കഴിഞ്ഞ ദിവസം സുദർശൻ ന്യൂസ് എന്ന ഒരു ഉത്തരേന്ത്യൻ ചാനലിൽ സംപ്രേഷണം ചെയ്യാനിരുന്ന 'യുപി‌എസ്‌സി' ജിഹാദ് എന്ന പരിപാടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. 
 

 

"രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ കോടതിക്ക് തികഞ്ഞ നിഷ്ഠ തന്നെയാണുള്ളത്. പക്ഷേ, അതിന്റെ പേരും പറഞ്ഞുകൊണ്ട് ഒരു പ്രത്യേക സമുദായത്തെ മാത്രമായിങ്ങനെ ചാപ്പകുത്താൻ ശ്രമിക്കുന്നത് ആ സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന നല്ല മനുഷ്യരെ മുഖ്യധാരയിൽ നിന്ന് അകറ്റും." എന്നാണ് ബെഞ്ച് പറഞ്ഞത്. "മാധ്യമങ്ങൾക്ക് കോടതി ഒരു സന്ദേശം വളരെ വ്യക്തമായിത്തന്നെ നൽകുന്നു. ഒരു സമുദായത്തെയും നിങ്ങൾ വേട്ടയാടാൻ പാടില്ല. വൈവിധ്യപൂർണ്ണമായ സംസ്കാരങ്ങൾ തമ്മിൽ ഗാഢബന്ധം പുലർത്തുന്ന ഒരു സമൂഹം, രാഷ്ട്രം ഒക്കെയാണ് ഭാവിയിലും നമുക്ക് ഉണ്ടാവേണ്ടത്. രാഷ്ട്ര സുരക്ഷാ പരമപ്രധാനമാണ്. ശരി തന്നെ. അതേസമയം വ്യക്തികളുടെ ആത്മാഭിമാനത്തെ ഹനിക്കാനും പാടില്ല." ബെഞ്ച് തുടർന്നു. 

സുദർശൻ ന്യൂസ് എന്ന ചാനലിൽ ഓഗസ്റ്റ് 28 -ന് പ്രക്ഷേപണം ചെയ്ത ഒരു എപ്പിസോഡിൽ രാജ്യത്തെ സിവിൽ സർവീസ് ജോലികളിൽ, ഐഎഎസ് പരീക്ഷയിൽ തട്ടിപ്പു നടത്തി നിരവധി ജിഹാദികൾ ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാക്ഷേപിച്ചിരുന്നു. പ്രസ്തുത എപ്പിസോഡ് സംപ്രേഷണം ചെയ്യപ്പെട്ട ശേഷം നിരവധി സംഘടനകളും വ്യക്തികളും ഈ പരിപാടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

പരിപാടിക്കുമേൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്, ഒരു സമുദായത്തിനെതിരെ ഇങ്ങനെ പ്രകോപനപരമായ പരാമർശങ്ങൾ വരും എപ്പിസോഡുകളിൽ ഉണ്ടാവില്ല എന്ന്  ചാനൽ കോടതിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ സുദർശൻ ന്യൂസ് പരിപാടിയിന്മേൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നീക്കാനാവൂ എന്നാണ്. 

എന്നാൽ, ഐഎഎസ് പരീക്ഷയിലൂടെ ഒരു പ്രത്യേക സമുദായക്കാരെ തിരുകിക്കയറ്റാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനെപ്പറ്റിയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന വിദേശ ഫണ്ടിങ്ങിനെപ്പറ്റിയും ഒക്കെ ചാനൽ ആഴത്തിലുള്ള അന്വേഷണങ്ങൾ നടത്തി കൃത്യമായ തെളിവുകൾ ശേഖരിച്ചതിന്റെ ബലത്തിലാണ് പരിപാടിയിലെ പരാമർശങ്ങൾ വന്നതെന്നും അത് കോടതിയുടെ മുന്നിൽ തെളിയിക്കാൻ ചാനലിന് സാധിക്കുമെന്നും സുദർശൻ ന്യൂസിന് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ച അഡ്വ. ശ്യാം ദിവാൻ പറഞ്ഞു. 

"അത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതൊക്കെ അന്വേഷിച്ചുറപ്പിക്കാനുളള സ്വാതന്ത്ര്യം ഒരു മാധ്യമസ്ഥാപനം എന്ന നിലക്ക് നിങ്ങൾക്കുണ്ട് " ബെഞ്ച് പറഞ്ഞു. 

 

 

" പരിപാടിക്കകത്ത് അസദുദ്ദീൻ ഒവൈസിയെക്കുറിച്ചുള്ള പരാമർശങ്ങൾ വരുന്നിടത്ത് ആദ്യം തന്നെ കാണിക്കുന്നത് തീനാളങ്ങളാണ്. 'ഉണ്ടചോറിനു നന്ദിയില്ലാത്തവൻ' എന്നൊക്കെയുള്ള പ്രകോപനപരമായ പ്രയോഗങ്ങളും കടന്നുവരുന്നു. മുഹമ്മദ് ഇമ്രാനെ ഉദ്ധരിച്ച് പറയുന്നിടത്തും നിങ്ങൾ തീനാളങ്ങൾ കാണിക്കുന്നുണ്ട്.  അതുപോലെ 2011 മുതൽ സിവിൽ സർവീസിൽ ഉണ്ടായിട്ടുള്ള മുസ്ലിം പ്രാതിനിധ്യത്തിലെ വർദ്ധനവിനെപ്പറ്റി പറയുന്നിടത്ത്, തൊപ്പിയും, പച്ച നിറവും കാണിച്ചിടത്തും അനാവശ്യമായി നിങ്ങൾ തീനാളങ്ങൾ കാണിച്ച് പ്രകോപനമുണ്ടാകുന്നുണ്ട്. നിങ്ങളുടെ പല വാക്കുകളും ഏറെ വിഷലിപ്തമാണ്. " നിങ്ങൾക്ക് എങ്ങനെയാണ് വിദേശ ഫണ്ടിങ് കിട്ടുന്നത്, ഞങ്ങളുടെ മക്കളെ മയക്കിയെടുക്കുന്നത്, ലവ് ജിഹാദ് നടത്തുന്നത്' ഇതൊക്കെ നിങ്ങളുടെ പരിപാടിയുടെ സ്ക്രിപ്റ്റിൽ ഉള്ള വാചകങ്ങളാണ്." ബെഞ്ച് പറഞ്ഞു. ഇങ്ങനെയുള്ള വാക്കുകൾ കൊണ്ട് ഒരു സമുദായത്തെ മനഃപൂർവം ലക്ഷ്യമിടുന്നതിൽ കോടതിക്ക് ആശങ്കയുണ്ട് എന്ന്  ബെഞ്ച് അറിയിച്ചു. 

"ഇതിന്റെ പ്രശമെന്തെന്നറിയാമോ? മുസ്ലിങ്ങൾ സിവിൽ സർവീസിൽ ചേരുന്നു എന്ന് പറയുന്നിടത്തൊക്കെ നിങ്ങൾ ഐസിസിനെ കാണിക്കുന്നുണ്ട്. മുസ്ലിങ്ങൾ ഐഎഎസ് നേടി സിവിൽ സർവീസിൽ എത്തുന്നത് ഏതോ വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നാണോ നിങ്ങൾ പറയാനാഗ്രഹിക്കുന്നത്? അങ്ങനെ ഒരു സമുദായത്തെ കരിവാരിത്തേക്കുന്നത് അനുവദിക്കപ്പെടും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? " ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 

"ഞാൻ നിങ്ങളുടെ ഒരേയൊരു എപ്പിസോഡ് മാത്രമാണ് കണ്ടത്. അത് കണ്ടിരിക്കുക കുറച്ചു പ്രയാസമുള്ള പണിയാണ്. അതിലെ പച്ച നിറവും ഒപ്പം വരുന്ന തീനാളങ്ങളും ഒക്കെ നിങ്ങൾ നല്ല പോലെ മയപ്പെടുത്തേണ്ടിയിരിക്കുന്നു" ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു. 

വാർത്തകൾക്ക് കത്തിവെക്കാനോ സെൻസർ ചെയ്യാനോ ഒന്നും കോടതിക്ക് താത്പര്യമില്ല എങ്കിലും, മാധ്യമങ്ങൾ കുറേക്കൂടി മിതത്വം പാലിച്ചു കാണണം എന്ന് കോടതിക്ക് നിര്ബന്ധമുണ്ടെന്ന് ബെഞ്ച് അറിയിച്ചു. "നിങ്ങൾക്ക് സഖാബ് ഇന്ത്യ എന്ന ഫൗണ്ടേഷനെപ്പറ്റി ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം തുടരാൻ ചാനലിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിന്റെ പേരിൽ മുസ്ലിം മത്സരാർത്ഥികളെ ഒന്നടങ്കം കരിവാരിത്തേക്കുന്നത് വിദ്വേഷപ്രചാരണമാണ്." ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

"അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾ നേരിട്ട സെൻസർഷിപ്പിനെക്കുറിച്ച് കോടതിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട്, നിങ്ങളുടെ ജേർണലിസത്തിനു ഞങ്ങൾ തടയാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനവും ഒക്കെ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. എന്നാൽ, വിദ്വേഷപ്രചാരണം അനുവദിക്കാനാവുന്ന ഒന്നല്ല" ബെഞ്ച് പറഞ്ഞു.

നാഷണൽ ബ്രോഡ് കാസ്റ്റിംഗ് അസോസിയേഷൻ ഒരു പല്ലുകൊഴിഞ്ഞ സിംഹമാണെന്നും, അതിന് ചട്ടങ്ങൾ ലംഘിക്കുന്ന അംഗങ്ങൾക്കെതിരെ നടപടി എടുക്കാൻ കഴിയാത്ത സാഹചര്യമാണിന്നുള്ളത് എന്നും കോടതി നിരീക്ഷിച്ചു. സുദർശൻ ന്യൂസ് എൻബിഎ അംഗമാണ് എന്നതും കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. " നിങ്ങളുടെ പരിപാടിയിൽ വരുന്ന പരാമർശങ്ങൾ വളരെ മോശമാണ്. നിങ്ങളുടെ ചർച്ചയിൽ പങ്കെടുത്ത ഒരു കാണി, മുസ്ലിങ്ങൾക്ക് ഒബിസി സംവരണം കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞത് നിങ്ങൾ സംപ്രേഷണം ചെയ്തു. ഇതിനെയൊക്കെ എന്താണ് വിളിക്കേണ്ടത്? " ജസ്റ്റിസ് ജോസഫ് ശ്യാം ദിവാനോട് ചോദിച്ചു.

എപ്പിസോഡുകൾ സംപ്രേഷണം ചെയ്യും മുമ്പേ നിരോധിക്കുന്ന നടപടി ശരിയല്ല എന്നാണ് അഡ്വ. ദിവാൻ സുദർശൻ ന്യൂസിന് വേണ്ടി ബെഞ്ചിന് മുന്നിൽ വാദിച്ചത്. ഒരു സമുദായത്തെയും അപമാനിക്കാനോ ചാപ്പകുത്താനോ മാധ്യമസ്ഥാപനങ്ങൾക്കെന്നല്ല ആർക്കും അവകാശമില്ല എന്ന് അടിവരയിട്ടു പറയുന്നതായിരുന്നു ഈ ബെഞ്ചിന്റെ പരാമർശങ്ങൾ.  "അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമായി മാറുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണിതെന്നു പറയാതെ വയ്യ. ഇങ്ങനെ ചെയ്യുന്നത് മതത്തിന്റെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കുന്നതിനു തുല്യമാണ്" എന്നും ബെഞ്ച് നിരീക്ഷിച്ചു.