേയുള്ളൂ. രക്സസമ്മർദ്ദ നിരക്കും പ്രമേഹനിരക്കും അസ്ഥിരമാണ്. ഡോക്ടർമാരും നഴ്സുമാരും അതീവശ്രദ്ധയോടെ അദ്ദേഹത്തെ പരിചരിച്ചുകൊണ്ട് അരികിലുണ്ട്. ഇതിനിടയിൽ അവരിൽ ചിലർ ക്ഷീണിതനായ നേതാവിനൊപ്പം മൊബൈൽ ഫോണുകളിൽ സെൽഫി പകർത്തുന്നുണ്ട്. ഇടയ്ക്ക് ഹരിയാനയിൽ നിന്ന് പേരക്കുട്ടികൾ ലാലുവിനെ ഫോണിൽ വിളിച്ചു. അവരോട് അദ്ദേഹം രണ്ടുമൂന്ന് മിനുട്ട് കളിതമാശകളൊക്കെ പറഞ്ഞു.

ഡോക്ടർമാരും നഴ്സുമാരും സ്നേഹാലുവായ ഒരമ്മാവനെപ്പോലെയാണ് ലാലുവിനോട് പെരുമാറിയത്. ലാലുവും അവരോട് വീട്ടുകാര്യങ്ങളും വീട്ടുകാരെക്കുറിച്ചുമെല്ലാം തിരക്കുന്നുണ്ടായിരുന്നു. ലാലുവിന് ചെറിയ വേദനയുണ്ടായിരുന്നു. എങ്കിലും ഒപ്പമുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ വർത്തമാനം കേട്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.

"നീ കല്യാണം കഴിക്കണം കേട്ടോ.." ലാലു ഒരു നഴ്സിനോട് പറഞ്ഞു. "കല്യാണം വൈകിപ്പിക്കരുത്. അച്ഛനും അമ്മയ്ക്കും പ്രായമായി വരുമ്പോൾ അവരെ നോക്കണം, കുടുംബത്തിലെ മറ്റ് പ്രായമുള്ളവരേം നന്നായി നോക്കണം", ആ നഴ്സ് പുഞ്ചിരിച്ചു.

ഞങ്ങൾ ഇറങ്ങിയിട്ട് ലാലുവിനെ കയറിക്കാണാൻ മഹാരാഷ്ട്രയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള  ചില നേതാക്കൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആറ് മണിയോടെ സംസാരിക്കാനുള്ളതെല്ലാം സംസാരിച്ചിട്ട് ഞങ്ങൾ ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഞാൻ ഓട്ടോ ഡ്രൈവറുടെ അഭ്യർത്ഥന ഓർത്തു, വളരെ സാധാരണ മട്ടിൽ ഞാനത് ലാലുവിനോട് പറഞ്ഞു.  ഓട്ടോറിക്ഷാ ഡ്രൈവറുടെ ആവശ്യം കേട്ടപാടെ അദ്ദേഹം അസ്വസ്ഥനായി. "അയാളുടെ നമ്പർ നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ? അതെനിക്ക് തരൂ..." ആജ്ഞാപിക്കും മട്ടിലായിരുന്നു ലാലു അത് പറഞ്ഞത്. ഞാൻ പോക്കറ്റിൽനിന്ന് തുണ്ടുകടലാസെടുത്ത് നീട്ടി.

ആശുപത്രിയിൽ സഹായത്തിന് ഉണ്ടായിരുന്ന ആർജെഡി എംഎൽഎ ഭോല യാദവിനോട് ഓട്ടോ ഡ്രൈവറെ ഫോണിൽ വിളിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഭോല ഫോൺ ലാലുവിന് കൈമാറി. "ആപ് കാ നാം ക്യാ ഹെ? ആപ് ജൽദി സേ ഹം സേ മിൽനേ ആ ജാവോ" ബക്രീദല്ലേ, വരുമ്പോൾ കാൽ കിലോഗ്രാം ആട്ടിൻ കരൾ കൂടി വാങ്ങിക്കോ,  ലാലു ഡ്രൈവറോട് ആവശ്യപ്പെട്ടു. ഫോൺ കട്ട് ചെയ്തതിന് ശേഷം പുറത്ത് കാത്തുനിൽക്കുന്ന നേതാക്കളോട് കുറച്ചുദിവസം കഴി‌ഞ്ഞ് വരാൻ പറയാൻ ഭോല യാദവിനോട് നിർദ്ദേശിച്ചു. ശേഷം താഴത്തെ നിലയിൽ പോയി ഡ്രൈവറെ കൂട്ടിക്കൊണ്ടുവരണമെന്നും. അര മണിക്കൂറിന് ശേഷം തൂവാലയിൽ പൊതിഞ്ഞ ഒരു പൊതിക്കെട്ടുമായി അൻസാരി കയറിവന്നു. അയാൾ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു.

"കരയാതിരിക്കൂ... ലക്ഷ്മണിന്‍റെ കൂടെ ചെല്ലൂ. (ലക്ഷ്മൺ ലാലുവിന്‍റെ മറ്റൊരു സഹായിയാണ്) കടുകെണ്ണയും വെളുത്തുള്ളിയും പച്ചമുളകും കുരുമുളകും ഉപ്പുമെല്ലാം ചേർത്ത് ആട്ടിൻ കരൾ പാകം ചെയ്തു കൊണ്ടുവാ.. നമ്മളിന്ന് ഒരു പാത്രത്തിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്" ലാലു അൻസാരിയോട് പറഞ്ഞു.

ആശുപത്രി മുറിയോട് ചേർന്നുള്ള അടുക്കളയിലേക്ക് ലക്ഷ്മണിനെ അൻസാരി അനുഗമിച്ചു. ആശുപത്രി അധികൃതർ ലാലുവിനായി തയ്യാറാക്കിയ പ്രത്യേക സൗകര്യമായിരിക്കാം ആ അടുക്കള. കുറച്ചുകഴിഞ്ഞ് പാകം ചെയ്ത ആട്ടിൻ കരൾ ഒരു പാത്രത്തിലാക്കി അൻസാരിയും ലക്ഷ്ണണും തിരിച്ചത്തി. കട്ടിലിൽ എഴുന്നേറ്റിരുന്ന് അൻസാരിയോട് കരൾ കറി ലാലു വിളമ്പാൻ ആവശ്യപ്പെട്ടു. 

"ഹുസൂർ! ആപ് കെ പ്ലേറ്റ് മേം കൈസേ ഖാവൂം? മേം ഗരീബ് ആദ്മി ഹും. ആട്ടോറിക്ഷാ ചലാതാ ഹും അപ് സേ മിൽ ലിയസ മുഝേ സബ് കുഛ് മിൽ ഗയാ" (ഞാനെങ്ങനെ അങ്ങയുടെ പാത്രത്തിൽ നിന്ന് പങ്കിട്ട് കഴിക്കും? ഞാൻ ദരിദ്രനായ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അങ്ങയെ കണ്ടത് തന്നെ ധാരാളം) തൊഴുകൈകളോടെ അൻസാരി പറഞ്ഞു.

സ്നേഹത്തോടെ ലാലു അൻസാരിയെ ശകാരിച്ചു. "ചുപ്‍ചാപ് ആകർ സാത് മേ ഖാവോ , നഹി തോ ദോ തപ്പഡ് മാരൂംഗാ.." (മര്യാദക്ക് നാവടക്കി വന്നിരുന്ന് കഴിക്ക്, ഇല്ലെങ്കിൽ കവിളത്തിട്ട് ഞാൻ രണ്ടെണ്ണം തരും.) വിനീതനായി അൻസാരി അടുത്തുവന്നിരുന്ന് ലാലുവിനൊപ്പം ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞങ്ങളത് നോക്കി നിൽക്കുകയായിരുന്നു, പെട്ടെന്ന് ഒരു നഴ്സ്  ഓടിയെത്തി നിലവിളിക്കുംപോലെ ചോദിച്ചു , "അയ്യോ, മാംസമാണോ ഈ കഴിക്കുന്നത്? മാംസം കഴിക്കരുതെന്ന് ഡോക്ടർമാർ കണിശമായി പറഞ്ഞിട്ടില്ലേ?"

ലാലു ചിരിച്ചുകൊണ്ട് പറഞ്ഞു, "ഡോക്ടർ സാഹിബിന് വലിയ പരിചയമില്ലാത്തതുകൊണ്ടാണ്. അൻസാരി കൊണ്ടുവന്ന മാംസത്തിന് ഈ ആശുപത്രിയിലെ എല്ലാ മരുന്നുകളേക്കാളും ഗുണമുണ്ട്. അത് ബലിപെരുന്നാൾ ദിവസത്തെ ദിവ്യമായ മാംസമാണ്"

എന്നിട്ട് ഞങ്ങളെ നോക്കി ലാലു പറഞ്ഞു. "പാവങ്ങളോട് എനിക്കത്രയ്ക്ക് ഇഷ്ടമാണ്. ഇതിൽക്കൂടുതൽ എനിക്കെന്താ വേണ്ടത്? രോഗങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചുമൊന്നും ഞാൻ ചിന്തിക്കുന്നില്ല, ജീവിതം ദൈവത്തിന്‍റെ കയ്യിലാണ്" എന്നിട്ട് ഓട്ടോറിക്ഷാ ഡ്രൈവറോട് പറഞ്ഞു "അൻസാരി പൊയ്ക്കോളൂ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്‍റെ അടുക്കലേക്ക് വരാൻ മടിക്കണ്ട." സന്തോഷാതിരേകം കണ്ണുനിറഞ്ഞ് അൻസാരി പറഞ്ഞു, "യാ അള്ളാ, ലാലുജി കോ ആബാദ് രഖ്"

ഓട്ടോ ഡ്രൈവർ യാത്ര പറഞ്ഞിറങ്ങിയ ശേഷം ലാലു ഞങ്ങളോട് പറഞ്ഞു, "എട്ടുമണിയായി. കരൾ കറി നിങ്ങൾക്ക് അഞ്ചാറുപേർക്ക് കൂടി തരാനില്ല. ഹോട്ടലിൽ പോയി നല്ല എന്തെങ്കിലും ഭക്ഷണവും പാനീയങ്ങളും കഴിക്കൂ.." ബിഹാർ മേ തോ ഷരാബ് ബന്ദി ഹേ..

(പരിഭാഷ: സുജിത് ചന്ദ്രന്‍)