പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും മാസാന്ത്യത്തിൽ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു യുവാവിന്റെ ബജറ്റ് കണക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉയർന്ന ജീവിതശൈലിയും അനാവശ്യ ചെലവുകളുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ചിലരെഴുതി.

മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന സാമാന്യ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് ഒരു യുവ ഉദ്യോഗസ്ഥന്‍റെ അനുഭവക്കുറിപ്പ്. പ്രതിമാസം 1.3 ലക്ഷം രൂപ കൈയ്യിൽ കിട്ടിയിട്ടും മാസാന്ത്യത്തിൽ ബാക്കിവെക്കാൻ പണമില്ലാതെ വലയുന്ന ഇദ്ദേഹത്തിന്‍റെ ബജറ്റ് കണക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

"ചെറുപ്പത്തിൽ പ്രതിമാസം 1.3 ലക്ഷം രൂപ എന്നത് എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയായിരുന്നു. ഇത്രയും തുക സമ്പാദിച്ചാൽ പിന്നെ പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലെന്ന് ഞാൻ കരുതുകയും ചെയ്തു. എന്നാൽ, ഇന്ന് ആ പണം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല," - യുവാവ് പോസ്റ്റിൽ കുറിച്ചു.

യുവാവിന്‍റെ പ്രതിമാസ ബജറ്റ് കണക്കുകൾ ഇങ്ങനെ:

തന്‍റെ വരുമാനത്തിൽ നിന്ന് ഓരോ മാസവും ഉണ്ടാകുന്ന വിവിധ ചെലവുകളുടെ കൃത്യമായ കണക്കും അദ്ദേഹം പുറത്തുവിട്ടു:

  • വീട്ടുവാടക: ₹30,000
  • ഇ.എം.ഐ : ₹15,000
  • കുടുംബത്തിനായുള്ള ചെലവ്: ₹12,000
  • എസ്.ഐ.പി / നിക്ഷേപങ്ങൾ: ₹10,000
  • പലവ്യഞ്ജനങ്ങൾ / ഭക്ഷണം: ₹8,000
  • യാത്രാചെലവ് / പെട്രോൾ: ₹7,000
  • കറന്‍റ്, ഇന്‍റർനെറ്റ്, ഫോൺ ബില്ലുകൾ: ₹6,000
  • ഇൻഷുറൻസ് / വൈദ്യചെലവുകൾ: ₹5,000
  • വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ: ₹5,000
  • കാരണമറിയാത്ത യു.പി.ഐ പേയ്‌മെന്റുകൾ: ₹5,000
  • പുറത്തുനിന്നുള്ള ഭക്ഷണം: ₹4,000
  • ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷനുകൾ: ₹3,000
  • മറ്റ് ചെലവുകൾ : ₹10,000

ആകെ ചെലവ്: ₹1,20,000

മുകളിൽ പറഞ്ഞ ചെലവുകൾക്ക് ശേഷം മാസാന്ത്യത്തിൽ ബാക്കിവരുന്ന 10,000 രൂപ അടിയന്തിര ആവശ്യങ്ങൾക്ക് പോലും തികയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. "ഇതിനിടയിൽ 250 രൂപയുടെ ഒരു ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോലും സാമ്പത്തികമായി അത് താങ്ങാനാകുമോയെന്ന് എനിക്ക് ചിന്തിക്കേണ്ടി വരുന്നു. വലിയ ആഡംബരങ്ങളൊന്നും എനിക്കില്ല, എന്നാൽ നൂറുകണക്കിന് ചെറിയ ചെലവുകൾ ചേർന്ന് എന്‍റെ ശമ്പളം തീർക്കുകയാണ്. സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വരുമ്പോഴാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിലെ യാഥാർത്ഥ്യം ബോധ്യപ്പെടുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപദേശങ്ങളുമായി നെറ്റിസെൺസ്

നിരവധി ആളുകളാണ് ഈ പോസ്റ്റിന് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മാസം 3,000 രൂപ സബ്‌സ്‌ക്രിപ്ഷനുകൾക്കായി ചെലവഴിക്കുന്നത് അനാവശ്യമാണെന്നും ആവശ്യത്തിനനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ ഒ.ടി.ടി ആപ്പുകൾ മാത്രം ഉപയോഗിക്കുകയാണ് വേണ്ടതെന്നും ചിലർ ഉപദേശിച്ചു.

പണം എങ്ങോട്ട് പോകുന്നെന്ന് അറിയാൻ 'സ്പെൻഡ് ട്രാക്കിംഗ്' ആപ്പുകൾ ഉപയോഗിക്കാനും, 'മറ്റ് ചെലവുകൾ' എന്ന പേരിൽ മാറ്റിവെക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കാനും മറ്റു ചിലർ നിർദ്ദേശിച്ചു. വാടക, ഇ.എം.ഐ, കുടുംബത്തിനായുള്ള തുക എന്നിവയിലൂടെ മാത്രം 57,000 രൂപയോളം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചെലവാകുന്നുണ്ട്. ഇതിനൊപ്പം മിഡിൽ ക്ലാസ് ശമ്പളത്തിൽ ഉയർന്ന ജീവിതശൈലി നയിക്കാൻ ശ്രമിക്കുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ടിന് പ്രധാന കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടി.