''ആത്മഹത്യ ചെയ്ത ക്ലാര്‍ക്കിന്റെ പ്രേതം, രേഖകള്‍ സൂക്ഷിച്ച മുറിയില്‍ അലഞ്ഞു തിരിയുന്നതിനാല്‍, താങ്കള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ കഴിയില്ല.''

ഭോപ്പാല്‍: ''ആത്മഹത്യ ചെയ്ത ക്ലാര്‍ക്കിന്റെ പ്രേതം, രേഖകള്‍ സൂക്ഷിച്ച മുറിയില്‍ അലഞ്ഞു തിരിയുന്നതിനാല്‍, താങ്കള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ കഴിയില്ല.''

വിചിത്രമായ ഈ മറുപടി, ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ഒരു മെഡിക്കല്‍ കോളജിന്‍േറതാണ്. വിവാദമായ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഒരു രേഖ ആവശ്യപ്പെട്ട ആര്‍ ടി ഐ ആക്ടിവിസ്റ്റിനാണ് ഗ്വാളിയോറിലെ ഗജ്‌ര രാജ മെഡിക്കല്‍ കോളജ് ഈ മറുപടി നല്‍കിയത്. മൂന്ന് വര്‍ഷമായി ഈ രേഖയ്ക്കായി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് പിന്നാലെ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകനായ പങ്കജ് ജെയിനിനാണ് പ്രേതബാധ കാരണം രേഖ തരാനാവില്ലെന്ന് മറുപടി ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവരാവകാശ രേഖ ആവശ്യപ്പെട്ടതിന് കിട്ടുന്ന വിചിത്രമായ ആദ്യ മറുപടി അല്ല ഇതെന്ന് ജെയിന്‍ പറയുന്നു. ''ആദ്യമവര്‍ പറഞ്ഞത്, അന്വേഷണത്തിന്റെ ഭാഗമായി രേഖകളെല്ലാം സിബിഐ എടുത്തുകൊണ്ടുപോയെന്നാണ്. പിന്നെ പറഞ്ഞു, ബന്ധപ്പെട്ട ക്ലാര്‍ക്കിനെ സിബിഐ അറസ്റ്റ് ചെയ്തു എന്ന്. ആ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു എന്നാണ് അതിനു ശേഷം പറഞ്ഞത്. അതും കഴിഞ്ഞാണ്, രേഖകള്‍ സൂക്ഷിച്ച മുറിയില്‍ ക്ലാര്‍ക്കിന്റെ പ്രേതം കറങ്ങിനടക്കുന്നതിനാല്‍ ഷെല്‍ഫു തുറക്കാന്‍ കഴിയാത്തതിനാല്‍ രേഖകള്‍ തരാനാവില്ല എന്ന് മറുപടി നല്‍കിയത്.'

1994-ലെ ഇവിടത്തെ എം ബി ബി എസ്, എം എസ് നിയമനങ്ങളില്‍ വന്‍ തട്ടിപ്പ് നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് കോളജിനെതിരെ അന്വേഷണം നടന്നിരുന്നു. രേഖകള്‍ തിരിമറി നടത്തി വമ്പന്‍മാരുടെ മക്കള്‍ അനധികൃതമായി പ്രവേശനം നേടി എന്നായിരുന്നു വിവാദം. മധ്യപ്രദേശിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍, വ്യാജ രേഖകള്‍ ഹാജരാക്കി, സംസ്ഥാനത്തിനുള്ള ക്വാട്ടയിലൂടെ കയറിപ്പറ്റി എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവേശന രേഖകളാണ് ജെയിനും ഒരു പറ്റം വിവരാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. 

ഇവിടത്തെ എം ബി ബി എസ്, എം എസ് പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ കരുതുന്നത്. ജെയിനിന് മാത്രമല്ല ഈ അനുഭവം. മറ്റൊരു വിവരാവകാശ പ്രവര്‍ത്തകനും രണ്ടര വര്‍ഷമായി ഈ രേഖകള്‍ക്കു വേണ്ടി ശ്രമിക്കുന്നുണ്ട്. അതിനെല്ലാം ഒഴികഴിവുകളായിരുന്നു മറുപടി. കോളജിന്റെ യശസ്സിന് ഹാനി വരുത്തില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ വരെ ഇതിനിടയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അങ്ങനെ എഴുതി നല്‍കിയിട്ടും, ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. 

തുടര്‍ന്ന് വിവരവകാശ പ്രവര്‍ത്തകര്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമീഷനെ സമീപിച്ചു. നാലു തവവണ ഹിയറിംഗ് നടന്നു. രേഖകള്‍ നല്‍കാന്‍ കമീഷന്‍ കോളജിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ ഒരു രേഖയും നല്‍കിയിട്ടില്ല. അതിനു ശേഷമാണ്, പ്രേതബാധ കാരണമായി പറയുന്ന മറുപടി ലഭിച്ചത്. 

ഈ രേഖകള്‍ പുറത്തുവരേണ്ടത് രണ്ടു കാരണങ്ങളാല്‍ അനിവാര്യമാണ് എന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഒന്ന്, ഒരു പാട് വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരീക്ഷക്ക് പഠിക്കാന്‍ കഠിന ശ്രമം നടത്തുന്നതിനിടെ സംഭവിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ പുറത്തുവരണം. രണ്ട്, ജനങ്ങളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ യോഗത്യകള്‍ ഉറപ്പുവരുത്തപ്പെടണം. ഇക്കാര്യം പുറത്തുവരാതിരിക്കാനാണ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിചിത്രവാദവുമായി വരുന്നതെന്നാണ് ആരോപണം.

മധ്യപ്രദേശിലെ ആദ്യ മെഡിക്കല്‍ കോളജാണ് ഇത്. 1946-ല്‍ സ്ഥാപിതമായ കോളജ് ഇന്ത്യയിലെ പതിനേഴാമത്തെ മെഡിക്കല്‍ കോളജാണ്.