Asianet News MalayalamAsianet News Malayalam

മോർച്ചറി രജിസ്റ്ററിൽ വെറുമൊരു നമ്പറായി അവസാനിക്കുന്ന കുഞ്ഞുങ്ങള്‍...

പണ്ടും പറഞ്ഞിട്ടുള്ളതാണ്. ഫോറെൻസിക്ക് കരിയറ് തുടങ്ങി വർഷം ഇത്രയുമൊക്കെ ആയെങ്കിലും കൊച്ചു കുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ എനിക്ക് മനസ്സിന് വല്യ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു പോരായ്മയാണ്. പ്രോഫഷണലിസത്തിന്റെ കുറവാണ്. പക്ഷേ എന്ത് ചെയ്യാനാണ്... അങ്ങനായിപ്പോയി.

dr krishnan balendran on scooter accidents
Author
Thiruvananthapuram, First Published Apr 1, 2019, 12:37 PM IST

കഴിഞ്ഞ ഏതാണ്ട് രണ്ടു വർഷമായിട്ട് രാവിലെ നടക്കാൻ പോകുമായിരുന്നു. 45-50 മിനിറ്റ്. ഓട്ടത്തിന് ജസ്റ്റ് താഴെയുള്ള സ്പീഡിൽ നടത്തം. 4.5 - 5 കിലോമീറ്ററാണ് സാധാരണ നടന്നിരുന്ന ദൂരം. സിഗററ്റ് വലി നിര്‍ത്തിയപ്പോ തടി വയ്ക്കാൻ തുടങ്ങി. മുടിഞ്ഞ വിശപ്പും. അതായിരുന്നു നടന്നു തുടങ്ങാനുള്ള കാരണം. തടി വയ്ക്കുന്നത് ഇഷ്ടമല്ല. ലോ സെൽഫ് എസ്റ്റീമുണ്ടാക്കും എനിക്ക് വണ്ണം വച്ചാൽ. ഒരു മാതിരി ബാലന്‍സ്ഡായിട്ടങ്ങനെ പോകുവായിരുന്നു.

dr krishnan balendran on scooter accidents

അങ്ങനെയിരിക്കെയാണ് ഈ വർഷം ജനുവരി ഒന്നുമുതൽ സർക്കാര്‍ പഞ്ചിങ്ങ് തുടങ്ങിയത്. അതോടെ നടപ്പ് നിന്നു. സമയത്ത് ജോലിക്ക് എത്തണമെങ്കിൽ രാവിലെ എഴുനേറ്റ് നടക്കാൻ പോയിട്ട് തിരിച്ച് വന്ന് 7:15-ഓടെ വീട്ടിൽ നിന്നും ഇറങ്ങണം. അതിന് രാവിലെ 6:15 -നെങ്കിലും നടപ്പ് തീർത്തിട്ട് വീട്ടിൽ തിരിച്ചെത്തണം. എങ്ങനെ നോക്കിയാലും “നടക്കുന്ന” കാര്യമല്ല.

നാട്ടുമ്പുറമാണ്. അത്രേം നേരത്തെ നടക്കാനിറങ്ങിയാ ഒന്നുകിൽ പാമ്പ്, അല്ലെങ്കിൽ പട്ടി കടിക്കും. ഒറപ്പാ. ആരോഗ്യ സംരക്ഷണാർത്ഥം നടക്കാനിറങ്ങി വണ്ടിയിടിച്ചൊക്കെ തീർന്ന് പോകുന്നത് പോലെ ഒരു ട്രിജിക്കോമഡിയാകും. ഇനി വൈകിട്ട് തിരിച്ച് വന്നിട്ട് നടക്കാൻ പോയാലും ഏതാണ്ടിതൊക്കെ തന്നെയാവും സ്ഥിതി.

അതിൽ ഒന്ന്, നാലര വയ്യസ്സുള്ള ഒരു കുഞ്ഞിന്‍റേതായിരുന്നു

ഒരു ട്രെഡ്മിൽ വാങ്ങിയാലോ എന്നൊക്കെ വിചാരിച്ചു. മഴക്കാലത്ത് ഷഡ്ഡി ഉണക്കാനുള്ള അയ ആയിട്ടാണ് മിക്കവാറും അവറ്റകളുടെ ഇവല്യൂഷണനറി കൾമിനേഷനെന്ന് അറിയാവുന്നത് കൊണ്ടും, അയ കെട്ടാനുള്ള പ്ലാസ്റ്റിക്ക് കയറിന് അത്ര വിലയാകില്ലെന്ന തിരിച്ചറിവും വന്നത് കൊണ്ട് എന്തായാലും ആ പരാക്രമത്തിന് നിന്നില്ല.

എന്തായാലും നടത്തം നിന്ന് ജനുവരി തുടങ്ങി ഫെബ്രുവരി പകുതിയായപ്പോഴത്തേക്കും വെയ്റ്റ് 5 കിലോ കൂടി. ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂന്ന് എന്തായാലും തീരുമാനിച്ചു. കഴിക്കുന്ന ക്യാലറി കുറയ്ക്കാം എന്ന പ്ലാനിൽ ഉച്ചയ്ക്കുള്ള ഊണ് നിറുത്തി. പകരം Veg സലാഡും ഫ്രൂട്ട്സും ആക്കി. രണ്ടാഴ്ച്ച നോക്കി. നോ രക്ഷ കർനേ കേലിയേ..

അങ്ങനെയാണ് ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഒരു ജിമ്മിൽ പോയി കുറേ കസർത്ത് തുടങ്ങിയത്. ഞാൻ വല്യ ആഹാരപ്രിയനൊന്നുമല്ലെങ്കിലും തടി വയ്ക്കാൻ തുടങ്ങിയതിൽപ്പിന്നെ ആഹാരക്കാര്യത്തിലൊക്കെ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഞായറാഴ്ച്ചകളിൽ ജിം അവധിയായതിനാൽ അന്നത്തെ ആഹാരത്തിൽ കൂടുതൽ ശ്രദ്ധയുണ്ട്. വയറ് നിറച്ച് കഴിക്കാറേയില്ല, പണ്ടു മുതൽക്കേ. എന്നാലും ഞായറാഴ്ച്ചകളിൾ ജിം ഇല്ലാത്തത് കൊണ്ട് ഒന്നുടെ ശ്രദ്ധിച്ചു ഫൂഡ് റെസ്ട്രിക്ഷനുണ്ട്.

സോ... ഓൺ സൺഡേയ്സ് ഐ'ൽ സീറ്റുയിറ്റ് ദാറ്റ് ഒരു കാരണവശാലും വയറ് നിറയ്ക്കില്ല. 

ശിഷ്യ ബിന്‍സി വിളിച്ചു പറഞ്ഞപ്പോഴാണ് ഇന്ന് ഡ്യൂട്ടിയാണെന്ന് അറിയുന്നത് തന്നെ. വേഗം റെഡിയായി ഇച്ചിരി വൈകിയാണെങ്കിലും ഓടി പെടച്ച് മോർച്ചറിയിലെത്തി. നാല് കേസ്സുണ്ടായിരുന്നു ഇന്ന്. അതിൽ ഒന്ന്, നാലര വയ്യസ്സുള്ള ഒരു കുഞ്ഞിന്‍റേതായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ തലയടിച്ച് വീണു മറ്റൊരു വാഹനത്തിന്റെ ടയറ് ഭാഗീകമായി ആ കുഞ്ഞിന്റെ തലയിലും കഴുത്തിലുമുണ്ടാക്കിയ പരിക്കിന്റെ കാഠിന്യം മൂലം മരിച്ച ഒരു കേസായിരുന്നു.

കയ്യൊക്കെ വീശി വല്യ സന്തോഷത്തിലാണ് കുഞ്ഞ്

പണ്ടും പറഞ്ഞിട്ടുള്ളതാണ്. ഫോറെൻസിക്ക് കരിയറ് തുടങ്ങി വർഷം ഇത്രയുമൊക്കെ ആയെങ്കിലും കൊച്ചു കുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ എനിക്ക് മനസ്സിന് വല്യ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു പോരായ്മയാണ്. പ്രോഫഷണലിസത്തിന്റെ കുറവാണ്. പക്ഷേ എന്ത് ചെയ്യാനാണ്... അങ്ങനായിപ്പോയി.  ബിന്‍സിയാണ് കേസ്സുകളൊക്കെ ചെയ്തത്. എനിക്ക് സൂപ്പർവൈസിങ്ങ് മാത്രം. നാലിൽ ഒന്നായി, മോർച്ചറി രജിസ്റ്ററിൽ ഒരു PM നമ്പരായി ആ കുഞ്ഞ് അവസാനിച്ചു. 

അവസാനിക്കേണ്ടതാണ് പക്ഷേ അങ്ങനെ ആയില്ല. 

ഞായറാഴ്ച്ചയായ ഇന്ന് ജിം ഇല്ലാത്തത് കൊണ്ട് നേരത്തെ വീട്ടില്‍ എത്തും. അപ്പൂനേം പാറൂനേം കൂട്ടി പുറത്ത് പോയി ഡിന്നറൊക്കെ കഴിച്ച് വൈന്‍റ്ഡൗൺ ചെയ്യണമെന്നൊക്കെ മനസ്സിൽ വിചാരിച്ചോണ്ട് വണ്ടിയോടിച്ച് കരുനാഗപ്പള്ളി കഴിഞ്ഞ് കന്നേറ്റി പാലം ഇറങ്ങി വരുമ്പോഴാണ് മുന്നിലേ കാഴ്ച്ച. ഒരു കുടുംബം ഒരു ഹോണ്ട ആക്ടിവാ പോലൊരു സ്കൂട്ടറിൽ പോകുന്നു. അച്ഛൻ (ആയിരിക്കും) വണ്ടിയോടിക്കുന്നു. അമ്മ കാലുകൾ ഒരേ സൈഡിലേക്കിട്ട് side saddle ചെയ്താണ് ഇരിപ്പ്. എന്നിട്ട് ഇവരുടെ രണ്ടു പേരുടെയും ഇടക്ക് ഏതാണ്ട് നാലു നാലര വയസ്സുള്ള ഒരു കുഞ്ഞു നിന്നോണ്ട് യാത്ര ചെയ്യുന്നു. കയ്യൊക്കെ വീശി വല്യ സന്തോഷത്തിലാണ് കുഞ്ഞ്. ആ സ്ത്രീയാണെങ്കിൽ വല്ല വിധേനേം ആണ് വീഴാതെ ഒരു വശത്തേക്ക് കാല് രണ്ടുമിട്ട് ഇരിക്കുന്നത്. അതിന്റെ കൂടെയാണ് സീറ്റില്‍ എഴുന്നേറ്റു നില്‍ക്കുന്ന കുഞ്ഞിനെ പിടിക്കുന്നത്. അങ്ങേരാണെങ്കിൽ സാമാന്യം നല്ല സ്പീഡിലുമാണ് സ്കൂട്ടർ ഓടിക്കുന്നത്.

പുള്ളിക്കാരൻ സ്കൂട്ടറ് സൈഡാക്കി

വല്യ ഉയരമൊക്കെയുള്ള കെട്ടിടത്തിന്റെ ടെറസ്സിന്റെ വക്കിനോട് ചേർന്ന് നിൽക്കുമ്പോഴും ഉയരംകൂടിയ കുന്നിന്റെയും മലയുടേയുമൊക്കെ ക്ലിഫിൽ നിൽക്കുമ്പോഴുമൊക്കെ എന്റെ കാലിൽ ഒരു പെരുപ്പ് വരും. അത് പോലെ ഒരു പെരുപ്പ് വന്നു റോഡിൽ ഈ സ്കൂട്ടർ കാഴ്ച്ച കണ്ടപ്പോൾ. എന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ കഷ്ടിച്ച് രണ്ട് മണിക്കൂർ മുമ്പ് കണ്ട മരിച്ചു കിടന്ന കുഞ്ഞിന്റെ മുഖം മനസ്സീന്ന് പോകാഞ്ഞതും ഒരു കാരണമായിരിക്കാം, ആ പെരുപ്പിന്.

എന്തായാലും ചെറുതായിട്ട് ഇടവിട്ടിടവിട്ട് ഹോണടിച്ചോണ്ട് ഇടത് വശത്തെ ചില്ല് താഴ്ത്തീട്ട് വല്യ ഗൗരവമുള്ള അർജന്റായ എന്തോ പറയാനുള്ള മുഖ ഭാവത്തോടെ ഞാൻ കുറേ കൈക്രിയ കാണിച്ചു. എന്തായാലും കാര്യം നടന്നു. പുള്ളിക്കാരൻ സ്കൂട്ടറ് സൈഡാക്കി. എന്റെ വണ്ടിയിൽ നിന്നും ഇറങ്ങാതെ തന്നെ ഇടത്തോട്ട് ചരിഞ്ഞ് വളഞ്ഞിട്ട് ഞാൻ പറഞ്ഞു..

ഞാൻ :“ബ്രദർ, കുട്ടിയേ കുറേക്കൂടി സേഫായിട്ട് കൊണ്ടു പോകൂ…''

പുള്ളിക്കാരൻ :‘എന്ത്? '

ഞാന്‍: “കുട്ടിയേ ഇങ്ങനെ സീറ്റിൽ നിർത്തി കൊണ്ട് പോകരുത്.. അത് അപകടമാ”

പുള്ളിക്കാരന്‍: ‘ങ്ങേ… അത് പറയാൻ ഇയാളാരാ?’

ഞാന്‍: “ഞാനാരോ ആയിക്കോട്ടെ… നിങ്ങളിങ്ങനെ കുട്ടിയേ സീറ്റിൽ നിർത്തിക്കോണ്ട് വണ്ടിയോടിച്ചാൽ അത് പിറകിലിരിക്കുന്ന രണ്ട് പേർക്കും അപകടമാണ്..''

പുള്ളിക്കാരന്‍: “ഇയാള് ഇയാടെ കാര്യം നോക്കിയാ മതി…''

ഞാന്‍: ‘പറ്റില്ല. ആ കുട്ടിയേ നിങ്ങൾ കുറേക്കൂടി സേഫ് ആയിട്ട് കൊണ്ടു പോയേ പറ്റൂ…''

പുള്ളിക്കാരന്‍ : നീയാരാന്നാടാ മൈരേ നിന്റെ വിചാരം? അവന്റെ ഒരു ഉപദേശം…'' എന്ന് തുടങ്ങി വളരെ നൈസായിട്ട് അച്ഛനും അമ്മയ്ക്കും ഒക്കെ തെറി. പിന്നെ, ദോഷം പറയരുതല്ലോ… ആദ്യത്തെ “മൈരേ” എന്ന വിളി മാത്രമേ എനിക്കുള്ളതായിട്ട് ഉണ്ടായിരുന്നുള്ളൂ. ബാക്കി മിക്കതും അച്ഛനും അമ്മയ്ക്കും ചേച്ചിക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒക്കെയുള്ളതായിരുന്നു. പണ്ട് MBBS -ന് ചേര്‍ന്നപ്പോള്‍ കേട്ട മാതിരി ചെവീന്ന് വരെ വെള്ളം വരുന്ന ഐറ്റംസൊന്നുമില്ലായിരുന്നു. നത്തിങ്ങ് ന്യൂ. ഓൾ ഓൾഡ് സ്റ്റോക്ക്. പെണ്ണുമ്പിള്ള കൂടെ ഉണ്ടായിരുന്നതാവാം ചിലപ്പോ കാരണം… ആ... ആർക്കറിയാം… 

ഒന്നും പറയാതെ വേണേ സ്കൂട്ട് ചെയ്യാമായിരുന്നു. പക്ഷെ, ചെയ്തില്ല

എന്തായാലും ശരിക്കും വയറ് നിറഞ്ഞ്.  ഞായറാഴ്ച്ചയായിട്ട് ജിം അവധിയുമാണ്. കസർത്തൊന്നും നടന്നില്ല. അത് കൊണ്ട് കിട്ടിയത് എല്ലാം അങ്ങ് ദേഹത്ത് പിടിച്ചേച്ച്. എന്നാലും കിട്ടേണ്ടത് കിട്ടിയപ്പോ ഒരു മനസ്സുഖം. നമ്മളീ റമ്മി കളിക്കുമ്പോ ചില കൈ വന്ന് കേറും. കളിക്കണോ അതോ സ്കൂട്ട് ചെയ്യണോന്ന് കൺഫ്യൂഷൻ തോന്നുന്ന ഡീൽ. കളിക്കും. കുറച്ച് കഴിഞ്ഞ് വല്ലവനും അടിക്കും. എണ്ണി നോക്കുമ്പോ കൃത്യം 25. സ്കൂട്ട് ചെയ്തിരുന്നാലും 25 തന്നെ. എന്നാലും ഒരു സുഖം. കളി സുഖം. അത് പോലെ തന്നെയിതും. ഒന്നും പറയാതെ വേണേ സ്കൂട്ട് ചെയ്യാമായിരുന്നു. പക്ഷെ, ചെയ്തില്ല. ജീവിതത്തിൽ ഇതിന് മുൻപ് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ഒരു ചങ്ങായിടെ അടുക്കേന്ന് തെറി വാരി കൂട്ടി. കിട്ടേണ്ടത് കിട്ടിയപ്പോ ഒരു സുഖം. വിഷമമൊക്കെ മാറി. വീട്ടിൽ തിരിച്ചെത്തി കുളിച്ച് ഒരു സിങ്കിൾ മാൾട്ടും പിടിച്ചിരിക്കുമ്പോ ചങ്ങായിടെ മുഖം ഒക്കെ മായ്ഞ്ഞ് തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ മുഖം പക്ഷേ മനസ്സീന്ന് പോകാൻ കുറച്ചു നാൾ കഴിയും. രണ്ട് പേരുടേയും.

സ്കൂട്ടറിൽ നിന്നോണ്ട് കൈവീശി ചിരിച്ചവന്‍റേയും... ടേബിളിൽ നിസ്സഹായനായി എന്നെ നോക്കി കിടന്നവന്‍റേയും.

(പ്രതീകാത്മക ചിത്രം. കടപ്പാട്:PIXABAY)

Follow Us:
Download App:
  • android
  • ios