ഏഴ് വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം നാട്ടിലേക്ക് വന്ന യുവാവിന്‍റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ഇന്ത്യയെ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും ഈ തീരുമാനത്തില്‍ ഒട്ടും ഖേദമില്ലെന്നാണ് യുവാവ് പറയുന്നത്. 

അമേരിക്കയിൽ ഏഴ് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ഒരു പ്രവാസി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മടങ്ങി വരാനുള്ള തന്റെ തീരുമാനത്തിൽ ഒട്ടും ഖേദമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട നൂലാമാലകൾ, പ്രായമായ മാതാപിതാക്കളെ പരിചരിക്കാനുള്ള ആഗ്രഹം, അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് എന്നിവയാണ് മടക്കയാത്രയ്ക്ക് കാരണമായി യുവാവ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെങ്കിലും ഉടൻ തന്നെ അമേരിക്കയിലേക്ക് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ഞാൻ വലിയ പ്രതീക്ഷകളുമായല്ല ഇങ്ങോട്ട് വന്നത്. ആളുകൾ പറയുന്ന പല പരാതികളും സത്യവുമാണ്. മോശം വായുനിലവാരം (AQI), ശുചിത്വമില്ലായ്മ, മാലിന്യം, പൗരബോധമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങൾ, എന്നിവയെല്ലാം നിലനിൽക്കുന്നുണ്ട്. ഇതൊന്നും സാങ്കൽപ്പികമായ പ്രശ്നങ്ങളല്ല, അവയെ ഞാൻ കുറച്ചു കാണുന്നുമില്ല. ഇന്ത്യയിലേക്ക് മടങ്ങരുതെന്നും മടങ്ങിയാൽ പിന്നീട് ഖേദിക്കുമെന്നും സുഹൃത്തുക്കളും വീട്ടുകാരും എന്നോട് പറഞ്ഞിരുന്നു.'

എങ്കിലും, മടങ്ങിയെത്തിയ ശേഷം കാര്യങ്ങൾ നന്നായിട്ട് പോയതായിട്ടാണ് യുവാവ് കുറിക്കുന്നത്. 'തകർന്നിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം നല്ല വശങ്ങളെ കുറിച്ച് കൂടി ചിന്തിക്കണം. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാനാകുന്നത്, വിസയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതായത് തുടങ്ങിയ കാര്യങ്ങൾ ആസ്വദിക്കാൻ താൻ തീരുമാനിച്ചതായും' യുവാവ് പറയുന്നു.

'ഹൂസ്റ്റണിലും തനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ, വംശീയാധിക്ഷേപം, കുടുംബത്തെ മിസ്സ് ചെയ്യുന്നത്, ഗതാഗതക്കുരുക്ക്... ചില ഇടങ്ങളിൽ രാത്രിയിൽ പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. അവിടെ ജീവിച്ചിരുന്നപ്പോഴും ഇത്തരം പ്രശ്നങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് പോയിരുന്നത്' എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

'രണ്ട് രാജ്യങ്ങളിലും തൊഴിൽ സംസ്കാരം സമാനമാണ്. പ്രോജക്റ്റുകൾ തീർക്കാൻ പലപ്പോഴും നിശ്ചിത സമയത്തിന് ശേഷവും ജോലി ചെയ്യേണ്ടി വരാറുണ്ട്. അവിടെയും തിരക്കേറിയ നഗരങ്ങളിൽ ചില ജോലികളിൽ ഇത്തരം വിട്ടുവീഴ്ചകൾ വേണ്ടി വരാറുണ്ട്. അമേരിക്കയിൽ ആയിരുന്നപ്പോഴും താൻ വാരാന്ത്യങ്ങളിലും രാത്രി വൈകിയും ജോലി ചെയ്തിരുന്നു, ഇവിടെയും അത് തുടരുന്നു' എന്നും യുവാവ് കുറിച്ചു. എന്തായാലും, ഇങ്ങനെയൊക്കെയാണെങ്കിലും മടങ്ങിവരാനെടുത്ത തീരുമാനത്തിൽ ഖേദമില്ല എന്നാണ് യുവാവ് പറയുന്നത്.