'ഡ്രെസ് കോഡിൽ ഇരട്ടത്താപ്പാണ്, ക്രോപ് ടോപ്പ് ഓക്കേയാണ്. പക്ഷേ സ്ലിപ്പർ പറ്റില്ല' എന്നും പറഞ്ഞാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

തന്റെ ഓഫീസിൽ നടപ്പിലാക്കുന്നത് ഇരട്ടത്താപ്പാണ് എന്ന പോസ്റ്റുമായി യുവാവ്. സ്ത്രീകൾക്ക് ഓഫീസിൽ ക്രോപ് ടോപ്പ് ധരിച്ച് വരാൻ അധികാരമുണ്ട്, എന്നാൽ തന്നോട് സ്ലിപ്പർ ധരിച്ച് ഓഫീസിൽ വരാൻ പറ്റില്ല എന്ന് ബോസ് പറഞ്ഞു എന്നാണ് റെഡ്ഡിറ്റിൽ ഷെയർ ചെയ്ത പോസ്റ്റിൽ യുവാവ് പറയുന്നത്.

'ഡ്രെസ് കോഡിൽ ഇരട്ടത്താപ്പാണ്, ക്രോപ് ടോപ്പ് ഓക്കേയാണ്. പക്ഷേ സ്ലിപ്പർ പറ്റില്ല' എന്നും പറഞ്ഞാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. @peela_doodh12 എന്ന യൂസർ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്, തന്റെ ഓഫീസിൽ ഔദ്യോ​ഗികമായ ഡ്രസ് കോഡുകൾ ഒന്നും തന്നെ ഇല്ല, പക്ഷേ തന്നോട് ബോസ് സ്ലിപ്പർ ധരിക്കരുത് എന്ന് നിർദ്ദേശിച്ചു എന്നാണ്.

'ഞാൻ ഒരു ഡിജിറ്റൽ ന്യൂസ് വെബ്‌സൈറ്റിലാണ് ജോലി ചെയ്യുന്നത്, അവിടെ ഔദ്യോഗികമായി ഡ്രസ് കോഡ് ഒന്നും ഇല്ല. ചില വനിതാ സഹപ്രവർത്തകർ നേവൽ ഭാഗം വെളിവാക്കുന്ന ക്രോപ്പ് ടോപ്പുകൾ ധരിക്കാറുണ്ട്, എനിക്ക് അതിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ, എന്റെ ബോസ് ഒരിക്കൽ സ്ലിപ്പറുകൾ ധരിക്കരുതെന്ന് എന്നോട് പറഞ്ഞിരുന്നു അതാണ് എന്നെ അലട്ടുന്നത്. മീറ്റിംഗുകളിൽ പങ്കെടുക്കുകയോ ഫോർമൽ വസ്ത്രം ധരിക്കേണ്ടുന്ന ആവശ്യമോ ഒന്നും തന്നെ ഇല്ലാത്ത റോളാണ് എന്റേത്. അപ്പോൾപ്പിന്നെ, എന്തിനാണ് ഈ ഇരട്ടത്താപ്പ്? മറ്റുള്ളവർക്ക് കംഫർട്ടബിളായ വസ്ത്രം ധരിക്കാൻ സാധിക്കുമെങ്കിൽ, ഞാൻ എന്റെ ജോലി നന്നായി ചെയ്യുന്നിടത്തോളം കാലം എന്തുകൊണ്ടാണ് എനിക്ക് സ്ലിപ്പറുകൾ ധരിക്കാൻ കഴിയാത്തത്?' എന്ന് യുവാവ് എഴുതുന്നു.

എന്തായാലും, യുവാവിന്റെ പോസ്റ്റ് റെഡ്ഡിറ്റിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. യുവാവിനെ അനുകൂലിച്ചും അഭിപ്രായത്തോട് പ്രതികൂലിച്ചും അനേകങ്ങൾ കമന്റ് നൽകിയിട്ടുണ്ട്. 'നിങ്ങൾ ചെരിപ്പേ ധരിക്കാതെ പോകൂ, അപ്പോൾ സ്ലിപ്പറെങ്കിലും ധരിച്ചിട്ട് വരൂ എന്ന് ബോസ് പറയും' എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം, ക്രോപ് ടോപ്പും സ്ലിപ്പറും താരതമ്യം ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. സ്ലിപ്പർ ധരിച്ചുകൊണ്ട് ആരാണ് ഓഫീസിൽ പോവുക എന്നായിരുന്നു മറ്റ് ചിലർ ചോദിച്ചത്.