പഠനത്തിൽ ഉൾപ്പെട്ട മധ്യവയസ്കരായ പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച്, സാമൂഹ്യബന്ധങ്ങൾ കുറവാണ്. അതിനാൽ അവർ കൂടുതലും ഏകാന്തജീവിതം നയിക്കുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാർ തങ്ങളെത്തന്നെ പരിപാലിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറെ സമീപിക്കാൻ വിമുഖത കാണിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. 

വിവാഹമോചനവും(Divorce), ഒറ്റയ്ക്ക് താമസിക്കുന്നതും മധ്യവയസ്കരായ പുരുഷന്മാരുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം. ഇത് നേരത്തെയുള്ള മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനം പറയുന്നു. ദ ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തി(Journal of Epidemiology and Community Health)ൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ഒന്നിലധികം വേർപിരിയലുകൾ അനുഭവിച്ചിട്ടുള്ള അല്ലെങ്കിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ പുരുഷന്മാർക്ക് ശരീരത്തിൽ വീക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ താറുമാറാക്കുമെന്നും, രോഗത്തിന്റെയും മരണത്തിന്റെയും സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ വാദിക്കുന്നു.

48 -നും 62 -നും ഇടയിൽ പ്രായമുള്ള 4,800 -ലധികം ആളുകളിലാണ് പഠനം നടത്തിയത്. അവർ 1986 -നും 2011-നും ഇടയിൽ വിവാഹമോചനങ്ങളും ബന്ധങ്ങളുടെ തകർച്ചയും നേരിട്ടവരാണ്. അവർ എത്രകാലം ഒറ്റയ്ക്ക് ജീവിച്ചു എന്നതും, അത് മൂലമുണ്ടായ ശാരീരിക മാറ്റങ്ങളുമാണ് പഠനവിധേയമാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്നത് മൂലമുണ്ടാകുന്ന സമ്മർദ്ദം നേരത്തെയുള്ള മരണം, ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, ഡിമെൻഷ്യ എന്നിവയ്ക്ക് കാരണമാകുന്നു. അതേസമയം, ഒന്നിലധികം ബന്ധങ്ങളുടെ തകർച്ച അനുഭവിച്ച അല്ലെങ്കിൽ വളരെക്കാലം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളിൽ ഈ പ്രശ്‍നങ്ങൾ അധികം കണ്ടുവരുന്നില്ലെന്നും പഠനം പറയുന്നു.

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ മധ്യവയസ്‌കരായ സ്ത്രീകൾക്ക് വൈകാരിക പിന്തുണ നൽകുന്ന സുഹൃത്തുക്കൾ കൂടുതലായിരിക്കും. ഈ സൗഹൃദങ്ങൾ അവരുടെ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. വിവാഹമോചനത്തിന് ശേഷം കൂടുതൽ അനാരോഗ്യകരമായി ജീവിച്ചേക്കാവുന്ന പുരുഷന്മാരുടെ രക്തത്തിൽ വീക്കത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് 17 ശതമാനം കൂടുതലാണ്. "അതിനൊരു കാരണം പുരുഷന്മാർ അവരുടെ സ്ത്രീ പങ്കാളികളെ കൂടുതലായി ആശ്രയിക്കുന്നു. അതിനാൽ പങ്കാളികളെ നഷ്ടപ്പെട്ടാൽ പുരുഷന്മാർ കൂടുതൽ ദുർബലരാകുന്നു" പഠനത്തിന്റെ ഭാഗമായിരുന്ന കോപ്പൻഹേഗൻ സർവകലാശാലയിലെ പ്രൊഫസർ റിക്കെ ലണ്ട് പറഞ്ഞു.

പഠനത്തിൽ ഉൾപ്പെട്ട മധ്യവയസ്കരായ പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച്, സാമൂഹ്യബന്ധങ്ങൾ കുറവാണ്. അതിനാൽ അവർ കൂടുതലും ഏകാന്തജീവിതം നയിക്കുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാർ തങ്ങളെത്തന്നെ പരിപാലിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറെ സമീപിക്കാൻ വിമുഖത കാണിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. വിവാഹമോചനം ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവമാണെന്നും, മാനസികാരോഗ്യം, ഹൃദയസംബന്ധമായ അസുഖങ്ങൾ, നേരത്തെയുള്ള മരണം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.

കുറഞ്ഞ വിദ്യാഭ്യാസം, അമിതവണ്ണം, മരുന്നുകൾ, അസുഖങ്ങൾ എന്നിവയുൾപ്പെടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പോലും, ബ്രേക്ക്-അപ്പുകൾക്കും, ഒറ്റക്കുള്ള താമസത്തിനും അനാരോഗ്യവുമായി ബന്ധമുണ്ടെന്നത് നിഷേധിക്കാൻ സാധിക്കില്ല. പുരുഷന്മാർക്ക് സമ്മർദ്ദം വരുമ്പോൾ അമിതമായ മദ്യപാനം, പുകവലി പോലുള്ള മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. എന്നാൽ, സ്ത്രീകൾ അവരുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ദോഷഫലങ്ങൾ കുറയുന്നുവെന്ന് പഠന രചയിതാക്കൾ പറയുന്നു. വിവാഹമോചനം അല്ലെങ്കിൽ വേർപിരിയലിന് ശേഷം സ്ത്രീകൾക്ക് സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുന്നു. ഇത് അവരുടെ സമ്മർദ്ദത്തിന്റെ ആഘാതം കുറക്കുന്നു. അതുകൊണ്ട് തന്നെ, ആളുകൾ അവരുടെ വിഷമങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്നും, ഇത് ആരോഗ്യത്തിന് വളരെ അനിവാര്യമാണെന്നും പഠനം കൂട്ടിച്ചേർത്തു.