ഫിലിപ്പീൻസ് സർക്കാരിന്റെ 'ഇ.ടി.ഇ.ഇ.എ.പി' എന്ന പദ്ധതി പ്രയോജനപ്പെടുത്തിയാണ് ഫുൾഫിൽസ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ആ പരിചയസമ്പത്ത് ബിരുദത്തിനാവശ്യമായ ക്രെഡിറ്റുകളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുന്നു.

സ്വന്തം കുടുംബത്തെ നോക്കാനായി നാടുവിട്ട് ഹോങ്കോങ്ങിൽ ഗാർഹിക ജോലിക്ക് എത്തുമ്പോഴാണ് ഡയാൻ അഗോണോയിക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടി വന്നത്. 'എന്റെ മക്കളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ഞങ്ങളുടെ പ്രത്യേക ആഘോഷങ്ങളുമെല്ലാം എനിക്ക് നഷ്ടമായിട്ടുണ്ട്. ചിത്രങ്ങളിൽ ഞാൻ മാത്രമായിരിക്കും എപ്പോഴും ഇല്ലാത്തത്' അവർ ഓർക്കുന്നു. ചെറുപ്പത്തിൽ തന്നെ വിവാഹിതയായ അഗോണോയിക്ക് സർവകലാശാലാ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഭൂരിഭാഗം ജോലികൾക്കും ആവശ്യമായ ബാച്ചിലേഴ്സ് ബിരുദം ഇല്ലാത്തതിനാൽ അവർ വിദേശത്ത് ഗാർഹിക ജോലി തിരഞ്ഞെടുക്കാൻ നിർബന്ധിതയായി.

ഗെലാനി അഗ്യുലാരിയോയുടെ കഥയും വ്യത്യസ്തമല്ല. അഭിഭാഷകയാവുക എന്ന ലക്ഷ്യത്തോടെ പൊളിറ്റിക്കൽ സയൻസിലും പിന്നീട് എജ്യുക്കേഷൻ മേഖലയിലും ബിരുദം നേടാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും ഗർഭധാരണവും കുടുംബ ഉത്തരവാദിത്തങ്ങളും കാരണം പഠനം മുടങ്ങി. എന്നാൽ, 2024 -ൽ ഇരുവരുടെയും ജീവിതം മാറിമറിഞ്ഞു. ഹോങ്കോങ്ങിലെ വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക് (OFWs) ബിരുദം നേടാൻ സഹായിക്കുന്ന 'ഫുൾഫിൽസ്' എന്ന ലാഭരഹിത സംഘടനയെക്കുറിച്ച് അവർ അറിയാനിടയായി. കോഴ്സുകൾ പൂർണ്ണമായും ഓൺലൈനാണ്. പഠനച്ചെലവിന്റെ 80 ശതമാനവും സംഘടന സബ്‌സിഡിയായി നൽകുന്നതിനാൽ വിദ്യാർത്ഥികൾ ഒരു ടേമിൽ ഏകദേശം 600 ഹോങ്കോങ് ഡോളർ (ഏകദേശം 76 യു.എസ്. ഡോളർ) മാത്രം നൽകിയാൽ മതിയാകും.

ഫിലിപ്പീൻസ് സർക്കാരിന്റെ 'ഇ.ടി.ഇ.ഇ.എ.പി' എന്ന പദ്ധതി പ്രയോജനപ്പെടുത്തിയാണ് ഫുൾഫിൽസ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ആ പരിചയസമ്പത്ത് ബിരുദത്തിനാവശ്യമായ ക്രെഡിറ്റുകളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുന്നു. തുടർന്ന് ആറുമാസത്തെ പഠനം കൊണ്ട് ബിരുദം കരസ്ഥമാക്കാം. എ.എം.എ യൂണിവേഴ്സിറ്റി, ഫിലിപ്പീൻ വിമൻസ് യൂണിവേഴ്സിറ്റി (PWU), യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പീൻസ് എന്നിവയുമായി സഹകരിച്ചാണ് ഫുൾഫിൽസ് ഓൺലൈൻ മോഡുലാർ കോഴ്സുകൾ ലഭ്യമാക്കുന്നത്. ഇത് വിദേശത്തുള്ള ഫിലിപ്പീൻകാർക്ക് മുഴുവൻ സമയ ഗാർഹിക ജോലിക്കൊപ്പം തന്നെ മുഴുവൻസമയ വിദ്യാർത്ഥികളാകാനും അവസരമൊരുക്കുന്നുവെന്ന് സംഘടനയുടെ സ്ഥാപകനായ ബഹാ പറയുന്നു.

പി.ഡബ്ല്യു.യു-വിൽ ഹോസ്പിറ്റാലിറ്റി ബിരുദത്തിന് അർഹത നേടിയ അഗ്യുലാരിയോയും അഗോണോയിയും ജോലി ഉപേക്ഷിക്കാതെ തന്നെ മൂന്ന് ടേമുകളിലായി ഒരു വർഷം കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.

എന്നാൽ, പഠനത്തിനായി പുലർച്ചെ ഒരു മണി വരെ ഉണർന്നിരിക്കേണ്ടി വന്നത് ആരോഗ്യത്തെ ബാധിച്ചതായി അഗോണോയി പറഞ്ഞു. "അവസാന ടേമിൽ എന്റെ രക്തസമ്മർദ്ദം കുറഞ്ഞു. തുടർന്ന് തൊഴിലുടമ എന്നെ വൈദ്യപരിശോധനയ്ക്ക് അയച്ചു" അവർ ഓർത്തു. സഹപാഠികളുടെ പിന്തുണയോടെയാണ് ഇരുവരും പഠനം മുന്നോട്ട് കൊണ്ടുപോയത്. ബിരുദ പഠനത്തിന് പുറമെ സാമ്പത്തിക സാക്ഷരത, എക്സൽ സോഫ്റ്റ്‌വെയർ ഉപയോഗം തുടങ്ങിയ പ്രായോഗിക കഴിവുകൾ വളർത്തുന്നതിനായി എല്ലാ മാസവും ഫുൾഫിൽസ് പ്രത്യേക വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

നിലവിൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനം ആരംഭിക്കുന്ന ബഹാ, ഫുൾഫിൽസ് വഴി ഇതുവരെ 30-ഓളം സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ടെന്നും പദ്ധതി കൂടുതൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.