ഈ തലയോട്ടിക്ക്  15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്നാണ്  ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 162 കോടി ഇന്ത്യന്‍ രൂപ.

76 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ തലയോട്ടി അടുത്ത മാസം ലേലത്തിനെത്തും. ടൈറനോസോറസ് റെക്സിന്റെ ഫോസിലൈസ് ചെയ്ത തലയോട്ടിയാണ് ഡിസംബര്‍ 9 -ന് ന്യൂയോര്‍ക്കില്‍ തല്‍സമയ ലേലം ചെയ്യുക. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടികളില്‍ ഒന്നാണ് ഇത്. ലേലത്തില്‍ ഈ തലയോട്ടിക്ക് 15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്നാണ് ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 162 കോടി ഇന്ത്യന്‍ രൂപ.

സൗത്ത് ഡക്കോട്ടയിലെ ഹാര്‍ഡിംഗ് കൗണ്ടിയിലെ ഹെല്‍ ക്രീക്ക് ഫോര്‍മേഷനിലെ സ്വകാര്യ ഭൂമിയില്‍ നിന്നാണ് ഫോസില്‍ ഗവേഷകര്‍ ഈ തലയോട്ടി കണ്ടെത്തിയത്. 

ഇതിനുമുമ്പും ദിനോസറുകളുടെ തലയോട്ടികള്‍ ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തെ ദിനോസര്‍ തലയോട്ടി ലേലം നടന്നത് 1997-ല്‍ ആണ് . സ്യൂ എന്ന് വിളിക്കപ്പെടുന്ന ആ തലയോട്ടി അന്ന് ലേലം ചെയ്തത് 8.3 മില്യണ്‍ ഡോളറിന് ആണ്. 2020-ലും സമാനമായ രീതിയില്‍ ഒരു ദിനോസര്‍ തലയോട്ടി ലേലം നടന്നിട്ടുണ്ട്. സ്റ്റാന്‍ എന്നെ വിളിക്കപ്പെട്ടിരുന്ന ആ തലയോട്ടി വില്‍ക്കപ്പെട്ടത് 31.8 മില്യണ്‍ ഡോളറിനാണ്.


ഒരു ഇരുമ്പ് പീഠവും അതില്‍ ഘടിപ്പിച്ചിരിക്കുന്ന 200 പൗണ്ട് ഭാരവും 6 അടി 7.5 ഇഞ്ച് ഉയരവുമുള്ള തലയോട്ടിയാണ് ലേലത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് ലഭിക്കുക. ഈ തലയോട്ടിയുടെ എല്ലാ അസ്ഥികളും ഒരൊറ്റ ടി. റെക്സില്‍ നിന്നുള്ളതാണ് എന്നത് വളരെ അപൂര്‍വമായ ഒരു വസ്തുതയാണ്.
താടിയെല്ല് അതുപോലെ തന്നെയുണ്ട്. ഭൂരിഭാഗം ബാഹ്യ അസ്ഥികളും മുകളിലും താഴെയുമുള്ള പല പല്ലുകളും ഈ തലയോട്ടിയില്‍ ഉണ്ട്.

തലയോട്ടിയില്‍ രണ്ട് വലിയ ദ്വാരങ്ങളുണ്ട്, ഇത് മറ്റൊരു ദിനോസറുമായി യുദ്ധം ചെയ്തതിന്റെ സൂചനയാണെന്ന് കരുതുന്നു. മിക്കവാറും മറ്റൊരു ടി. റെക്‌സുമായി ആയിരിക്കാം ആക്രമണത്തില്‍ ഏര്‍പ്പെട്ടത്. ജീവിയുടെ മരണകാരണം എന്താണെന്ന് വിദഗ്ധര്‍ക്ക് ഉറപ്പില്ല . ഇത് ഒരു തലയോട്ടി മാത്രമാണെന്നും പൂര്‍ണ്ണമായ അസ്ഥികൂടമല്ല എന്നതും ഈ ലേലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.