ജോലിയോടുള്ള  ആത്മാര്‍ത്ഥ പലതരത്തിലാണ് പലരും പ്രകടിപ്പിക്കാറ്. ചിലര്‍ക്ക് ശമ്പളം കിട്ടുന്നു എന്നതിനപ്പുറം ജോലിയോട് വലിയ ആത്മാര്‍ത്ഥയും കാണില്ല. എന്നാല്‍, ഈ ഗവണ്‍മെന്‍റ് ഡോക്ടര്‍ ചെയ്തത് അധികമാരും ചെയ്യാത്ത കാര്യമാണ്. പ്രസവത്തിനുശേഷം വലിയ തോതില്‍ ബ്ലീഡിങ്ങ് ഉണ്ടായി അപകടത്തിലായ ആദിവാസി സ്ത്രീയേയും അവരുടെ ഇരട്ടക്കുട്ടികളേയും ഡോളിയിലാണ് ഈ ഡോക്ടര്‍ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള റോഡിലെത്തിച്ചത്. പാല്‍വഞ്ച മണ്ടലിലെ റല്ല ചെല്ലുക എന്ന ഗ്രാമത്തിലാണ് സംഭവം. 

ഡോ. എല്‍ രാംബാബു സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ്. സുക്കി എന്ന ഇരുപത്തിരണ്ടുകാരിയെയും അവരുടെ ഇരട്ടക്കുട്ടികളെയുമാണ് ഡോക്ടര്‍ രാംബാബു അടുത്തുള്ള വാഹന ഗതാഗതയോഗ്യമായ റോഡിനരികില്‍ ഡോളിയില്‍ ചുമന്ന് എത്തിച്ചത്. ഇത് അഞ്ച് കിലോമീറ്റര്‍ അപ്പുറമാണ്. സുക്കിയുടെ കുടുംബവും ഡോക്ടറുടെയൊപ്പമുണ്ടായിരുന്നു. റോഡില്‍ നിന്ന് 108 ആംബുലന്‍സ് വഴി അമ്മയേയും കുഞ്ഞുങ്ങളേയും ഭദ്രാചലം നഗരത്തിലെ ആശുപത്രിയിലെത്തിച്ചു. 

റല്ല ചെല്ലുകയിലേക്ക് ഡോ. രാംബാബു ചെല്ലുന്നത് ഡോ. നരേന്ദറിനൊപ്പമാണ്. ഒരു എന്‍ ജി ഒയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ഡോ. നരേന്ദര്‍. ഒരു ആദിവാസി യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചുവെന്നും കുഞ്ഞുങ്ങള്‍ക്ക് ഭാരം കുറവാണെന്നും അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ട് എന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ ഇവിടെയെത്തുന്നത്. 

സംഭവത്തെ കുറിച്ച് ഡോ. രാംബാബു പറയുന്നത് ഇങ്ങനെയാണ്, ''ഞാന്‍ ചെല്ലുമ്പോള്‍ ആ സ്ത്രീ വളരെ മോശം അവസ്ഥയിലായിരുന്നു. ബ്ലീഡിങ്ങ് ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഒരാള്‍ക്ക് രണ്ട് കിലോയും മറ്റേയാള്‍ക്ക് 1.75 കിലോയും മാത്രമായിരുന്നു ഭാരം. കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയും അവിടെ വളരെ കൂടുതലായിരുന്നു. മാത്രവുമല്ല, അവിടെവച്ച് പൊക്കിള്‍കൊടി മുറിച്ച് മാറ്റുന്നതും സുരക്ഷിതമായിരുന്നില്ല. അങ്ങനെയാണ് സ്ത്രീയുടെ വീട്ടുകാരുടെ കൂടി സഹായത്തോടെ അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. റോഡിലേക്ക് അവരെയെത്തിക്കാന്‍ ഡോളി ഉപയോഗിക്കേണ്ടി വന്നു. ഡോളിയില്‍ റോഡിലെത്തിച്ച ശേഷം അവിടെ നിന്ന് ആംബുലന്‍സില്‍ അവരെ ഭദ്രാചലത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.''

ആശുപത്രിയിലെ പരിചരണത്തിന് ശേഷം അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില മെച്ചപ്പെട്ടു. കുഞ്ഞുങ്ങളെ എന്‍ ഐ സി യു (Neonatal Intensive Care Unit)വിലേക്ക് മാറ്റി.

ഇവിടെ പല ആദിവാസി മേഖലകളിലും കൃത്യമായ റോഡുകളോ മറ്റ് സൗകര്യങ്ങളോ ഇല്ല. അതിനാല്‍ത്തന്നെ ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും അവിടെയുള്ളവര്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യും. സുക്കിയുടെ കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  നേരത്തേതന്നെ, ഇവിടെ ഫീഡര്‍ ആംബുലന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് ഫീഡര്‍ ആംബുലന്‍സുകള്‍ അനുവദിക്കാനുള്ള അപേക്ഷയും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ആംബുലന്‍സുകള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ എത്തിപ്പെടാനാകാത്ത ഇടങ്ങളില്‍ സുരക്ഷിതമായി എത്തിക്കാനും  രോഗികളെ ആശുപത്രിയിലെത്തിക്കാനുമായിട്ടാണ് ഫീഡര്‍ ആംബുലന്‍സുകള്‍. ഇത് മോട്ടോര്‍സൈക്കിള്‍ രൂപത്തിലുള്ളതാണ്. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിചയസമ്പന്നരായവരായിരിക്കും ഇതുമായി ആവശ്യക്കാരുടെ എടുത്തെത്തുക -ഡോ. വിനോദ് (Administrative Officer, Office of the DM&HO, Kothagudem) പറയുന്നു. എന്നാല്‍, ഇവ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. എത്രയും പെട്ടെന്ന് അനുവദിക്കപ്പെടുമെന്നാണ് ഡോ. വിനോദ് അടക്കമുള്ളവര്‍ പ്രതീക്ഷിക്കുന്നത്.