'ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റും, ഇപ്പോൾ സിപിഐ നേതാവുമായ കനയ്യാകുമാറിന്റെ വർധിച്ചുവരുന്ന ജനപ്രീതി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിനെ ആശങ്കപ്പെടുത്തുന്നു'- ഇങ്ങനെ സമർത്ഥിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് അന്താരാഷ്ട്ര ന്യൂസ് ഏജൻസി റോയിട്ടേഴ്‌സ് ആണ്. യുവാക്കളിലും, ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ പോകുന്നവരിലും കനയ്യാകുമാറിന്റെ ജനപ്രീതി അനുദിനം വർധിച്ചു വരുന്നു എന്നത് മോദി സർക്കാരിനെ ചിന്തയിൽ ആഴ്ത്തുന്നുണ്ട് എന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്

ജെഎൻയു എന്ന, ഇന്ത്യയുടെ ഏറ്റവും വിശിഷ്ടമായ കലാലയങ്ങളിലൊന്നിലെ സ്റ്റേജിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കിടയിൽ നിന്നുകൊണ്ട്  കനയ്യകുമാർ നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരുന്നു. "ഇന്ത്യ എന്ന സങ്കൽപം തന്നെ അപകടത്തിലായിരിക്കുകയാണ്. സർക്കാർ ബലം പ്രയോഗിക്കട്ടെ, പൊലീസിനെ കൊണ്ടുവരട്ടെ. എന്നാലും നമ്മൾ ഇതൊന്നും നടപ്പിലാക്കാൻ അനുവദിക്കില്ല..." ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം കനയ്യ തുടർന്നു, " നിങ്ങൾ പറയുന്നതും  ചെയ്യുന്നതുമൊക്കെ തെറ്റാണ് എന്ന് ഞങ്ങൾ തെളിയിക്കും, കേട്ടോ മോദീ..". തുടർന്ന് കനയ്യ കുമാർ അതേ സ്റ്റേജിൽ നിന്നുകൊണ്ട്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ 'ആസാദി' മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു. കനയ്യ ഓരോ വാചകങ്ങൾ വിളിച്ചുനിർത്തിയപ്പോഴും, വിദ്യാർഥികൾ  'ആസാദി' എന്നവാക്കുകൊണ്ട് അതിനെ പൂരിപ്പിച്ചു. 

പൗരത്വനിയമഭേദഗതി വിരുദ്ധസമരങ്ങളുടെ മുൻനിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് ബിഹാർ സ്വദേശിയായ ഈ മുപ്പത്തിമൂന്നുകാരൻ. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ക്യാമ്പസുകളിൽ നടക്കുന്ന സിഎഎ വിരുദ്ധ സമരങ്ങൾക്ക് ദേശീയതലത്തിൽ ഒരൊറ്റ നേതൃത്വമോ ഏകീകൃത സ്വഭാവമോ ഇല്ല. ഹോങ്കോങ്ങിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ നിന്ന് ഉത്തേജനം കൊണ്ടുള്ളതാണ് ഈ 'നേതാവില്ലാ' സമരങ്ങൾ എന്നും നിരീക്ഷണമുണ്ട്. ഈ സമരങ്ങളിലെ എല്ലാം പൊതു സാന്നിധ്യമെന്നത് 2016 -ലെ ജെഎൻയു സമരകാലത്ത് കനയ്യ തുടങ്ങിവെച്ച ആസാദി മുദ്രാവാക്യങ്ങളാണ്. ചെല്ലുന്നിടങ്ങളിലെല്ലാം കനയ്യ കുമാർ ആവർത്തിക്കുന്നത് നരേന്ദ്രമോദിയുടെ കഴിവുകേടിനെപ്പറ്റിയാണ്. മോദി അസത്യം പ്രചരിപ്പിക്കുന്നു എന്നാണ് കനയ്യ വിദ്യാർത്ഥികളോട് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ കേന്ദ്രം കണ്ണടച്ചിരിക്കുകയാണെന്നും, തൊഴിലില്ലായ്മയും, വിലക്കയറ്റവും ആകാശം മുട്ടിയിരിക്കയാണെന്നും കനയ്യ അവരോട് പറയുന്നു. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം NRC എന്നായാല്‍ ശരിയാവില്ല എന്നും കനയ്യ പരിഹാസസ്വരത്തിൽ പറയുന്നു. 

എന്നാൽ, രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് സമീപഭാവിയിലൊന്നും തന്നെ നരേന്ദ്ര മോദിക്കോ ബിജെപിക്കോ എൻഡിഎക്കോ ഒന്നും യാതൊരു രാഷ്ട്രീയ ഭീഷണിയും ഉയർത്താനുള്ള സാധ്യത കനയ്യയുടെ ഈ ഒറ്റയാൾ പോരാട്ടങ്ങൾക്കില്ല എന്നാണ്. എന്നാൽ, ജനങ്ങളിൽ ഇയാൾ കുടഞ്ഞിടുന്ന തീപ്പൊരി ഊതിക്കാച്ചിയെടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്കായാൽ ചിലപ്പോൾ അത് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട് എന്നുമാത്രം. കോൺഗ്രസ് അടക്കമുള്ള പല പാർട്ടികളും കനയ്യയെ നോട്ടമിട്ടിട്ടുണ്ടെങ്കിലും, സിപിഐ ക്യാമ്പിൽ  തന്നെ ഉറച്ചു നിൽക്കുകയാണ് തല്ക്കാലം അദ്ദേഹം. 

ജനുവരി ഏഴാം തീയതി കനയ്യ കുമാർ ജെഎൻയു ക്യാമ്പസിൽ നടത്തിയ പ്രസംഗം ഏറെ വൈറലായിരുന്നു. അത് ജെഎൻയു ക്യാമ്പസിന്റെ മതിലുകൾക്ക് പുറത്തിറങ്ങി, രാജ്യം മുഴുവൻ അലയടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പൗരത്വ നിയമ ഭേദഗതി വിഷയമാക്കി ഇന്ത്യ ടുഡേ നടത്തിയ 'ദി ഗ്രേറ്റ് ജെഎൻയു ഡിബേറ്റ്' എന്ന പരിപാടിയിൽ എൻഡിഎയുടെ അമിതാഭ്  സിൻഹയെ എതിർത്തുകൊണ്ട് കനയ്യ കുമാർ നടത്തിയ ഡിബേറ്റും ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്രകണ്ട് ജനപ്രിയനായ മറ്റൊരു നേതാവില്ല. യൂട്യൂബിൽ കനയ്യക്ക് ഇരുപതു ലക്ഷവും, ട്വിറ്ററിൽ പത്തുലക്ഷവും ഫോളോവർമാരുണ്ട്. പ്രതിപക്ഷം, വിശിഷ്യാ കോൺഗ്രസ് പാർട്ടി, മോദിയെ എതിർക്കുന്ന കാര്യത്തിൽ പ്രകടിപ്പിക്കുന്ന ഉദാസീന മനോഭാവത്തെ തന്റെ തീപ്പൊരി പ്രതിഷേധങ്ങൾ കൊണ്ട് കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് കനയ്യകുമാർ ചെയ്തിരിക്കുന്നത്. 

നരേന്ദ്ര മോദിയും കനയ്യകുമാറും തമ്മിലുള്ള സാമ്യങ്ങൾ 

മോദിയും കനയ്യയും തമ്മിൽ പ്രായം കൊണ്ട് ഏകദേശം മൂന്നരപ്പതിറ്റാണ്ടിന്റെ അന്തരമുണ്ട്. കനയ്യക്ക് 33 വയസ്സും മോദിക്ക് 69 വയസ്സുമാണ് പ്രായം. എന്നാൽ ഇരുവർക്കുമിടയിൽ ഏറെ സാമ്യങ്ങളുള്ളതും അവഗണിക്കാനാവില്ല. വളരെ സാധാരണമായ മധ്യവർഗകുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെട്ടവരാണ് ഇരുവരും. മോദിയുടെ അച്ഛൻ ഒരു ചായക്കച്ചവടക്കാരനായിരുന്നു. കനയ്യ കുമാറിന്റെ അച്ഛനാണെങ്കിൽ ബിഹാറിലെ ഒരു കർഷകനും അമ്മ ഒരു അംഗൻവാടി ആയയുമാണ്. പഠിത്തത്തിൽ മിടുക്കനായിരുന്ന കനയ്യ പട്നയിൽ ജ്യോഗ്രഫി പഠിച്ച ശേഷമാണ് ആഫ്രിക്കൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടാൻ ജെഎൻയുവിലെത്തുന്നതും അവിടെ രാഷ്ട്രീയത്തിൽ ഇടപെടുന്നതും. 2016 -ൽ നടന്ന ജെഎൻയു പ്രതിഷേധങ്ങളിലൊന്നിൽ വിളിച്ച മുദ്രാവാക്യങ്ങളുടെ പേരിൽ ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ടതോടെയാണ് കനയ്യ ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നത്. 

എന്നാൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്ര ശോഭിക്കാൻ കനയ്യയ്ക്ക് ആയിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് ബിജെപിയുടെ ഗിരിരാജ് സിങ്ങിനെതിരെ മത്സരിച്ച കനയ്യ നാലുലക്ഷത്തിൽ പരം വോട്ടുകൾക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനുശേഷം നിരന്തരമായ യാത്രകളിലാണ് കനയ്യ. ഗ്രാമഗ്രാമാന്തരങ്ങളിലും, ക്യാമ്പസുകളിലും ഓടിനടന്ന് ഇടതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള പരിശ്രമമാണ് കനയ്യ നടത്തിപ്പോരുന്നത്. മോദിസർക്കാറിനെ വിമർശിക്കുന്നു എന്നതുകൊണ്ടുതന്നെ നിരന്തരം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണങ്ങൾക്ക് വിധേയമാണ് കനയ്യകുമാറിനെ ജീവിതമെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. 

ഇപ്പോൾ താനടക്കമുളളവർ ചേർന്ന് നയിക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങൾ സത്യത്തിൽ രാജ്യവ്യാപകമായി നടക്കുന്ന മറ്റൊരു സമരത്തിന്റെ ഭാഗമാണ് എന്നാണ് കനയ്യ കുമാർ പറയുന്നത്. അത് ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതരത്വം എന്ന മൂല്യം നഷ്ടപ്പെട്ടുപോകുന്നത് തടയാനുള്ള സമരമാണ്. ഇന്ത്യയുടെ അസ്തിത്വം തന്നെ അപചയത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നടക്കുന്ന ഈ പ്രതിഷേധങ്ങൾ ഏറെ പ്രസക്തമാണ് എന്നാണ് കനയ്യകുമാർ അടിവരയിട്ട് പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.