ബീച്ചിൽ വച്ച് ഇൻഡി ഒരു സ്ത്രീയെ കണ്ടു. 40 വയസ്സുള്ള കാറ്റി ജെയിംസ് എന്ന സ്ത്രീയായിരുന്നു അത്. ഇൻഡി അവർക്ക് അരികിൽ എത്തുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തു.
വളർത്തുന്ന യജമാനൻമാരോട് ഏറ്റവുമധികം സ്നേഹവും നന്ദിയുമുള്ള മൃഗമായാണ് നായ്ക്കളെ കണക്കാക്കുന്നത്. പലവിധങ്ങളായ അപകടങ്ങളിൽ നിന്നും വളർത്തു നായ്ക്കൾ അവരുടെ യജമാനന്മാരെ രക്ഷിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം ഒരു നായ ഇത്തരത്തിൽ തൻറെ യജമാനന്റെ സംരക്ഷകൻ ആകുന്നത്. യജമാനന്റെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ ഒരു അവയവ ദാതാവിനെ കണ്ടെത്തിയാണ് ഇൻഡി എന്ന ഡോബർമാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.
യുകെയിലെ കേർഫില്ലിയിൽ നിന്നുള്ള 44 -കാരിയായ ലൂസി ഹംഫ്രി എന്ന സ്ത്രീയുടെ പ്രിയപ്പെട്ട നായയാണ് ഇൻഡി എന്ന ഡോബർമാൻ. എന്നാൽ, കഴിഞ്ഞ 15 വർഷക്കാലമായി ലൂപ്പസ് രോഗവുമായി മല്ലിടുകയാണ് ലൂസി ഹംഫ്രി. വൃക്കകൾ കൂടി തകരാറിലായതോടെ ലൂസിയുടെ ജീവൻ തിരികെ പിടിക്കാൻ ഏകമാർഗ്ഗം വൃക്കകൾ മാറ്റിവയ്ക്കുകയാണ് എന്ന് കണ്ടെത്തി. അവയവങ്ങൾ മാറ്റിവയ്ക്കാതെ ലൂസിക്ക് കൂടിപ്പോയാൽ ജീവിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ വിധിയെഴുതിയത് അഞ്ചുവർഷക്കാലം മാത്രമാണ്. തനിക്ക് അനുയോജ്യമായ ഒരു ദാതാവിനെ കണ്ടെത്താൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിൽ അതിനായുള്ള തിരച്ചിലുകൾ പുരോഗമിക്കുന്നതിനിടയിലാണ് ലൂസിയുടെ പ്രിയപ്പെട്ട ഇൻഡി തന്നെ അത്തരത്തിൽ ഒരാളെ കണ്ടെത്തിയിരിക്കുന്നത്.
മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2021 -ലാണ് സംഭവം. ഒരു ദിവസം ലൂസിയും അവളുടെ കാമുകൻ സെനിഡ് ഓവനും ഇൻഡിയെ സൗത്ത് വെയിൽസിലെ ബാരിയിലെ ബീച്ചിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ബീച്ചിൽ വച്ച് ഇൻഡി ഒരു സ്ത്രീയെ കണ്ടു. 40 വയസ്സുള്ള കാറ്റി ജെയിംസ് എന്ന സ്ത്രീയായിരുന്നു അത്. ഇൻഡി അവർക്ക് അരികിൽ എത്തുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തു. തീർത്തും അപരിചിതയായ തന്നോട് നായ ഇത്രയും അടുത്തിടപഴകുന്നത് കണ്ട് കൗതുകം തോന്നിയ കാറ്റി നായയുടെ ഉടമയായ ലൂസിയോട് സംസാരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരുവരും തമ്മിൽ പരിചയപ്പെടുകയും ഏറെനേരം സംസാരിക്കുകയും ചെയ്തു. ഈ സംഭാഷണത്തിനിടയിൽ ലൂസി തന്റെ രോഗാവസ്ഥയെക്കുറിച്ചും താനൊരു അവയവ ദാതാവിനെ തേടുന്നതിനെ കുറിച്ചും കാറ്റിയോട് പറഞ്ഞു. അത്ഭുതകരം എന്ന് പറയട്ടെ അത്തരത്തിലൊരു അവയവദാനത്തിന് താൻ തയ്യാറാണെന്ന് കാറ്റി ലൂസിയെ അറിയിച്ചു.
തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാവുകയും എല്ലാ റിസൾട്ടുകളും പോസിറ്റീവായി മാറുകയും ചെയ്തു. അങ്ങനെ 2022 ഒക്‌ടോബർ 3 -ന് കാർഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ വെച്ച് അവയവ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നു. ലൂസി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏതായാലും കാര്യം അറിഞ്ഞോ അറിയാതെയോ കാറ്റിയുമായി അടുത്തിടപഴകുകയും അതുവഴി തന്റെ ഉടമയെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്ത നായയെ ഇപ്പോൾ ഹീറോ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.
