Asianet News MalayalamAsianet News Malayalam

മൂന്നിൽ കൂടുതൽ നിറങ്ങൾ ധരിക്കരുത്, ചുവടുകളും, നൃത്തവും വശം വേണം, പുരുഷന്മാരെപ്പോലെ വസ്ത്രം ധരിക്കണം; ആരാണ് 'ഡ്രാഗ് കിംഗ്‍സ്?

സാപോറുകള്‍ക്ക് ഇപ്പോള്‍ സവിശേഷമായ അംഗീകാരമുണ്ട് കോംഗോയില്‍. പൊതുപരിപാടികളിൽ പങ്കെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. അവരെ ഇപ്പോൾ വിവാഹങ്ങൾക്കും പരസ്യങ്ങൾക്കും ആളുകൾ വിളിക്കുന്നുണ്ട്.

Drag kings of Congo
Author
Kongo, First Published Feb 4, 2020, 9:15 AM IST

സമൂഹത്തിൽ സ്ത്രീയെന്നും പുരുഷനെന്നുമുള്ള വേർതിരിവ് വസ്ത്രങ്ങളിൽ തുടങ്ങി തൊഴിൽ മേഖലയിൽ വരെ നിഴലിക്കുന്നു. അനേകം നൂറ്റാണ്ടുകളായി സ്ത്രീകൾ  ഈ അസമത്വത്തിനെതിരെ വിവിധ രീതിയിൽ പ്രതിഷേധിക്കുകയാണ്. സ്ത്രീസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഒരു വേറിട്ട മുഖമാണ് 'ഡ്രാഗ് കിംഗ്‍സ്'. പുരുഷനെപ്പോലെ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയാണ് ഇവിടെ നമുക്ക് കാണാനാവുക. ഇവരെയാണ് ഡ്രാഗ് കിംഗ്‍സ് എന്ന് വിളിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക്, പാരിസ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ ഡ്രാഗ് കിംഗ് സംസ്‍കാരം കാണാവുന്നതാണ്. മിക്ക വേദികളും ചുവടുവെപ്പുകളുമായി ഇവരുണ്ടാകും. ഈ ഡ്രാഗ് കിംഗ്‍സ്.

ദരിദ്ര രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ബ്രസാവില്ലെയിലെ സ്ത്രീകൾ അവരുടെ പ്രതിഷേധം ഈ രീതിയിലാണ് രേഖപ്പെടുത്തുന്നത്. സ്ത്രീകളെ രണ്ടാം പൗരന്മാരായി കാണുന്ന ഒരു സംസ്‍കാരത്തില്‍, പുരുഷവേഷത്തിൽ ജീവിക്കുന്നതിനും പൊതുസമൂഹത്തിൽ അത് ധരിച്ച് ഇടപഴകുന്നതിനും വല്ലാത്ത ധൈര്യം ആവശ്യമാണ്. എന്നാൽ, ഏത് വെല്ലുവിളികളെയും ചോദ്യം ചെയ്യാൻ ഈ പെൺകരുത്ത് തയ്യാറാണ്.

സാപോര്‍ സംസ്‍കാരം

അവരുടെ ഈ വേഷധാരണത്തില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട്. അതിൽ സാപോര്‍ സംസ്‍കാരത്തിന്‍റെ സ്വാധീനം കാണാനാവും. സാപോറിനെ കുറിച്ച് പറയുകയാണെങ്കിൽ, വസ്ത്രത്തിലൂടെയും, ചേഷ്ടകളിലൂടെയും സമ്പന്നരെ അനുകരിക്കുന്ന സാധാരണക്കാരെയാണ് ആദ്യകാലത്ത് സാപോര്‍ എന്ന് വിളിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് സാപോര്‍ പ്രസ്ഥാനം ഉടലെടുക്കുന്നത്. അന്ന് ഫ്രഞ്ചുകാർ കോംഗോയിൽ എത്തിയപ്പോൾ, കോംഗോ വംശജരായ യുവാക്കൾക്കിടയിൽ പാരീസിന്റെ ഫാഷൻ തരംഗം പടർന്നുപിടിച്ചു. ഫ്രഞ്ച് കോളനിക്കാർക്ക് വേണ്ടി പ്രവർത്തിച്ച കോംഗോളിയൻ അടിമകൾ ആ രാജ്യത്തിന്‍റെ വസ്ത്രശൈലിയും, ധനികരീതിയും അനുകരിക്കാൻ തുടങ്ങി. കൊളോണിയൽ 'യജമാനന്മാർ' അവരുടെ പഴയ വസ്ത്രം അടിമകൾക്ക് സമ്മാനിച്ചു. താമസിയാതെ അടിമകൾ യജമാനന്മാരുമായി മത്സരിക്കാനുള്ള വഴി കണ്ടെത്തി. പാരീസിൽ നിന്ന് ഏറ്റവും പുതിയ ഫാഷനുകൾ സ്വന്തമാക്കുന്നതിന് അവരുടെ തുച്ഛമായ വേതനം  ചെലവഴിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ മാത്രമല്ല, യജമാനന്മാർ, സംസാരിക്കുന്ന രീതിയും, ചേഷ്ടയും ജോലിക്കാർ അനുകരിക്കാൻ തുടങ്ങിയിരുന്നു. അതിലൊരുതരം ധനികരോടുള്ള പ്രതിഷേധവും ധാര്‍ഷ്യവും കൂടി ചിലപ്പോഴൊക്കെ ദര്‍ശിക്കാമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലുടനീളം നീണ്ടുനിന്ന സാപോര്‍ പ്രസ്ഥാനം ആ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ക്ഷയിച്ചുപോയി. എന്നാല്‍, 1970 -കളിൽ സംഗീതജ്ഞൻ പാപ്പ വെംബ അതിനെ വീണ്ടും കൊണ്ടുവന്നു.

അനുഭവങ്ങള്‍

എഡിത്ത് ലൗബാക്കി:  10 വർഷം മുമ്പാണ് പുരുഷന്മാർ മാത്രമുണ്ടായിരുന്ന ഈ പ്രസ്ഥാനത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തിത്തുടങ്ങിയത്. 1980 മുതലാണ് 49 വയസുള്ള എഡിത്ത് ലൗബാക്കി ഒരു 'ഡ്രാഗ് കിംഗാ'യി വസ്ത്രം ധരിക്കുന്നത്. എന്നാല്‍, പരസ്യമായി അംഗീകരിച്ച ആദ്യത്തെ സാപോറുകളിൽ ഒരാളാണ് അവർ. "ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഇതിന്‍റെ ഭാഗമായി. എന്‍റെ ആദ്യ ഭർത്താവ് ഒരു സാപോര്‍ ആയിരുന്നു. നമ്മൾ എല്ലായ്‍പ്പോഴും ശുദ്ധിയുള്ളവരായിരിക്കണം. നമ്മുടെ രൂപത്തെ കുറിച്ച് നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം എന്ന് എന്‍റെ കുട്ടികളോടും ഞാൻ പറയാറുണ്ട്" സെയിൽസ് വുമണും, ഹെയർഡ്രെസ്സറുമായ എഡിത്ത് പറയുന്നു.

അന്ന ലൂബിൻസി: ടെലിവിഷനിൽ ചില ഡ്രാഗ് കിംഗ് അംഗങ്ങളെ കണ്ടശേഷമാണ് 32 -കാരിയായ അന്ന ലൂബിൻസി ഒരു സാപോറായത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവർ പറയുന്നു. എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രൂപ്പിൽ ചേരാൻ ഉത്സാഹം മാത്രം പോരാ. “ഞാൻ ഒരു സാപോറായി പുറത്തുവന്ന് സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതിന് അഞ്ച് വർഷത്തെ പരിശീലനം വേണ്ടിവന്നു” ലൂബിൻസി ഓര്‍ക്കുന്നു. വസ്ത്രങ്ങൾ എങ്ങനെ ധരിക്കണം, എങ്ങനെ ശരിയായി നടക്കണം, എങ്ങനെ പോസ് ചെയ്യണം, എങ്ങനെ നൃത്തം ചെയ്യണം തുടങ്ങിയ പാഠങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ ഇപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ വനിതാ അംഗങ്ങളാണ്.  

ഡ്രാഗ് ഷോകൾക്കും, മത്സരങ്ങൾക്കും വ്യത്യസ്‍ത സാപോര്‍ കമ്മ്യൂണിറ്റികൾ പരസ്പരം മത്സരിക്കുന്നു. സെപ്റ്റംബറിലെ ഫെസ്റ്റിവൽ ഓഫ് സാപോഴ്‍സിലാണ് ഏറ്റവും വലിയ മത്സരം നടക്കുന്നത്. “ഒരു സാപോര്‍ ആവുകയെന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന കാര്യമാണ്. ഞാൻ എന്‍റെ മകനെയും സാപോറാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ അവനെ പരിശീലിപ്പിക്കുകയാണ്” ഇളയ മകനോടൊപ്പം ഒരു സമ്മേളനത്തിൽ പങ്കെടുത്ത ലൂബിൻസി പറഞ്ഞു. 

ചന്തൽ കൊറിസാ: 45 -കാരിയായ ചന്തൽ കൊറിസാ ആ സംസ്‍കാരത്തിലാണ് വളർന്നത്. പത്താമത്തെ വയസ്സുമുതല്‍ കൊറിസാ പുരുഷന്മാരെപ്പോലെയാണ് വസ്ത്രം ധരിക്കുന്നത്. ''എന്‍റെ മാതാപിതാക്കൾ സാപോറുമാരായിരുന്നു. അതുകാരണം എന്‍റെ പത്ത് വയസ്സു മുതൽ ഞാൻ ഇത് പിന്തുടരുന്നുണ്ട്.  വളരെ ചെറുപ്പം മുതൽ ഞാൻ പുരുഷനെപ്പോലെ വസ്ത്രം ധരിച്ചു തുടങ്ങിയിരുന്നു. എന്തൊക്കെ പറഞ്ഞാലും ഞാനിത് ഒരുപാടിഷ്ടപ്പെടുന്നു" മൂന്ന് കുട്ടികളുടെ അമ്മയായ ആ പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.

കര്‍ശന നിയമങ്ങള്‍

സാപോറുമാരുടെ നിയമങ്ങൾ കർശനമാണ്:
അവർക്ക് ഒരു സമയം മൂന്നിൽ കൂടുതൽ നിറങ്ങൾ ധരിക്കാൻ പാടില്ല.
അംഗങ്ങളല്ലെങ്കില്‍ അവർക്ക് ഒരു സാപോര്‍ ക്ലബിൽ പ്രവേശിക്കാൻ കഴിയില്ല.
അവർക്ക് ചുവടുകളും, നൃത്തവും വശം വേണം.
പോരാത്തതിന് അവർക്ക് ഒരു പുരുഷനായി മാത്രമേ വസ്ത്രം ധരിക്കാനാകൂ.
സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ സാധിക്കില്ല.  

സാപോറുകള്‍ക്ക് ഇപ്പോള്‍ സവിശേഷമായ അംഗീകാരമുണ്ട് കോംഗോയില്‍. പൊതുപരിപാടികളിൽ പങ്കെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു. അവരെ ഇപ്പോൾ വിവാഹങ്ങൾക്കും പരസ്യങ്ങൾക്കും ആളുകൾ വിളിക്കുന്നുണ്ട്. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഇവിടെ, സമൂഹത്തിൽ അവരുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഡ്രാഗ് കിംഗിന് കഴിയുന്നുവെന്നാണ് പറയുന്നത്. 

''എല്ലാ സാപോറുകളും, അവർ പുരുഷനോ സ്ത്രീയോ ആകട്ടെ, സന്തോഷിക്കാനും, വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനും, ജീവിതം ആസ്വദിക്കാനും, നല്ല അന്തരീക്ഷം സൃഷ്ടിക്കാനും ഇവിടെ സാധിക്കുന്നുണ്ട്.'' ഒരു വനിതാ സാപോര്‍ പറയുന്നു.

ഓരോ സംസ്‍കാരങ്ങളുണ്ടാവുന്നത് എങ്ങനെയൊക്കെയാണല്ലേ? വൈവിധ്യങ്ങളായ സംസ്‍കാരങ്ങളാണല്ലോ ഭൂമിയുടെ ഭംഗിയും. 

(കടപ്പാട്: ന്യൂയോര്‍ക്ക് പോസ്റ്റ്)

Follow Us:
Download App:
  • android
  • ios