ദിനോസറിന്റെ ഫോസിൽ അസ്ഥികളിലുള്ള ഡിഎൻഎയുടെ ശകലങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് ഒരു സമ്പൂർണ്ണ ദിനോസറിനെ  ഉണ്ടാക്കാൻ കഴിയില്ലെന്ന് പ്രൊഫസർ പറയുന്നു.

ദിനോസറുകൾ പണ്ടുമുതലേ ഗവേഷകർക്ക് താല്പര്യമുള്ള വിഷയമാണ്. ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ പുറത്തിങ്ങിയതിന് ശേഷം ജനങ്ങൾക്കിടയിലും ദിനോസറുകളെ കുറിച്ചറിയാൻ വലിയ ആകാംക്ഷയാണ്. ഭൂമിയിൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെ വീണ്ടും പുനഃസൃഷ്ടിക്കാനുളള പരിശ്രമത്തിലാണ് ഇപ്പോൾ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. എന്നാൽ, സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ജനിതക ക്ലോണിംഗ് രീതി പ്രായോഗികതയിൽ നിന്ന് വളരെ അകലെയായിരുന്നു. കാരണം ഡിഎൻഎകൾക്ക് അത്രയും കാലം നിലനിൽക്കാനാവില്ല. ഏഴ് ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഈ ഇഴകൾ തകരുന്നു, ഇത് അവരുടെ ഡിഎൻഎ ക്ലോണിംഗ് അസാധ്യമാക്കുന്നു.

ഒരു ഛിന്നഗ്രഹം ഭൂമിയിൽ വന്നു പതിച്ചതിനുശേഷമാണ് ഈ ജീവികൾ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഇനി ഒരിക്കലും അവയെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ശാസ്ത്രം കരുതിയിരുന്നത്. എന്നാൽ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പാലിയന്റോളജി പ്രൊഫസർ വില്യം ഓസിച്ച് പറയുന്നത്. ഫോസിൽ അസ്ഥികളിൽ കാണപ്പെടുന്ന ഡിഎൻഎ ഉപയോഗിക്കുന്നതിനുപകരം, ദിനോസറുകളുടെ ആധുനിക ബന്ധുക്കളായ പക്ഷികളുടെ ഡിഎൻഎ ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുമെന്ന് പ്രൊഫസർ വില്യം വിശ്വസിക്കുന്നു.

ദിനോസറുകളുടെ ഇന്ന് നിലനിൽക്കുന്ന ഒരേയൊരു പിൻഗാമിയാണ് പക്ഷികൾ. മാംസം ഭക്ഷിക്കുന്ന ദിനോസർ കുടുംബത്തിൽ നിന്നാണ് അവ പരിണമിച്ചത്. പ്രൊഫസർ വില്യം പറയുന്നതനുസരിച്ച്, പക്ഷികളുടെ ജനിതകഘടനയിൽ അന്നത്തെ ഡിഎൻഎയുടെ അവശേഷിപ്പുകൾ ഉണ്ടായിരിക്കാം. 2018 -ലെ ഒരു പഠനത്തെ പിന്തുണച്ചാണ് അവർ ഈ നിഗമനത്തിൽ എത്തിയത്. ദിനോസർ ഡിഎൻഎയുടെ രൂപം പക്ഷികളിലും ആമകളിലും കണ്ടേക്കാമെന്ന് ആ പഠനം പറയുന്നു. കാരണം ആ പഠനത്തിൽ, ദിനോസറിന്റെ ഒരു ഇനമായ ടൈറനോസോറസ് റെക്സും ആധുനിക കാലത്തെ ഒട്ടകപ്പക്ഷിയും തമ്മിൽ സമാനതകൾ കണ്ടെത്തിയിരുന്നു.

ദിനോസറിന്റെ ഫോസിൽ അസ്ഥികളിലുള്ള ഡിഎൻഎയുടെ ശകലങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് ഒരു സമ്പൂർണ്ണ ദിനോസറിനെ ഉണ്ടാക്കാൻ കഴിയില്ലെന്ന് പ്രൊഫസർ പറയുന്നു. “പകരം, ആധുനിക പക്ഷികളിൽ കാണപ്പെടുന്ന ഡിഎൻഎയുടെ ശകലങ്ങളുമായി അവ കൂട്ടിച്ചേർക്കേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അപ്പോഴും ആ ജീവിയെ ഒരു യഥാർത്ഥ ദിനോസർ എന്ന് വിളിക്കാൻ കഴിയില്ല. പകരം, ഇത് പക്ഷികളുടെയും ഉരഗങ്ങളുടെയും ജനിതക ഘടനയിൽ നിന്ന് ഉണ്ടാകുന്ന ഒരു സങ്കര ജീവിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

(ചിത്രം പ്രതീകാത്മകം)