രണ്ടാം ലോകമഹായുദ്ധം എന്ന് പറഞ്ഞാൽ ആർക്കും ആദ്യം ഓർമ വരിക അഡോൾഫ് ഹിറ്റ്‌ലർ എന്ന പേരാവും. ഹിറ്റ്‌ലർ എന്ന പേരുകേട്ടാലോ, ഉടൻ ഓർമ്മവരിക ഹോളോകോസ്റ്റ് എന്നും. നാസികൾ തങ്ങളുടെ തടവുകാരായിരുന്ന നിരപരാധികളായ ജൂതരോട് പ്രവർത്തിച്ചിട്ടുള്ള ക്രൂരതകളെപ്പറ്റിയുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്. ജോസെഫ് മെംഗലെ എന്ന അതിക്രൂരനായ ഡോക്ടർ അക്കാലത്ത് കുട്ടികളെയും മുതിർന്നവരെയും വിധേയരാക്കിയിട്ടുള്ളത് അസഹ്യമായ വേദനയുളവാക്കുന്ന പരീക്ഷണപീഡനങ്ങൾക്കാണ്. പലരും അന്ന് ആ പരീക്ഷണങ്ങളെ അതിജീവിക്കാനാവാതെ മരണപ്പെട്ടു. അതിന്റെ വിവരണങ്ങളും ചരിത്രത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ചരിത്രത്തിന്റെ ഭാഗമായി വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ സമാനമായ ഒരു പീഡനപർവം ജപ്പാനിലും നടന്നിട്ടുണ്ട്. അതിനു നേതൃത്വം നൽകിയ കുപ്രസിദ്ധനായ ഒരു ഡോക്ടറുണ്ട്, അയാളുടെ പേര് ഷിരോ ഇഷി എന്നായിരുന്നു. അയാൾ നടത്തിയിരുന്ന യൂണിറ്റ് 731 എന്ന സൈനിക പരീക്ഷണ യൂണിറ്റ് ഒടുവിൽ അടച്ചുപൂട്ടും വരെ അവിടെ അരങ്ങേറിയത് കണ്ണില്ലാത്ത ക്രൂരതകളായിരുന്നു. 

 

 

ആരായിരുന്നു ഷിരോ ഇഷി?

1925 ലോക യുദ്ധ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷമാണ്. ജനീവ പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന ആ ധാരണ പക്ഷെ, അന്ന് ജാപ്പനീസ് സൈന്യത്തിൽ മെഡിക്കൽ ഓഫീസർ ആയിരുന്ന ഷിരോ ഇഷിയെ തന്റെ ഭാവനയ്ക്ക് അനുസൃതമായ പരീക്ഷണങ്ങൾ ജൈവ രാസായുധസംയുക്തങ്ങൾ കൊണ്ട് മനുഷ്യ ശരീരത്തിൽ നടത്തുന്നതിന് തടസ്സമായില്ല. പലതരം രോഗാണുക്കൾ തടവുകാരിൽ കുത്തിവെച്ചും, കൊടും തണുപ്പിനും, ചൂടിനും മറ്റു വിപരീത പരിതഃസ്ഥിതികൾക്കും അവരെ വിധേയരാക്കിയും അയാൾ നടത്തിയ ക്രൂരമായ പരീക്ഷണങ്ങൾ പലർക്കും അതിജീവിക്കാനായില്ല. അയാളുടെ പരീക്ഷണ ശാലകളിലേക്ക് ഗിനിപ്പന്നികളെപ്പോലെ വന്നെത്തിയ തടവുകാരിൽ പലരും പരീക്ഷണത്തിനിടെ മരിച്ചു. അവിടെ നിന്ന് ഭാഗ്യവശാൽ മാത്രം ചിലർക്ക് ഓടി രക്ഷപ്പെടാനായി. അവർ ഈ ലോകത്തോട് ഇങ്ങനെ ഒരു പരീക്ഷങ്ങളെ ജപ്പാൻ നടത്തിയിരുന്നു എന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ട് മാത്രം നമുക്ക് ഇതൊക്കെ അറിയാനായി. ആ പീഡനങ്ങളുടെ വിശദവിവരങ്ങൾ ആരുടെയും കരളലിയിക്കുന്നവയാണ്. 

1892 -ൽ ജപ്പാനിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഷിരോ ഇഷി പഠിക്കാൻ ഏറെ മിടുക്കനായിരുന്നു. ഫോട്ടോഗ്രാഫിക് ഓർമയായിരുന്നു അയാൾക്ക്. അസാമാന്യമായ ബുദ്ധിശക്തി അയാൾക്ക് ചെറുപ്പത്തിൽ തന്നെ ജീനിയസ് എന്ന പേര് നേടിക്കൊടുത്തു. പഠനം പൂർത്തിയാക്കിയ ശേഷം ഷിരോ ഇഷി സൈന്യത്തിൽ ചേരുന്നു. ശാസ്ത്ര കുതുകിയായിരുന്ന ഇയാൾ ഇഎംപീരിയൽ ജാപ്പനീസ് ആർമിയിൽ ഡോക്ടറായി മാറുന്നു. 

1927 -ലാണ് ഷിരോ ഇഷി ആദ്യമായി 'ജൈവായുധം'എന്ന വാക്കുകേൾക്കുന്നതു തന്നെ. അതോടെ ലോകത്തിലെ ഏറ്റവും മാരകമായ ജൈവായുധം ഉണ്ടാക്കണം എന്ന ആഗ്രഹം അയാളുടെ ഉള്ളിൽ കടന്നുകയറി. 1928 -ൽ സൈന്യത്തിന്റെ അനുമതിയോടെ, മറ്റു രാജ്യങ്ങളിലെ സൈന്യങ്ങൾ ജൈവായുധങ്ങളുടെ കാര്യത്തിൽ എന്ത് നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് നേരിൽ കാണാനായി, ഷിരോ ഇഷി ലോക പര്യടനത്തിന് പുറപ്പെടുന്നു. തിരികെ വന്ന ശേഷം തന്റെ പ്ലാനിൽ വീണ്ടും ചില മാറ്റങ്ങൾ വരുത്തി. അപ്പോഴേക്കും ലോകം രണ്ടാമതൊരു ലോകമഹായുദ്ധത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. 

 

അപ്പോഴേക്കും ഷിരോ ഇഷിയുടെ പ്രസിദ്ധിയും വർധിച്ചു കഴിഞ്ഞിരുന്നു. അയാളെ സൈന്യം, ടോക്കിയോ ആർമി മെഡിക്കൽ സ്‌കൂളിന്റെ തലവനായി മേജർ റാങ്കിൽ നിയമിച്ചു. സൈന്യത്തിലും അയാൾക്ക് നല്ലൊരു പിന്തുണക്കാരനെ കിട്ടി, കേണൽ ചികാഹികൊ കോയിസുമി. ഇരുവരും ശാസ്ത്രജ്ഞരായിരുന്നതാകാം ആ അപൂർവ സൗഹൃദത്തിന്റെ നട്ടെല്ല്. കോയിസുമി ജപ്പാന്റെ ആരോഗ്യവകുപ്പ് മന്ത്രിയായപ്പോൾ ഷിരോ ഇഷിയെയും അദ്ദേഹം തന്റെ കൂടെ കൂട്ടി.  ഇഷിയും ആ സമയത്ത് വൈറോളജി, മൈക്രോ ബയോളജി, പാത്തോളജി ഗവേഷണങ്ങളിൽ മുഴുകി. 

അങ്ങനെയിരിക്കെയാണ് 1931 -ൽ ജപ്പാൻ മഞ്ചൂരിയയിൽ അധിനിവേശം നടത്തുന്നത്. അവിടത്തെ ബെയിൻഹേ എന്ന ഗ്രാമത്തിലാണ് ഷിരോ ഇഷി തന്റെ യൂണിറ്റ് 731 എന്ന പരീക്ഷണശാല സ്ഥാപിക്കുന്നത്. അവിടെ അയാൾ മഞ്ചൂരിയയിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ജാപ്പനീസ് സൈന്യം പിടികൂടിയ ആയിരത്തിലധികം പേരെ പാർപ്പിച്ചിരുന്നു. അവർക്കുമേൽ അവിടെ വെച്ച് ഷിരോ ഇഷിയുടെ അതിക്രൂരമായ പരീക്ഷണങ്ങളിൽ പലതും അരങ്ങേറി.  

ഇവിടെ വന്നെത്തുന്നവരെ പരീക്ഷണങ്ങൾക്ക് ഉതകാതെ വരുമ്പോൾ കൊന്നു കളയുകയായിരുന്നു പതിവ്. കൊല്ലുന്നത് ഒരു പ്രത്യേക രീതിയിലാണ്. രണ്ടു ദിവസം കൂടുമ്പോൾ അവരുടെ ശരീരത്തിൽ നിന്ന് ചോര ഊറ്റിയെടുക്കും. അങ്ങനെ തുടർച്ചയായി ചെയ്യുമ്പോൾ ഒടുവിൽ അവർ വല്ലാതെ ക്ഷീണിച്ച അവസ്ഥയിലാകും. ആ അവസ്ഥയിലുള്ള തടവുകാരുടെ ദേഹത്തേക്ക് വിഷം കുത്തിവെക്കുമ്പോൾ അവർ പെട്ടെന്ന് മരിച്ചു പോവുന്നു. ഈ ബാരക്കിലേക്ക് കടന്നു വന്ന പലരും പിന്നീട് അതിന്റെ പടി കടന്നു ജീവനോടെ പുറത്തേക്ക് പോയില്ല. അവിടെ ജാപ്പനീസ് സൈനികർ ഒരിക്കൽ ഹേമന്തകാലത്തെ ഉത്സവാഘോഷങ്ങൾക്കിടയിൽ മദ്യപിച്ച് ലക്കുകെട്ട് കിടന്നൊരു ദിവസം പതിനാറു തടവുകാർ അവിടെ നിന്ന് രക്ഷപ്പെട്ടു പുറത്തെത്തിയതാണ് ഈ പീഡനങ്ങളുടെ വിവരങ്ങൾ പുറത്തറിയാൻ കാരണം. 

ജോസെഫ് മെംഗലെയോട് ഉപമിക്കപ്പെട്ട ഷിരോ ഇഷി 

നാസികൾക്കിടയിൽ മരണത്തിന്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന ഡോക്ടറായിരുന്നു ജോസഫ്  മെംഗലെ. കുട്ടികളെ അതി ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയനാക്കി ഒരു നെഞ്ചുലച്ചിലും കൂടാതെ കൊന്നുകളഞ്ഞിരുന്ന കുപ്രസിദ്ധനായിരുന്നു ജോസെഫ്. സയൻസ് എന്നും ജനിതക പരീക്ഷണങ്ങൾ എന്നും പറഞ്ഞു കൊണ്ട് അയാൾ നടത്തിയിരുന്നതൊക്കെയും സാഡിസത്തിന്റെ പ്രകടനങ്ങളും സ്യൂഡോ സയൻസും മാത്രമായിരുന്നു. ആ അർത്ഥത്തിൽ, ഏറെ ക്രൂരമായിരുന്നു എങ്കിലും, ഒട്ടും മനുഷ്യപ്പറ്റില്ലാതെ തന്റെ പരീക്ഷണവസ്തുക്കളായ തടവുകാരോട് പെരുമാറിയിരുന്നു എങ്കിലും, കുറേക്കൂടി ശാസ്ത്രീയമായ ഒരു സമീപനമായിരുന്നു ഷിരോ ഇഷിയുടേത്. 


അയാളുടെ യൂണിറ്റ് 731 ഒരു സ്വയം പര്യാപ്ത സ്ഥാപനമായിരുന്നു. അവിടെ എല്ലാം ഉണ്ടായിരുന്നു. നല്ലൊരു ടെസ്റ്റിംഗ് ലബോറട്ടറി, ടെസ്റ്റിംഗിന് മനസ്സുലച്ചിൽ കൂടാതെ എന്തും പ്രവർത്തിക്കാം എന്നുറപ്പുള്ള സാമ്പിൾ തടവുപുള്ളികൾ. രാസായുധങ്ങൾ നിർമിക്കാൻ ആവശ്യത്തിലധികം രാസവസ്തുക്കൾ, വിമാനവും ഹെലികോപ്ടറും ഇറങ്ങാനുള്ള സൗകര്യമുള്ള ഒരു എയർ ഫീൽഡ്, പരീക്ഷണത്തിനിടെ മരിച്ചു പോകുന്ന തടവുകാരെ, പരീക്ഷണ വസ്തുക്കളെ ചുട്ടുകരിക്കാൻ ഒരു ക്രിമറ്റോറിയം, അങ്ങനെ എല്ലാം ഇവിടെ ഉണ്ടായിരുന്നു. 

അതൊക്കെ ഒരു വശത്തും, അവിടത്തെ ജാപ്പനീസ് സൈനികർക്ക് പാർക്കാനുള്ള, ബാറും, ലൈബ്രറിയും, പ്ലേയ് ഗ്രൗണ്ടും ഒക്കെയുള്ള, എന്തിനു ഒരു വേശ്യാലയം പോലും യൂണിറ്റ് 731 ന്റെ ബാരക്കിനുള്ളിൽ ഉണ്ടായിരുന്നു. 

ഒരു ഡോക്ടർ അഥവാ ശാസ്ത്രജ്ഞൻ എന്ന നിലയ്ക് ചെയ്യാനുണ്ടായിരുന്ന പണികൾ ഇത്രമാത്രം. യുദ്ധ രംഗത്ത് ജാപ്പനീസ് സൈനികർക്ക് ഉപകാരപ്പെടുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്തുക. ചികിത്സാ രീതികൾ കണ്ടെത്തുക, ജൈവായുധങ്ങൾ കണ്ടെത്തുക. അവ ഈ തടതുകാരിൽ തന്നെ പരീക്ഷിക്കുക . 

പരീക്ഷണത്തിന്റെ വിഷയങ്ങൾ ഏറെ സാഡിസ്റ്റിക് ആയിരുന്നു. ഉദാ. ഒരാളുടെ ദേഹത്ത് നിന്ന് എത്ര ചോര ഊറ്റിയെടുത്താൽ അയാൾ ചാകും? അതിൽ നിന്ന് ഷിരോ ഇഷി കണ്ടെത്തിയത്, ഒരാൾക്ക് എത്ര ചോര നഷ്ടം വരും വരെ പിടിച്ചു നിൽക്കാനാകും? പിന്നെ ചില തടവുകാരെ അവരുടെ കണ്ണുകൾ തുളഞ്ഞു പുറത്തു ചാടും വരെ പ്രെഷൻ ചേമ്പറിൽ ഇട്ടു പരീക്ഷിക്കും. എത്ര പ്രെഷർ മനുഷ്യശരീരത്തിന് താങ്ങാനാകും എന്നത് സംബന്ധിച്ച ഒരു പരീക്ഷണമാകും. അതുപോലെ സലൈൻ സൊല്യൂഷന്  പകരം സീ വാട്ടർ ശരീരത്തിൽ കുത്തിവെക്കാമോ എന്നറിയാൻ ഒരു പരീക്ഷണം. 

അക്കൂട്ടത്തിൽ ഏറ്റവും ഭീകരവും, ഇന്റർനെറ്റിൽ സത്‌സംബന്ധിച്ച് ഏറ്റവും കൂടുതൽ തെളിവുകൾ ഫോട്ടോ രൂപത്തിൽ ഉള്ളതുമായ ഒരു പരീക്ഷണമാണ്. അതിനെ പറഞ്ഞിരുന്ന പേര് ഫ്രോസ്റ് ബൈറ്റ് പരീക്ഷണമാണ്. ഇതിനായി ഇയാൾ തടവുകാരിൽ ചിലരെ കൈകൾക്ക് സംരക്ഷണം നൽകാതെ ആ തണുപ്പത്തും പുറത്തിറക്കി നിർത്തി. ഈ പരീക്ഷണങ്ങളിലൂടെയാണ് ഫ്രോസ്റ്റ് ബൈറ്റിനുള്ള ചികിത്സ കൈകൾ തമ്മിൽ  തിരുമ്മുന്നതല്ല. മറിച്ച്, ഫ്രോസ്റ്റ് ഹൈറ്റിനെതിരെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം 100 ഡിഗ്രിക്ക് മേൽ എന്നാൽ 122 നു താഴെയുള്ള താപനികളായിലുള്ള വെള്ളത്തിൽ ഫ്രോസ്റ്റ് ബൈറ്റ് വന്ന കൈ മുക്കിവെക്കുക എന്നതാണ് എന്ന് കണ്ടെത്തിയത്.  

 

ഈ കണ്ടെത്തലിലേക്ക് അവർ പരീക്ഷിച്ചു പരീക്ഷിച്ച് എത്തിപ്പെട്ട രീതി പക്ഷെ വളരെ ഹൃദയ പേടകമായ പീഡനങ്ങൾ നീറഞ്ഞതായിരുന്നു. ആ ഫെസിലിറ്റിയിലെ ഗവേഷകർ പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്ന തടവുകാരെ കൈകൾക്ക് സംരക്ഷണം നൽകാതെ ആ തണുപ്പുകാലത്ത് പുറത്തിറക്കി നിർത്തും. ഇടക്കിടെ കൈകൾ ചെറുതായി നനച്ചു കൊടുത്ത് അവർക്ക് ഫ്രോസ്റ്റ് ബൈറ്റ് വരാൻ വേണ്ടി കാത്തുനിൽക്കും. 

ഈ കൈകളിൽ ഫ്രോസ്റ്റ് ബൈറ്റ് വന്നോ എന്നറിയാൻ വേണ്ടി അവർ പ്രയോഗിച്ചിരുന്ന ടെക്നിക് വളരെ ലളിതമായിരുന്നു. അവരുടെ കയ്യിൽ ഒരു വടിയുണ്ട്. അതുകൊണ്ട് വിരലിൽ തട്ടുമ്പോൾ ബോർഡിന്മേൽ തട്ടുന്ന അതേ ശബ്ദം വരണം. എങ്കിൽ ഫ്രോസ്റ്റ് ബൈറ്റ് ഏറ്റു എന്നർത്ഥം. അങ്ങനെ ഫ്രോസ്റ്റ് ബൈറ്റ് വന്നു എന്നുറപ്പിച്ച വിരലിനെ പിന്നെ ഗവേഷകർ വെട്ടിയെടുക്കും. അങ്ങനെ വെട്ടിയെടുത്ത വിരലിന്മേൽ അവർ ലാബിൽ വെച്ച് പരീക്ഷണങ്ങൾ നടക്കും. അതുകൊണ്ട് തികയാതെ വരുമ്പോൾ അവർ അടുത്ത വിരലിലേക്ക് നീങ്ങും. അങ്ങനെ വെട്ടിവെട്ടി കയ്യിലും കാലിലും വിരലുകൾ ബാക്കിയില്ലാതെ വരുമ്പോൾ ആ കബന്ധങ്ങൾ രാസായുധ പരീക്ഷണങ്ങൾക്ക് വിട്ടുനൽകും. അപ്പോഴും പക്ഷെ അവയിൽ ജീവൻ അവശേഷിക്കുന്നുണ്ടാകും. ഇങ്ങനെ പരീക്ഷണങ്ങൾ നടത്തി നടത്തി നിരവധി പേരെ വധിച്ചിട്ടാണെങ്കിലും, ലോകത്തെ മറ്റുള്ള മെഡിക്കൽ ഗവേഷകരെക്കാൾ നാലഞ്ച് വര്ഷം മുമ്പ് ജാപ്പനീസ് സൈനിക ഡോക്ടർമാർക്ക് ഫ്രോസ്റ്റ് ബൈറ്റിനുള്ള പരിഹാരം കണ്ടെത്താനായി. ഇങ്ങനെ താപനില വ്യതിയാനം പഠിക്കാൻ അവർ മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ദേഹം വരെ പ്രയോജനപ്പെടുത്തി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 

 

അതുപോലെ വിഷ വാതകങ്ങൾക്കെതിരെ വികസിപ്പിച്ചെടുക്കപ്പെടുന്ന ഗ്യാസ് മാസ്കുകളുടെ ടെസ്റ്റിങ്ങിനും പാവങ്ങളെ ആണ് പ്രയോജനപ്പെടുത്തിയിരുന്നത്. ഗവേഷണത്തിന്റെ തുടക്കത്തിലൊക്കെ മാസ്കുകൾ പരാജയപ്പെടാറുണ്ട്. അപ്പോഴൊക്കെ ഈ തടവുകാർ ആ പരീക്ഷണങ്ങളിൽ മരണപ്പെടാറുമുണ്ട്. 

അതിനു ശേഷമാണ് വിഷവാതകങ്ങളുടെ ചികിത്സാ പരീക്ഷണങ്ങൾ നടന്നിരുന്നത്. രണ്ടു സെറ്റ് തടവുകാരെ ഒരേ വാതകം ഏൽപ്പിക്കും. ഒരു കൂട്ടർക്ക് മേൽ അതിനുവേണ്ടി വികസിപ്പിച്ചെടുത്ത പുതിയ മരുന്നുകൾ പ്രയോഗിക്കും. രണ്ടാമത്തെ സെറ്റിനെ ചികിത്സ നൽകാതെ, അവരുടെ ശരീരങ്ങൾ ജീവനോടെ കീറിമുറിച്ച് തങ്ങളുടെ രാസായുധങ്ങൾ അവരുടെ അന്തരാവയവങ്ങൾക്ക് ഏൽപ്പിച്ച ക്ഷതങ്ങൾ 'ലൈവ്'ആയി പരിശോധിക്കും. ഈ ഇരകൾ ഇങ്ങനെ കീറിമുറിക്കുന്നതിന്റെ വേദന സഹിക്കാനാവാതെ പലപ്പോഴും അലറിക്കരയും. കൈകാലുകൾ ബന്ധിച്ച ശേഷമാണ് ഈ ലൈവ് കീറിമുറിക്കൽ എന്നതിനാൽ, കിടന്നു ഞെരിപിരി കൊള്ളാൻ മാത്രമേ അവർക്ക് സാധിക്കാറുള്ളൂ. താമസിയാതെ മരണത്തിനു കീഴടങ്ങാനും. 

 

ഷിരോ ഇഷിയുടെ സിഫിലിസ് പരീക്ഷണങ്ങളും കുപ്രസിദ്ധമാണ്. ആദ്യം അയാൾ ഒരു തടവുകാരനിലേക്ക് സിഫിലിസ് രോഗാണുവിനെ കടത്തിവിട്ട് അയാളെ സിഫിലിസ് ബാധിതനാക്കും. എന്നിട്ട് അയാളെക്കൊണ്ട് സഹതടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടീപ്പിക്കും. അതിനു ശേഷം, സ്വാഭാവികമായി സിഫിലിസ് രണ്ടാമത്തെ അയാളിലേക്ക് പകരാൻ എത്ര ദിവസം എടുക്കുന്നു എന്ന് നിരീക്ഷിക്കും. അതുപോലെ ടൈഫോയ്ഡ് രോഗാണു കുത്തിവെച്ച ഭക്ഷണം തടവുകാർക്ക് നൽകിയ ശേഷം, അത് പടർന്നു പിടിക്കുന്നതിന്റെ പാറ്റേൺ നിരീക്ഷണത്തിനു വിധേയമാക്കും ഷിരോ ഇഷി. ഒരിക്കൽ ഇയാൾ കുട്ടികൾക്ക് ആന്ത്രാക്സ് ബാക്ടീരിയ കലർത്തിയ ചോക്കലേറ്റുകൾ കഴിക്കാൻ നൽകി. വിശന്ന് വലഞ്ഞിരുന്ന പല കുഞ്ഞുങ്ങളും എന്തെന്ന് പോലും ചോദിക്കാതെ അത് കഴിച്ചു. ഷിരോ ഇഷി തങ്ങളോട് ദയ കാട്ടിയതാണെന്നു കരുതി ആ ചോക്കലേറ്റുകൾ കഴിച്ച പല കുഞ്ഞുങ്ങളും ആന്ത്രാക്സ് ബാധിച്ചു മരിച്ചുപോയി അന്ന്. 

അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കാൻ വേണ്ടി പ്ളേഗ് ബോംബുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഷിരോ ഇഷി തന്റെ പരീക്ഷണ ശാലയിലെ അവസാന കാലത്ത്. എന്നാൽ, ഷിരോ ഇഷിയുടെ പരീക്ഷണം പൂർത്തിയാകും മുമ്പ്, 1945 -ൽ അമേരിക്ക ജപ്പാന്റെ മണ്ണിൽ ആറ്റംബോംബ് ഇടുകയും, അതോടെ രണ്ടാം ലോകമഹായുദ്ധത്തിനു അവിചാരിതമായ അവസാനമുണ്ടാവുകയും ചെയ്തതോടെ ഷിറോയുടെ യൂണിറ്റ് 731 അടച്ചുപൂട്ടി. അതോടെ അയാളുടെ രാസായുധ സ്വപ്നങ്ങളും പാതിവഴി മുടങ്ങി. 

യൂണിറ്റ് 731 മായി ബന്ധപ്പെട്ടു കൊണ്ട് ഷിരോ ഇഷി നടത്തിയ പരീക്ഷണങ്ങൾക്ക് വിധേയരായി കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണം ലഭ്യമല്ല. എന്നാലും, ഏകദേശം ഒരു കണക്കുവെച്ച് അത് രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിൽ വരും. അയാൾ മനുഷ്യന്റെ ശരീരം വെച്ച് നടത്തിയ ബീഭത്സമായ പരീക്ഷണങ്ങളുടെ ഇരകൾ മാത്രം ചുരുങ്ങിയത് 3000 പേരെങ്കിലും വരുമെന്ന് മറ്റൊരു കണക്കുമുണ്ട്. 

 

 

ഇത്രയധികം കൊലയ്ക്ക് കാരണക്കാരനായിട്ടും അമേരിക്കൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അയാൾ വിചാരണ ചെയ്യപ്പെട്ടില്ല. താൻ ചെയ്തു കൂട്ടിയ ക്രൂരതകളെപ്പറ്റിയുള്ള വിവരങ്ങൾ അമേരിക്കയോട് വെളിപ്പെടുത്തുന്നതിനിടെ തന്നെ വാർധക്യ സഹജമായ അസുഖങ്ങളാൽ അയാൾ മരണത്തിനു കീഴടങ്ങി.