അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് കടന്നുകയറി സ്വന്തം അനുയായികള്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടുങ്ങുമോ? ട്രംപിനെതിരെ കേസ് എടുക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായതിനിടെ, അമേരിക്കന്‍ നീതിന്യായ വകുപ്പ് ഇക്കാര്യത്തില്‍ മുന്നോട്ടുപോവുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ട്രംപിന്റെ ആഹ്വാനപ്രകാരം അനുയായികള്‍ കാപിറ്റോള്‍ ഹില്‍സിലെ അതീവസുരക്ഷാ മേഖലയില്‍ അക്രമം അഴിച്ചു വിട്ട സംഭവം അതീവഗൗരവമായി പരിഗണിക്കുമെന്നാണ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്. കാപിറ്റോള്‍ ഹില്‍സില്‍ അക്രമം നടത്തിയവര്‍ മാത്രമല്ല, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും കുടുങ്ങുമെന്നാണ് വാഷിംഗ്ടണിലെ യു എസ് അറ്റോര്‍ണി മൈക്കിള്‍ ഷെര്‍വിന്‍ പറഞ്ഞത്. '' പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയുമാണ് ഞങ്ങള്‍ തിരയുന്നത്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍, എല്ലാവരും കുടുങ്ങും''-അദ്ദേഹം പറഞ്ഞു.

പുതുതായി പുറത്തുവരുന്ന തെളിവുകള്‍ ട്രംപിന് തലവേദന സൃഷ്ടിക്കുന്നതാണ്. നീതിന്യായ വകുപ്പിന്റെ തീരുമാനം നടപ്പായാല്‍, കേസുകളുടെ കുരുക്ക് ട്രംപിനു നേരെയും നീളാന്‍ സാദ്ധ്യതയുണ്ട്. പ്രസിഡന്റുമാര്‍ക്കെതിരെ കേസ് എടുക്കുന്നതിന് നിലവില്‍ നിയമതടസ്സമുണ്ട്. എന്നാല്‍, 13 ദിവസം കൂടി മാത്രമേ ആ പരിരക്ഷ ട്രംപിനു ലഭിക്കൂ. 160 മില്യന്‍ അമേരിക്കക്കാരുടെ അഭിപ്രായത്തെ ഇല്ലാതാക്കുന്നതിന് ട്രംപ് ആള്‍ക്കൂട്ടത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയും ട്രംപിനെതിരായ നിലപാടാണ് വ്യക്തമാക്കുന്നത്. 

 

 

കാപിറ്റോള്‍ ഹില്ലിലേക്ക് ട്രംപിന്റെ റാലിയില്‍ നിന്നാണ് അനുയായികള്‍ കൂട്ടത്തോടെ നീങ്ങിയത്. ബൈഡന്‍ ജയിച്ചത് ചതിയിലൂടെയും വഞ്ചനയിലൂടെയുമാണെന്നും, കാപിറ്റോള്‍ ഹില്ലിലേക്ക് നമുക്ക് മാര്‍ച്ച് ചെയ്യാമെന്നും ട്രംപ് പറഞ്ഞതിനെ അനുയായികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു.  അനുയായികള്‍ ക്യാപിറ്റോള്‍ ഹില്‍സില്‍ അഴിഞ്ഞാടുമ്പോള്‍, ട്രംപ് ഒന്നിച്ച് മാര്‍ച്ച് ചെയ്യാന്‍ പോയില്ല. പകരം, വൈറ്റ് ഹൗസില്‍ തിരികെച്ചെന്ന് ടിവിയില്‍ അക്രമം കാണുകയായിരുന്നു. 

അക്രമം നേരിടുന്നതില്‍ ട്രംപ് കുറ്റകരമായ അനാസ്ഥ കാണിച്ചെന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കലാപകാരികളെ നേരിടുന്നതിന് ഡി സി നാഷനല്‍ ഗാര്‍ഡുകളെ വിന്യസിക്കണമെന്ന ആവശ്യം ട്രംപ് വിസമ്മതിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് നാഷനല്‍ ഗാര്‍ഡുകളെ വിന്യസിക്കാന്‍ ഉത്തരവിട്ടതെതന്ന് സി എന്‍ എന്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് പാര്‍ലമെന്റിനു നേരെ ആക്രമണം നടന്നത്. ബ്രിട്ടീഷുകാര്‍ അമേരിക്കയെ ആക്രമിച്ച 1814 ഓഗസ്തിലാണ് ഇതിനു മുമ്പ് പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത്.ട്രംപ് അനുയായികളുടെ അഴിഞ്ഞാട്ടമാണ് രണ്ടാമത്തേത്. ഇത്രയും ഗുരുതരമായ സാഹചര്യത്തില്‍, കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ പ്രസിഡന്റ് ചെയ്യേണ്ട കാര്യമാണ് വൈസ്പ്രസിഡന്റ് ചെയ്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കലാപകാരികളുടെ ഇരച്ചുകയറ്റം തടയുന്നതിന് അടിയന്തരമായി നാഷനല്‍ ഗാര്‍ഡുകളെ വിന്യസിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ട്രംപ് അതിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്, മൈക്ക് പെന്‍സ് അതിനുവേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു. അടിയന്തിരമായി നാഷനല്‍ ഗാര്‍ഡുകളെ എത്തിക്കണമെന്ന് അദ്ദേഹം പെന്റഗണിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ട്രംപ് അനുയായികളെ കാപിറ്റോളില്‍നിന്നും തുരത്തിയത്. അതുവരെ, അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. തീരുമാനമെടുക്കുന്നതില്‍ വന്ന കാലതാമസമാണ്, അമേരിക്കയെ നാണംകെടുത്തുന്ന വിധത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ സഹായകമായത്. 

വൈസ് പ്രസിഡന്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഗാര്‍ഡുകളെ വിന്യസിച്ചതെന്ന് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍ പ്രസ്താവനയില്‍ സമ്മതിച്ചു. സംഭവമുണ്ടായപ്പോള്‍ ട്രംപിനോട് സംസാരിക്കാന്‍ പോലും മില്ലര്‍ മടിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം അനുയായികള്‍ തന്റെ പേരില്‍ നടത്തിയ കലാപത്തെ അപലപിക്കാന്‍ പോലും ട്രംപ് വിമുഖത കാണിച്ചതായി ഉന്നതവൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. 

 

 

അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായത്തിനു പിന്നില്‍ ട്രംപിന്റെ കരങ്ങളുണ്ടെന്ന ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷം മാത്രമല്ല. ട്രംപിന്റെ മുന്‍കാല സഹപ്രവര്‍ത്തകര്‍ പോലും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരിക്കല്‍ വിശ്വസ്ഥരായിരുന്ന പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, അറ്റോര്‍ണി ജനറല്‍ വില്യം പി ബാര്‍ എന്നിവര്‍ ട്രംപിന്റെ പങ്ക് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരവധി ഉദ്യോഗസ്ഥ പ്രമുഖര്‍ രാജിവെച്ചിട്ടുണ്ട്. ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. അക്രമത്തിനു ശേഷം സംഭവത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെമോക്രാറ്റുകളും സംയുക്തമായാണ് അപലപിച്ചത് 

്രടംപ് അനുകൂലികളായ കലാപകാരികള്‍ ക്യാപിറ്റോള്‍ ഹില്‍സിലെ അതീവ സുരക്ഷാ മേഖലയില്‍ അനായാസം കടന്നുകയറിയതിനു പിന്നില്‍ പ്രസിഡന്റിന്റെ ഇടപെടലുണ്ടായി എന്ന ആരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. പൊലീസുകാരില്‍ ചിലര്‍ ഗേറ്റ് തുറന്നുകൊടുത്ത് കലാപകാരികളെ സഹായിക്കുന്നതിന്റെയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പ്രക്ഷോഭകാരികളില്‍ 14 പേരെ മാത്രമാണ് കാപിറ്റോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കി നൂറുകണക്കിന് അക്രമികളെ വെറുതെ വിടുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കാപിറ്റോള്‍ ഹില്‍ പൊലീസ് മേധാവി സ്റ്റീവന്‍ സുന്‍ഡ് അടക്കം പ്രമുഖര്‍ രാജിവെച്ചത്. ട്രംപിന്റെ ഇടപെടല്‍ മൂലമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം െൈവകിയത് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.  

ഇതുപോലായിരുന്നില്ല മുമ്പൊന്നും പൊലീസ് സമാനമായ പ്രതിഷേധങ്ങളെ നേരിട്ടത്. കഴിഞ്ഞ വേനല്‍ക്കാലത്ത്, വൈറ്റ് ഹൗസിനു മുന്നില്‍ സമാധാനപൂര്‍വ്വം പ്രകടനം നടത്തിക്കൊണ്ടിരുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' എന്ന കറുത്തവര്‍ഗക്കാരുടെ മുന്നേറ്റത്തിനു നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ട്രംപിന് ഫോട്ടോ ഷൂട്ടുകള്‍ നടത്തണമെന്ന് പറഞ്ഞായിരുന്നു അന്ന് അക്രമാസക്തമായ രീതിയില്‍ പൊലീസ് പ്രക്ഷോഭകരെ നേരിട്ടത്. 

എന്നാല്‍, ഇന്നലെ നടന്നത് സമാനതകളില്ലാത്ത അവസ്ഥയായിരുന്നു. പാര്‍ലമെന്റ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളെ തടയാന്‍ പൊലീസ് ഒന്നും ചെയ്തതേയില്ല.  ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫീസ് ചേംബറിനുള്ളില്‍ കടന്നു കയറിയ പ്രക്ഷോഭകരില്‍ ചിലര്‍  മേശപ്പുറത്ത് കാലുംകയറ്റി വെച്ച് ഇരുന്ന് സെല്‍ഫികള്‍ എടുക്കുകയായിരുന്നു. അമേരിക്കന്‍ ദേശീയ പതാക അഴിച്ചുമാറ്റി ട്രംപിന്റെ പതാക കെട്ടിയും കണ്ടതെല്ലാം തച്ചുതകര്‍ത്തും അക്രമാസക്തമാവുകയായിരുന്നു ട്രംപ് അനുകൂലികള്‍. സെനറ്റിന്റെ അധ്യക്ഷനായ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ കസേരയില്‍ കയറിയിരുന്ന് ഫോട്ടോ എടുത്തും, നിയമനിര്‍മാണമന്ദിരത്തിലെ ഓരോ വസ്തുവും തല്ലിത്തകര്‍ത്തും അക്രമികള്‍ യഥേഷ്ടം വിഹരിച്ചു. 

 


'പ്രതിഷേധക്കാര്‍ക്കെതിരെ 'ബലം പ്രയോഗിക്കരുത്' എന്ന കൃത്യമായ നിര്‍ദേശം പൊലീസിന് മേലാവില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നത് വളരെ വ്യക്തമായിരുന്നു ' എന്നാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സജീവ പ്രവര്‍ത്തകനായ കോറി ബുഷ് ആരോപിച്ചത്. 'ഞങ്ങളായിരുന്നു ആ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നത് എങ്കില്‍, പൊലീസ് ഞങ്ങളെ ആ പടികള്‍ക്കടുത്തേക്കുപോലും എത്താന്‍ അനുവദിക്കില്ലായിരുന്നു എന്നുറപ്പാണ്. അതിനു മുമ്പേ ഞങ്ങളെ അവര്‍ വെടിവെച്ചിട്ടേനെ. ഞങ്ങള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നേനെ. ഈ ഒരു വ്യത്യാസത്തെയാണ് ഞങ്ങള്‍ വെള്ളക്കാരുടെ മേധാവിത്വം എന്ന് വിളിക്കുന്നത്.'-എന്നാണ് അദ്ദേഹം പറഞ്ഞത്.