ട്രെയിനിൽ മറന്നുപോയ ഐപാഡ് മിനിറ്റുകൾക്കുള്ളിൽ തിരികെ ലഭിച്ച അനുഭവം പങ്കുവച്ച് യുവതി. ദക്ഷിൺ എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് യുവതി ഐപാഡ് മറന്നുപോയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽ മഡാഡ് ആപ്പിന് കൈയടി.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഐപാഡ് മറന്നുപോയാല്‍ അത് പോയതുതന്നെ അല്ലേ? തിരികെ കിട്ടാന്‍ സാധ്യതയില്ല. എന്നാല്‍, റെയിൽവേയുടെ സമയോചിതമായ ഇടപെടലിലൂടെ അത് തിരികെ ലഭിച്ച അനുഭവമാണ് ഒരു യുവതിക്ക് പറയാനുള്ളത്. ദക്ഷിൺ എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് യുവതി ഐപാഡ് മറന്നുപോയത്. റെയിൽവേയുടെ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ 'റെയിൽ മഡാഡ്' (RailMadad) വഴിയാണ് മിനിറ്റുകൾക്കുള്ളിൽ ഐപാഡ് വീണ്ടെടുക്കാനായത്.
ഡിസംബർ 28 -ന് ദക്ഷിൺ എക്സ്പ്രസ്സിൽ ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തന്റെ ഐപാഡ് സീറ്റിൽ തന്നെ മറന്നുവച്ച കാര്യം അവർ തിരിച്ചറിഞ്ഞത്. ഉടൻതന്നെ റെയിൽവേയുടെ ഹെൽപ്പ് ലൈൻ പോർട്ടലായ റെയിൽ മഡാഡിൽ പരാതി രജിസ്റ്റർ ചെയ്തു. പരാതി നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ റെയിൽവേ അധികൃതരിൽ നിന്ന് യുവതിക്ക് കോൾ ലഭിച്ചു. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF), ട്രെയിനിലെ ടി.ടി.ഇ (TTE), അടുത്ത സ്റ്റേഷനായ ഇറ്റാർസിയിലെ ജീവനക്കാർ എന്നിവർ പരസ്പരം ബന്ധപ്പെടുകയും, എത്രയും വേഗത്തിൽ തന്നെ ഐപാഡ് കണ്ടെത്തുകയും ആയിരുന്നു.
തന്റെ അനുഭവം X (ട്വിറ്റർ) ലൂടെ പങ്കുവെച്ച യുവതി, റെയിൽവേ സേവയ്ക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി അറിയിച്ചിട്ടുമുണ്ട്. റെയിൽവേയുടെ ഈ വേഗത്തിലുള്ള സേവനത്തെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസിച്ചത്. തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും റെയിൽവേയുടെ ഹെൽപ്പ് ലൈൻ സംവിധാനം ഇപ്പോൾ വളരെ കാര്യക്ഷമമാണെന്നും പലരും കുറിപ്പിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ഇതുപോലെ ആളുകൾ റെയിൽവേയിൽ മറന്നുവച്ച വസ്തുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ തിരികെ ലഭിച്ചതായി അനുഭവം പങ്കുവച്ചിട്ടുണ്ട്.
