നായകള്‍ മനുഷ്യരുടെ അടുത്ത ചങ്ങാതിയാണ് എന്ന് പറയും. എന്നാല്‍, കാവേരിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്കുള്ള അവരുടെ പ്രതീക്ഷ കൂടിയായിരുന്നു സോഫി എന്ന നായ. ആദ്യമായി കാവേരി റാണ ഭരദ്വജ് രക്ഷിച്ചത് സോഫിയെ ആയിരുന്നു. അതിനാലാവാം കാവേരിയുടെ മനസില്‍ സോഫിക്കൊരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസില്‍ സോഫി മരിച്ചപ്പോള്‍ കാവേരിയുടെ ഹൃദയം തകര്‍ന്നതും അതിനാലാവണം. 

പന്ത്രണ്ടാമത്തെ വയസില്‍ അസുഖത്തെ തുടര്‍ന്നാണ് സോഫി മരിക്കുന്നത്. തങ്ങള്‍ മക്കളെപ്പോലെ കാണുന്ന ഓമനമൃഗങ്ങളില്‍ ആദ്യത്തേതാണ് സോഫി. അവളുടെ നഷ്ടം തനിക്ക് സഹിക്കാനായില്ല. അതിനാല്‍ അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് നിസ്സഹായരും പരിക്കേറ്റതും അസുഖം ബാധിച്ചതുമായ നായകളെ സംരക്ഷിക്കുന്നതാണ് ജീവിതത്തിന്‍റെ അര്‍ത്ഥമെന്ന് കണ്ടെത്തിയതെന്ന് കാവേരി പറയുന്നു. 

2017 -ല്‍ സോഫിയെ നഷ്ടപ്പെടുന്നതിന് മുമ്പും നായകളെ സംരക്ഷിക്കാറുണ്ടായിരുന്നുവെങ്കിലും അത് കാവേരിയുടെ ജീവിതത്തിന്‍റെ പ്രധാന ഭാഗമായിരുന്നില്ല. എന്നാല്‍, സോഫിയെ നഷ്ടമായ ശേഷം ഭര്‍ത്താവ് യാഷ് രാജ് ഭരദ്വജിനോടൊപ്പം ചേര്‍ന്ന് സോഫി മെമ്മോറിയല്‍ ആനിമല്‍ റിലീഫ് ട്രസ്റ്റ് തുടങ്ങി കാവേരി. ഗ്രേറ്റര്‍ നോയിഡയിലെ ആദ്യത്തെ മൃഗങ്ങള്‍ക്കുള്ള സംരക്ഷണ കേന്ദ്രമായിരുന്നു അവരുടെ സ്മാര്‍ട്ട് സാങ്ച്വറി.

നായകളുടെ അമ്മ എന്നാണ് കാവേരി അറിയപ്പെടുന്നത്. ഈ ഉപേക്ഷിക്കപ്പെട്ട ജീവികളുമായി കാവേരിക്കുള്ള ബന്ധവും അത്രമേല്‍ അഗാധമായതാണ്. കുഞ്ഞുങ്ങളെന്നാണ് അവര്‍ അവയെ വിശേഷിപ്പിക്കുന്നത് തന്നെ. ജീവിതത്തിന്‍റെ മുക്കാല്‍പങ്കും അവര്‍ നല്‍കുന്നതും അവയ്ക്ക് തന്നെ. അവരുടെ ലിവിംഗ് റൂമില്‍ തന്നെ 12 നായക്കുഞ്ഞുങ്ങളുണ്ട്. 

ഭര്‍ത്താവിന്റെ പിന്തുണയോടുകൂടിയാണ് ട്രസ്റ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രീലാന്‍സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ കൂടിയായ അദ്ദേഹം ട്രസ്റ്റ് ആംബുലന്‍സിന്‍റെ ഡ്രൈവര്‍ കൂടിയാകുന്നു. ഒപ്പം പരിക്കേറ്റ മൃഗങ്ങളെ പരിചരിക്കുന്നു. നാം പരിക്കേറ്റ മൃഗങ്ങളെ പരിഗണിക്കുന്ന രീതിയേ തെറ്റാണ് എന്നാണ് കാവേരി പറയുന്നത്. അവയ്ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്നും അവയെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെങ്കില്‍ അത് ചെയ്യണമെന്നും കാവേരി പറയുന്നു. പരിചരിച്ച ശേഷം ആ മൃഗങ്ങള്‍ ജീവിതത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നെന്നും കാവേരി പറയുന്നുണ്ട്. 

പലപ്പോഴും സര്‍ജറികള്‍ക്കും മറ്റുമായി വലിയ തുക ആവശ്യമായി വരാറുണ്ട്. തങ്ങളുടെ കയ്യില്‍ നിന്നു തന്നെയാണ് മിക്കവാറും കാവേരിയും ഭരദ്വജും അതെടുക്കുന്നത്. ചിലപ്പോള്‍ നായകളുടെ പരിചരണത്തിനായി ഫണ്ട് റൈസിംഗിലൂടെയും അവര്‍ തുക കണ്ടെത്തുന്നു. അങ്ങനെയാണ് അവയ്ക്കുള്ള റീഹാബിലിറ്റേഷന്‍ സെന്‍ററും പണിതത്. അവിടെ മരണം വരെ നടന്നെത്തിയ നായകള്‍ പോലും ജീവിതത്തിലേക്ക് തിരികെ വരുന്നു. നായകളെ പരിചരിക്കുന്നതോടൊപ്പം തന്നെ പാമ്പിനെ പിടിക്കാനും അവയെ തിരികെ കാട്ടിലേക്കെത്തിക്കാനും സഹായിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദമ്പതികള്‍. സൗജന്യമായിട്ടാണ് ഇത് ചെയ്തു നല്‍കുന്നത്. 

ഏതായാലും ഈ പരിചരണവും പ്രവര്‍ത്തനവുമൊന്നും അത്ര എളുപ്പമായിരുന്നില്ല എന്ന് കൂടി കാവേരി പറയുന്നുണ്ട്. പലപ്പോഴും അയല്‍ക്കാര്‍ മുതല്‍ പലരും പരാതിയുമായി വന്നിട്ടുണ്ട്. എങ്കിലും നായകളെ രക്ഷപ്പെടുത്തുകയും പരിചരിക്കുകയും പലവിധ രോഗങ്ങളാല്‍ വലയുന്നവയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുകയാണ് ഇവര്‍.