താണ്ട് 100 വര്‍ഷമാകുന്നു, കൃത്യമായി പറഞ്ഞാല്‍ 1921 -ല്‍ ബോംബെയില്‍ നിന്ന് പുറപ്പെട്ട ഒരു ട്രെയിനില്‍ ഒരു ഇരട്ടക്കൊലപാതകം നടന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നടന്ന ആ ഇരട്ടക്കൊലപാതകത്തിന്‍റെ കഥയാണിത്. രണ്ടുപേരാണ് അന്ന് ട്രെയിനില്‍ കൊല്ലപ്പെട്ടത്. ഒന്ന്, GIP (ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ) കമ്പനിയില്‍ ജോലി നോക്കുന്ന ഒരു പേ ക്ലര്‍ക്ക്. രണ്ട്, റെയില്‍വേയില്‍ ജോലി നോക്കുന്ന ഒരു പ്യൂണ്‍. പാതിരാത്രിക്ക് നടന്ന ആ കൊലപാതകത്തിന്‍റെ കഥ വ്യക്തമായി എഴുതപ്പെട്ട ഒരു പുസ്തകമുണ്ട്, Rajendra B Aklekar എഴുതിയ ‘A Short History Of Indian Railways’. ഈ കൊലപാതകത്തെ കുറിച്ച് വ്യക്തമാക്കുന്ന ഒരു പുസ്തകം കൂടിയാണിത്.

എന്താണ് അന്ന് നടന്നത്?

കൊല്ലപ്പെട്ട രണ്ടുപേരും 13 ഡൗണ്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബെയില്‍നിന്നും ജബല്‍പുരിയിലേക്ക് പോവുകയായിരുന്നു. അവരുടെ കയ്യില്‍ പണമടങ്ങിയ വലിയ ഒരു പെട്ടിയുമുണ്ടായിരുന്നു. നാണയങ്ങളും കറൻസി നോട്ടുകളും അടങ്ങിയ ഈ പെട്ടി ഒരു മലയോര സ്റ്റേഷനിൽ എത്തിക്കേണ്ട ചുമതലയുമായിട്ടായിരുന്നു യാത്ര. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1921 നവംബറിൽ ബോംബെ ഹൈക്കോടതിയിലെ ക്രിമിനൽ സെഷനിൽ രണ്ടുപേരെ വിചാരണയ്ക്ക് വിധേയമാക്കി. ജസ്റ്റിസ് മാർട്ടിന്‍റേയും, പ്രത്യേക ജൂറിയുടെയും മുമ്പിലായിരുന്നു വിചാരണ. വിചാരണ ചെയ്യപ്പെട്ടവരില്‍ ഒരാൾ മോറിസ് എന്ന യുറേഷ്യനും, മറ്റൊരാൾ ഡോണിസൺ എന്ന ഇംഗ്ലീഷുകാരനുമായിരുന്നു.

ഇതില്‍ മോറിസ് നേരത്തെ ബോംബെ കസ്റ്റംസില്‍ ബാഗേജ് ഇന്‍സ്‍പെക്ടറായിരുന്നു. ബല്ലാര്‍ഡ് പിയറിലേക്ക് ബോട്ടിലെത്തുന്ന യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുകയും അനധികൃതമായി ഒന്നും കടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയായിരുന്നു മോറിസിന്‍റെ ജോലി. എന്നാല്‍, അത് അറസ്റ്റ് ചെയ്യപ്പെടുന്നതിന് കുറേക്കാലം മുമ്പായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഒരു ജോലിയും ചെയ്യാതെ വെറുതെ നടക്കുകയായിരുന്നു മോറിസ്. ജോണിസണും അങ്ങനെത്തന്നെ കൃത്യമായ ജോലിയൊന്നുമില്ലാതെ വെറുതെ നടക്കുന്ന ഒരാള്‍. പക്ഷേ, കൊലപാതകസമയത്ത് താല്‍ക്കാലികമായി അയാള്‍ ബോംബെയിലെ ഒരു മോട്ടോര്‍ ഗാരേജില്‍ ജോലി നോക്കുന്നുണ്ടായിരുന്നു. 

കൊലപാതകം നടന്നതിങ്ങനെ

രണ്ട് ജീവനക്കാരും യാത്ര ചെയ്തിരുന്ന 13 ഡൗണ്‍ ട്രെയിനിലെ കംപാര്‍ട്ട്മെന്‍റിലേക്ക് ഇഗത്പുരിയില്‍നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയാണ് മോറിസും ഡോണിസണും കയറുന്നത്. സമയം പാതിരാത്രിയായിരുന്നു... രണ്ട് സ്റ്റേഷനുകളുടെ ഇടയിലായിരുന്നതിനാല്‍ നല്ല വേഗത്തിലായിരുന്നു ട്രെയിന്‍. കംപാര്‍ട്മെന്‍റില്‍ കയറിയ ഉടനെ ഇരുവരും പാവം പ്യൂണിന്‍റെ തല അടിച്ചുതകര്‍ത്തു. വായ മൂടി, കയ്യുംകാലും കെട്ടി ആ രക്തപ്പുഴയിലേക്ക് അയാളെ വലിച്ചിട്ടു. അതുപോലെതന്നെ പേ ക്ലര്‍ക്കിന്‍റെ തലയും അടിച്ചുതകര്‍ത്തു. പാരയടക്കം ഉപയോഗിച്ച് അയാളുടെ തലയില്‍ പലവട്ടം അടിച്ചു. 

പിന്നീട് പണപ്പെട്ടി തുറന്ന് അതിലുണ്ടായിരുന്ന പണം മോറിസും ഡോണിസണും കയ്യില്‍ കരുതിയിരുന്ന കാന്‍വാസ് ബാഗിലേക്ക് മാറ്റി. 32,000 രൂപയോളം വരുന്ന കറന്‍സി നോട്ടുകളാണ് അവരെടുത്തത്. 4000 രൂപയുടെ നാണയങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചു. ഇതെല്ലാം ചെയ്തശേഷം ഇരുവരും കംപാര്‍ട്മെന്‍റിന്‍റെ വാതില്‍ അടക്കുകയും സ്വന്തം കംപാര്‍ട്മെന്‍റിലേക്ക് തിരികെ പോവുകയും ചെയ്തു. മന്‍മാട് വരെ ഇരുവരും ആ ട്രെയിനില്‍ത്തന്നെ യാത്ര ചെയ്തു. പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെ മന്‍മാട് സ്റ്റേഷനിലിറങ്ങി. 

പച്ചോറ എന്ന സ്റ്റേഷനില്‍വെച്ച് 1921 ജൂലൈ 20 -നാണ് ഈ കൊലപാതകം നടന്ന വിവരം പുറത്തറിയുന്നത്. സംഭവമറിഞ്ഞ ഉടനെ റെയില്‍വേ സ്റ്റാഫും റെയില്‍വേ പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ മാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. കൊലപാതകം നടത്തിയ ശേഷം മന്‍മാട് സ്റ്റേഷനിലിറങ്ങിയ മോറിസും ഡോണിസണും റെയില്‍വേ ട്രാക്കിലൂടെ നടന്ന ശേഷം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിട്ടുമാറി ഒരിടത്തുവെച്ച് കാന്‍വാസ് ബാഗ് കത്തിച്ചു. പിന്നീട്, തിരികെ വന്നശേഷം മോറിസ് ഇഗത്പുരിയിലേക്കും ഡോണിസണ്‍ ബോംബെയിലേക്കും തിരികെ പോയി. 

പ്രതികളെ പിടിച്ചതിങ്ങനെ

ഇഗത്പുരി മുതല്‍ ദേവ്‌ലാലി വരെയുള്ള സ്റ്റേഷന്‍ സ്റ്റാഫുകളില്‍ പലര്‍ക്കും ഗാര്‍ഡുകള്‍ക്കും എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്കുമെല്ലാം മോറിസിനെ കണ്ടുപരിചയമുണ്ടായിരുന്നു. റെയില്‍വേ പൊലീസ്, സ്റ്റേഷനിലും ഇഗത്പുരിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സിലും എല്ലാം അന്വേഷണം നടത്തി. അപ്പോഴാണ്, കുറച്ചു ദിവസങ്ങളായി മോറിസ് ആ പരിസരങ്ങളിലെല്ലാം ചുറ്റിനടക്കുന്നത് കണ്ടതായും ബോംബെയില്‍ നിന്ന് ദേവ്‍ലാലി വരെ പോകുന്ന രാത്രികാല ട്രെയിനുകള്‍ നിരീക്ഷിച്ചിരുന്നതായും വിവരം കിട്ടിയത്. 

അങ്ങനെ മോറിസിനെ ചുറ്റിപ്പറ്റിയായി അന്വേഷണം. ജൂലൈ 19 -ന് രാത്രി മോറിസ് ഒരു യൂറോപ്യനുമായെത്തി മന്‍മാടിലേക്ക് രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്തതായും വിവരം ലഭിച്ചു. പേ ക്ലര്‍ക്കും പ്യൂണും സഞ്ചരിച്ചിരുന്ന അതേ ട്രെയിനിനാണ് ഇരുവരും ടിക്കറ്റെടുത്തിരുന്നത് എന്നും അന്വേഷണത്തില്‍ മനസ്സിലായി. ദേവ്ലാലി, മന്‍മാട്, ഇഗത്പുരി എന്നിവിടങ്ങളില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ആഗസ്ത് മാസത്തിന്‍റെ തുടക്കത്തില്‍ മോറിസ് അറസ്റ്റ് ചെയ്യപ്പെട്ടു. ദേവ്ലാലിയില്‍ ഒരു ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുകയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാള്‍. 19,20 ദിവസങ്ങളിലെന്തു ചെയ്യുകയായിരുന്നു? എങ്ങോട്ട് പോയി എന്നതടക്കം ഓരോ നീക്കത്തെ കുറിച്ചും പൊലീസ് ചോദിച്ചു. 

എല്ലാത്തിനും അവസാനമായി എന്ന് ബോധ്യപ്പെട്ട മോറിസ് നടന്നതെല്ലാം തുറന്നുപറഞ്ഞു. മോറിസിനെ മന്‍മാടില്‍ ബാഗും, ആയുധങ്ങളും കത്തിച്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രണ്ട് ദിവസത്തിന് ശേഷം മോറിസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോംബെയിലുള്ള വീട്ടില്‍വെച്ച് ഡോണിസണും അറസ്റ്റ് ചെയ്യപ്പെട്ടു. മോറിസിന് വധശിക്ഷയായിരുന്നു വിധിച്ചത്. അയാള്‍ തൂക്കിലേറ്റപ്പെട്ടു. കൊലപാതകത്തില്‍ പങ്കുചേര്‍ന്നുവെന്നതായിരുന്നു ഡോണിസണ്‍ ചെയ്ത കുറ്റം. ആസൂത്രണം ചെയ്തതും മറ്റും മോറിസ് ആയിരുന്നുവല്ലോ. അതിന്‍റെ അടിസ്ഥാനത്തില്‍ ഡോണിസണിന് ജീവപര്യന്തം നല്‍കി. 

എല്ലായ്പ്പോഴും മോശം നമ്പറെന്ന് അറിയപ്പെടുന്ന 13 എന്ന നമ്പറും ഈ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ടു. ഭൂമിയിലെ തങ്ങളുടെ അവസാന ദിവസത്തെ യാത്രയ്ക്ക് അവര്‍ രണ്ടുപേരും കയറിയിരുന്ന വണ്ടിയുടെ നമ്പര്‍ 13 ആയിരുന്നു. ബോംബെയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള 13 ഡൗണ്‍ പാസഞ്ചര്‍... കൊലപാതകം നടന്ന കംപാര്‍ട്മെന്‍റ്  3613. ജസ്റ്റിസ് മാര്‍ട്ടീനും ജൂറിയും വിധി പറയുന്ന നേരത്ത് അതിനേക്കുറിച്ച് പരമാര്‍ശിച്ചു. 3+6+1+3=13 എന്ന്... ചില സംഭവങ്ങള്‍ കെട്ടുകഥയേക്കാള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നവയാണല്ലോ.