Asianet News MalayalamAsianet News Malayalam

അതുകൊണ്ട് ബിന്ദു അമ്മിണി ധീരയാണ്, നമ്മളും നമ്മുടെ മഹത്തായ സ്കൂളും അവരുടെ മുന്നിൽ പുഴുക്കളും...

എന്നാൽ, ഡൊറോത്തിയെയും അവളുടെ ധീരതയെയും ആ സ്കൂളോ നാടോ ആ പൊലീസോ സർക്കാരോ അർഹിച്ചിരുന്നില്ല. ഇവിടെയുമതെ.

Dorothy Counts and Bindu Ammini Swathi George writes
Author
Thiruvananthapuram, First Published Jan 8, 2022, 11:47 AM IST
  • Facebook
  • Twitter
  • Whatsapp

വെള്ളക്കാർ മാത്രം പഠിക്കുന്ന സ്കൂളിൽ ചേർന്നതിന് അപമാനിക്കപ്പെട്ട ഡൊറോത്തി കൗണ്ട്സ്. കൂക്കുവിളികൾക്കും കല്ലേറുകൾക്കും അവസാനിക്കാത്ത അതിക്രമങ്ങൾക്കുമിടയിലും തലയുയർത്തി പിടിച്ച് നടന്ന പെൺകുട്ടി. കേരളത്തിൽ നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി. ഇരുവരും ധൈര്യത്തോടെ സമൂഹത്തെ നേരിട്ടവരാണ്. 

Dorothy Counts and Bindu Ammini Swathi George writes

പ്രൊഫസർ ബിന്ദു അമ്മിണിയുടെ ചിത്രങ്ങൾ കാണുമ്പൊഴൊക്കെ ഡൊറോത്തി കൗണ്ട്സിനെ ഓർമ്മവരും. നമ്മെ നടുക്കുന്ന തലയെടുപ്പാണ് രണ്ടു പേർക്കും. 

നോർത്ത് കരോലിനയിലെ വെള്ളക്കാർ മാത്രമുള്ള ഒരു സ്കൂളിൽ 1957 -ൽ ചേരുമ്പോൾ അവർക്ക് പതിനഞ്ച് വയസ്സാണ് പ്രായം. കൂക്കുവിളികളോടെയും കല്ലേറുകളോടെയും വർണ്ണവെറിയരുടെ കൂട്ടം ആ പെൺകുട്ടിയുടെ സ്ഥൈര്യത്തെ എതിരേറ്റ ചിത്രം ചരിത്രമാണ്, ലോക പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ ചിത്രം. 'തല ഉയർത്തി നടന്നോളൂ' എന്നാണ് സ്കൂളിലാക്കിയ ശേഷം ഡൊറോത്തിയുടെ അച്ഛൻ മകളോട് പറഞ്ഞത്. ആട്ടും തുപ്പും ഏറ്റുവാങ്ങിയ സ്കൂളിലെ ആദ്യ ദിനം ഉച്ചയ്ക്ക് ഇനിയും സ്കൂളിൽ തുടരുന്നോയെന്ന അച്ഛനമ്മമാരുടെ ചോദ്യത്തിന്, സ്കൂളിലുള്ളവർക്ക് എന്നെ മനസ്സിലായിക്കഴിയുമ്പോൾ പ്രശ്നങ്ങളെല്ലാം മാറുമെന്ന ശുഭാപ്തിവിശ്വാസമായിരുന്നു ഡൊറോത്തിയുടെ മറുപടി. 

ഈ പ്രശ്നങ്ങളാലൊക്കെയാകണം, പിറ്റേന്ന് വെള്ളിയാഴ്ച്ച പനി ബാധിച്ച്  ഡൊറോത്തി സ്കൂളിൽ ഹാജരായില്ല. എന്നാൽ, തിങ്കളാഴ്ച്ച പിന്നെയും അവർ സ്കൂളിൽ എത്തുന്ന കാഴ്ച്ച കണ്ട വർണ്ണവെറിയരുടെ കൂട്ടം, ആ സ്കൂൾ ഒന്നടങ്കം, ഞെട്ടി. വീണ്ടും അപമാനങ്ങളും കൂക്കിവിളിയും. ക്ലാസ്സിൽ ഏറ്റവും പിന്നിലെ ബഞ്ചിൽ. കയ്യുയർത്തി ചോദ്യം ചോദിച്ചാൽ പോലും അധ്യാപകരുടെ അവഗണന. ഉച്ചഭക്ഷണ നേരത്ത് കുറേ ആൺകുട്ടികൾ ചുറ്റും കൂടിയിട്ട് ഡൊറോത്തിയുടെ ഭക്ഷണപാത്രത്തിൽ തുപ്പി അവരുടെ സ്വഭാവം ആഘോഷിച്ചു. വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഉച്ചഭക്ഷണനേരത്ത് വീട്ടിൽ നിന്നാരെങ്കിലും വരുന്നത് നന്നായിരിക്കുമെന്ന് ഡൊറോത്തി മാതാപിതാക്കളോട് പറഞ്ഞു. 

അന്ന് പക്ഷേ ഒരു സന്തോഷവർത്തമാനം കൂടിയുണ്ടായിരുന്നു - ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടിയിട്ടുണ്ട്. അധികം നീണ്ടുനിൽക്കാത്ത സന്തോഷം. പിറ്റേന്ന് ആ പെൺകുട്ടി ഡൊറോത്തിയെ കണ്ടപ്പോൾ മുഖം തിരിച്ചു. ഉച്ചയ്ക്ക് ഡസ്റ്റർ കൊണ്ട്  തലയ്ക്ക് ഏറു കിട്ടി. ഉച്ചഭക്ഷണത്തിന് കാറിൽ സ്കൂളിലെത്തിയ ചേട്ടന്റെ അരികിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച്ചയിലാണ് ആദ്യമായി ഡൊറോത്തി ഭയന്നത്. കാർ ആക്രമിക്കപ്പെട്ടിരിക്കുന്നു, ചില്ലുകൾ തകർത്തിരിക്കുന്നു. അക്രമം കുടുംബത്തിലേക്കും നീളുമെന്ന അവസ്ഥയിൽ ആ പതിനഞ്ചുകാരി പതറി. ഡൊറോത്തിയുടെ അച്ഛൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സ്കൂളിലെന്താണ് നടക്കുന്നത് എന്നറിയില്ലെന്നും സംരക്ഷണം ഒരുക്കാൻ സാധ്യമല്ലായെന്നും പൊലീസ് മേധാവി അറിയിച്ചു. 

ജന്മനാടിനോടും മകളോടുമുള്ള സ്നേഹം നിലനിൽക്കെത്തന്നെ ആ സ്കൂളിൽ നിന്നും മകളെ മാറ്റുകയാണെന്ന്  ധീരയായ ആ പെൺകുട്ടിയുടെ ധീരനായ അച്ഛൻ പറഞ്ഞു. മകൾക്ക് ശാരീരികമായ സുരക്ഷയും അപമാനങ്ങളിൽ നിന്ന് സംരക്ഷണയും ലഭിക്കുമായിരുന്നുവെങ്കിൽ മകളുടെ ആഗ്രഹം പോലെ ആ സ്കൂളിൽ തുടർന്നും പഠിപ്പിക്കുമായിരുന്നുവെന്നും.

ഡൊറോത്തി ചരിത്രത്തിൽ നായകസ്ഥാനത്താണ്. തന്റെ കാലത്തെയും ദേശത്തെയും വെല്ലുന്ന ധീരതയും സ്ഥൈര്യവും. ആ കാലവും ദേശവും ആ സ്കൂളും കൂക്കുവിളിക്കാരായ വർണ്ണവെറിയരും ആ പൊലീസുമെല്ലാം പക്ഷേ ചരിത്രത്തിൽ യോഗ്യത കെട്ടവരുടെ, അപരാധത്തിന്റെ, നാണക്കേടിന്റെ ചവറ്റുകൊട്ടയിലാണ്. തന്റേത് നീതിക്കുവേണ്ടിയുള്ള നടപ്പാണെന്നുള്ള തലയെടുപ്പ് പരിഹാസഘോഷയാത്ര ഏറ്റുവാങ്ങുമ്പോഴും ഡൊറോത്തിയിലുണ്ടായിരുന്നു. ഡൊറോത്തി ആധുനികതയുടെ ചൂട്ടുകത്തിച്ച് വെളിച്ചം പിടിച്ച് കാണിച്ചത് നിലനിന്ന അന്ധകാരത്തെയാണ്. അവർക്ക് എന്നെ മനസ്സിലായാൽ അവരെന്നോടൊപ്പം നിൽക്കുമെന്നും പ്രശ്നങ്ങൾ അവസാനിക്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസം അവരിലുണ്ടായിരുന്നു. 

എന്നാൽ, ഡൊറോത്തിയെയും അവളുടെ ധീരതയെയും ആ സ്കൂളോ നാടോ ആ പൊലീസോ സർക്കാരോ അർഹിച്ചിരുന്നില്ല. ഇവിടെയുമതെ. വർണ്ണവെറിയർ തിങ്ങിക്കൂടി നിൽക്കുന്ന ഈ സ്കൂളിലേക്കാണ് ബിന്ദു പുഞ്ചിരിയോടെ തലയുയർത്തി നടന്നു നീങ്ങുന്നത്. അവരെ കൂക്കിവിളിക്കാൻ ചുറ്റും ആളാണ്. അവരെ ആക്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു. അവരുടെ പ്രാധാന്യം മനസ്സിലാക്കി അവരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർക്കൊന്നും അതിനുള്ള കെല്പോ താല്പര്യമോ ഇല്ല. നമ്മൾ അവരെ അർഹിക്കുന്നില്ല. ബിന്ദു അമ്മിണി ധീരയാണ്. നമ്മളും നമ്മുടെ മഹത്തായ സ്കൂളും അവരുടെ മുന്നിൽ പുഴുക്കളും. പ്രൊഫ. ബിന്ദു അമ്മിണി ചരിത്രത്തിലെ നായകസ്ഥാനത്താണ്. നാമും നമ്മുടെ മഹത്തായ സ്കൂളും ചവറ്റുകൊട്ടയെ കാത്തുനിൽക്കുന്ന ചരിത്രത്തിലെ അവമതിപ്പുകളും.
 

Follow Us:
Download App:
  • android
  • ios