Asianet News MalayalamAsianet News Malayalam

രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ നമുക്ക് ഹാജരാക്കേണ്ടി വരിക ഈ രേഖകൾ

അസമിൽ NRC നടപ്പിലാക്കിയപ്പോൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത് 3 കോടി പേരോടാണെങ്കിൽ, രാജ്യവ്യാപകമായി അതിനു മുതിർന്നാൽ രേഖകൾ ഹാജരാക്കേണ്ടി വരിക 137 കോടി പൗരന്മാർക്കായിരിക്കും

Documents needed in case NRC goes nation wide
Author
Delhi, First Published Dec 21, 2019, 12:31 PM IST

നവംബർ 21 -ന് രാജ്യസഭയിൽ നടത്തിയ തന്റെ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ (NRC) രാജ്യവ്യാപകമായി നടപ്പിൽ വരുത്തും. അതുവരെ 'അസമിലെ എന്തോ പ്രശ്നം' മാത്രമായിരുന്ന NRC അതോടെ നാട്ടിൽ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായി മാറി. അപ്പോൾ ഏറെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. അഥവാ നാളെ നമ്മുടെ സംസ്ഥാനത്തും NRC നടപ്പിൽ വന്നാൽ എന്തൊക്കെ രേഖകളാണ് നമുക്ക് നമ്മുടെ പൗരത്വം തെളിയിക്കാൻ ഹാജരാക്കേണ്ടി വരിക ?  

സെൻസസ് എന്നത് പത്തുവർഷം കൂടുമ്പോൾ നമ്മുടെയൊക്കെ വീടുകളിലേക്ക് വിരുന്നെത്തുമായിരുന്ന ഒരു സംഗതിയാണ്. അധ്യാപകരാണ് ആ ഡ്യൂട്ടിക്ക് പലപ്പോഴും നിയോഗിക്കപ്പെടാറുള്ളത്. അവരിങ്ങനെ നടന്നു നടന്ന് നമ്മുടെ വീട്ടിലെത്തുന്ന നേരത്ത് നമ്മൾ അവിടെയുണ്ടെങ്കിൽ അവർ നമ്മളോട് പേരുവിവരവും വയസ്സും മറ്റും ചോദിച്ചറിയും. അവർ തന്നെ കൊണ്ടുവരുന്ന ഫോമിൽ നമ്മുടെ റേഷൻകാർഡും മറ്റും നോക്കി അവർ വിവരങ്ങൾ ചേർക്കും. അഥവാ അന്നേദിവസം നമ്മൾ വല്ല കല്യാണത്തിനോ മരണത്തിനോ പോയിട്ടുണ്ടെങ്കിൽ, നമ്മൾ ശതകോടി കഴിഞ്ഞു പോയ ഇന്ത്യൻ ജനസംഖ്യയുടെ കണക്കിൽ പെടില്ല. അത്രമാത്രം. എന്നാൽ, NRC- യുടെ കാര്യം അങ്ങനല്ല. അതിൽ ഉൾപ്പെടണമെങ്കിൽ നമ്മൾ അങ്ങോട്ട് ചെന്ന് അപേക്ഷിച്ചേ പറ്റൂ. 

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാനക്കാർ സ്ഥിരതാമസക്കാരായി ഉണ്ട്. അവരിൽ പലരുടെയും പേരിൽ വസ്തുവകകളുമുണ്ട്. അവരെ എവിടെയാണ് NRC -ക്ക് കണക്കിൽ കൂട്ടുക എന്ന കാര്യം വ്യക്തമല്ല. പല സംസ്ഥാനങ്ങൾക്ക് പല പ്രക്രിയകളാണോ എന്നതും സംശയാസ്പദമാണ് ഇപ്പോൾ. 

തല്ക്കാലം നമ്മുടെ മുന്നിലുള്ളത് അസമിലെ NRC -ക്ക് അവർ സ്വീകരിച്ച മാനദണ്ഡങ്ങളാണ്. ആ പ്രക്രിയയ്ക്ക് അവർ ആശ്രയിച്ചത് സംസ്ഥാനം മുഴുവൻ സ്ഥാപിച്ച NRC സേവാ കേന്ദ്രങ്ങളെയാണ്. അവിടെ ലിസ്റ്റ് A യിൽ പെട്ട പതിനാലു രേഖകളിൽ ഏതെങ്കിലും ഒന്നു മതിയായിരുന്നു. 

1. 1951 ലെ NRC യിലെ അംഗത്വം 
2. 1971  മാർച്ച് 24 അർധരാത്രി വരെയുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്  
3. ഭൂരേഖകൾ, വാടകച്ചീട്ടുകൾ 
4. പൗരത്വ സർട്ടിഫിക്കറ്റ് 
5. പെർമനന്റ് റെസിഡൻസ് സർട്ടിഫിക്കറ്റ് 
6. റെഫ്യൂജി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 
7. സർക്കാർ അംഗീകൃത ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് 
8. സർക്കാർ ജോലിയിലാണ് എന്നതിനുള്ള തെളിവായ ഏതെങ്കിലും രേഖ Government service/ employment certificate
9. ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് പാസ് ബുക്ക് 
10. ജനന സർട്ടിഫിക്കറ്റ് 
11. പത്താംക്ലാസ്, പ്ലസ് റ്റു, ഡിഗ്രി സർട്ടിഫിക്കറ്റ് 
12. കോടതി രേഖകൾ 
13. പാസ്പോർട്ട് 
14. LIC പോളിസി 

അസമിൽ ബംഗ്ലാദേശിന് സ്വാതന്ത്ര്യം കിട്ടിയ വർഷമായി 1971 ആണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം. അതിനു ശേഷമുള്ളവർ ചെയ്യേണ്ടത് അവരുടെ പൂർവികർ അതിനു മുമ്പേ അവിടെ ജീവിച്ചിരുന്നവരായിരുന്നു എന്നാണ്. ഒപ്പം, ആ പൂർവികനുമായുള്ള തന്റെ ബന്ധം തെളിയിക്കുകയും.  അങ്ങനെ ബന്ധം സ്ഥാപിക്കാൻ അവർക്ക് താഴെ പറയുന്ന 8 രേഖകളിൽ ഏതെങ്കിലും ഹാജരാക്കാം. 

1. ജനന സർട്ടിഫിക്കറ്റ് 
2. ഭൂമിയുടെ രേഖ 
3. ബോർഡ്/യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് 
4. ബാങ്ക് എൽഐസി പോസ്റ്റ് ഓഫീസ് രേഖകൾ 

5. സർക്കിൾ ഓഫീസർ അല്ലെങ്കിൽ ഗ്രാമപഞ്ചായത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്(വിവാഹിതയാണെങ്കിൽ)
6. തെരഞ്ഞെടുപ്പ് ഐഡി കാർഡ് 
7. റേഷൻ കാർഡ് 
8. നിയമപ്രകാരം അംഗീകൃതമായ മറ്റേതെങ്കിലും രേഖ 

മറ്റുള്ള പ്രദേശങ്ങളിലേക്ക് വിവാഹിതരായി പോകുന്ന സ്ത്രീകൾക്ക് ബന്ധം തെളിയിക്കാൻ മേൽപ്പറഞ്ഞ രേഖകൾ ഒന്നുമില്ലെങ്കിൽ ഹാജരാക്കാവുന്ന രണ്ടു രേഖകളുണ്ട് 

1.സർക്കിൾ ഓഫീസർ അല്ലെങ്കിൽ ഗ്രാമപഞ്ചായത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്. അതിന് 1971 എന്ന ഡെഡ് ലൈൻ ബാധകമല്ല. 
2. 1971 നു മുമ്പ് നൽകപ്പെട്ട റേഷൻ കാർഡ്. 

അസമിനെ സംബന്ധിച്ചിടത്തോളം അവർ ഡെഡ് ലൈൻ തീരുമാനിച്ചത് 1955 ലെ പൗരത്വ നിയമത്തിന്റെ 6A വകുപ്പിൽ പറഞ്ഞിരിക്കും പടിയാണ്. അഖിലേന്ത്യാ തലത്തിൽ NRC നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ അതിനെ 1987 തൊട്ടിങ്ങോട്ട് നടത്തപ്പെട്ടിട്ടുള്ള പല ഭേദഗതികളും സ്വാധീനിക്കും.  എല്ലാ ഭേദഗതികളും പരിഗണിച്ചാൽ നിലവിലെ പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരന്മാരാകുക, 

A)  1950 ജനുവരി 26 -നോ അതിനു ശേഷമോ, എന്നാൽ 1987  ജൂലൈ ഒന്നിന് മുമ്പായി ഇന്ത്യയിൽ ജനിച്ചവർ  
B) 1987 ജൂലൈ ഒന്നിനും 2003 ലെ പൗരത്വ ഭേദഗതിക്കുമിടയിൽ ഇന്ത്യയിൽ ജനിച്ചവരും, ജനനസമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരൻ ആയിട്ടുള്ളവരും 
C) 2003 ലെ ഭേദഗതിക്ക് ശേഷം ജനിച്ചവരിൽ, ഒന്നുകിൽ മാതാപിതാക്കൾ ഇരുവരും ഇന്ത്യൻ പൗരന്മാർ ആയിട്ടുള്ളവരും, അല്ലെങ്കിൽ രണ്ടിലൊരാൾ ഇന്ത്യൻ പൗരനും, രണ്ടാമത്തെയാൾ ജനനസമയത്ത് ഇന്ത്യയിൽ നിയമവിധേയമായി കഴിയുന്ന വ്യക്തിയും ആയിട്ടുള്ളവർ, എന്നിവരാകും.

ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിശദീകരണം ഒരു ട്വീറ്റ് ആണ്. 

Documents needed in case NRC goes nation wide

അതിൽ പറയുന്നത് ഇപ്രകാരമാണ് 
ഇന്ത്യൻ പൗരത്വം ജനനതീയതിയോ ജനന സമയമോ രണ്ടുമോ തെളിയിക്കുന്ന ഏതെങ്കിലും രേഖകൊണ്ട് തെളിയിക്കാവുന്നതാണ്. നിലവിൽ തന്നെ അത്തരത്തിലുള്ള നിരവധി സർക്കാർ രേഖകളുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാൽ മതിയാകും. അതിന്റെ പേരിൽ ഇവിടെ ആരും  ശല്യം ചെയ്യപ്പെടില്ല.

നിരക്ഷരരായ പൗരന്മാരെക്കുറിച്ച് വിശാരീകരിക്കാൻ രണ്ടാമതൊരു ട്വീറ്റ് കൂടി ചെയ്തിട്ടുണ്ട്. 

Documents needed in case NRC goes nation wide

അതായത്, നിരക്ഷരരായ പൗരന്മാരെക്കുറിച്ച് വിശാരീകരിക്കാൻ രണ്ടാമതൊരു ട്വീറ്റ് കൂടി ചെയ്തിട്ടുണ്ട്. അതിൽ പറയുന്നത്, പാവപ്പെട്ട, നിരക്ഷരരായ പൗരന്മാർക്ക് സ്വന്തമായി രേഖകൾ ഒന്നും ഹാജരാക്കാനില്ലെങ്കിൽ, അവർക്ക് അവർ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് തദ്ദേശീയമായ രേഖകൾ സമർപ്പിക്കാം. അതുസംബന്ധിച്ച വിശദമായ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുന്നതാണ്.   

അസമിൽ എന്നപോലെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ കഴിയുന്ന പൗരന്മാരിലും ഇങ്ങനെ ഒരു നടപടിയുണ്ടാകുമ്പോൾ, അതായത് രേഖകൾ നൽകിയില്ലെങ്കിൽ പുറത്താക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ അത് ബാധിക്കുക പാവപ്പെട്ടവരെയും, അക്ഷരാഭ്യാസം ഇല്ലാത്തവരെയും, സ്ത്രീകളെയും, വിഭജന സമയത്ത് രേഖകളൊന്നുമില്ലാതെ അപ്പുറമിപ്പുറം കടന്നു പോന്നവരെയുമാകും. അസമിൽ NRC നടപ്പിലാക്കിയപ്പോൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത് 3 കോടി പേരോടാണെങ്കിൽ, രാജ്യവ്യാപകമായി അതിനു മുതിർന്നാൽ രേഖകൾ ഹാജരാക്കേണ്ടി വരിക 137 കോടി പൗരന്മാർക്കായിരിക്കും. 

Follow Us:
Download App:
  • android
  • ios