ഇപ്പോൾ പ്രേതന​ഗരത്തിൽ വരൾച്ചയെ തുടർന്ന് വിണ്ടുകീറിയ ചെളി നിറഞ്ഞ നിലത്തുകൂടി നടക്കുമ്പോൾ, ഭാഗികമായി തകർന്ന മേൽക്കൂരകൾ, ഇഷ്ടികകൾ, തടി അവശിഷ്ടങ്ങൾ, വാതിലുകളോ ബീമുകളോ, എന്തിന് തുരുമ്പിച്ച പൈപ്പിൽ നിന്ന് ഇപ്പോഴും ഒഴുകുന്ന കുടിവെള്ള സംവിധാനം പോലും കാണാം. 

വരള്‍ച്ചയെ തുടര്‍ന്ന് റിസർവോയറിലെ വെള്ളം വറ്റി. തുടര്‍ന്ന് ഉയര്‍ന്നുവന്നതാവട്ടെ ഒരു പ്രേതനഗരം. അതോടെ ഇത് കാണാനായി വിനോദസഞ്ചാരികളും എത്തിത്തുടങ്ങി. സംഭവം സ്പെയിനി(Spain)ലാണ്. 1992 -ലാണ്, അസെറെഡോ(Aceredo)യിൽ താമസിക്കുന്ന ഡസൻ കണക്കിന് കുടുംബങ്ങൾക്ക് ഒരു റിസർവോയറിന് വഴിയൊരുക്കുന്നതിനായി അവരുടെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകേണ്ടി വന്നത്. ആ ​ഗ്രാമമാണ് ഇപ്പോൾ വെള്ളം വറ്റിയതിനെ തുടർന്ന് വെളിപ്പെട്ട് വന്നിരിക്കുന്നത്.

എന്നാൽ, ഈ വരൾച്ചയും അതേ തുടർന്നുണ്ടായ പ്രേതന​ഗരത്തിന്റെ വെളിപ്പെടലുമെല്ലാം വരൾച്ചയെ കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുമെല്ലാമുള്ള ആശങ്കകളും ചർച്ചകളും ഉയർത്തിയിരിക്കുകയാണ്. വരൾച്ചയെത്തുടർന്ന് ആൾട്ടോ ലിൻഡോസോ റിസർവോയർ നിലവിൽ അതിന്റെ ശേഷിയുടെ 15 ശതമാനത്തിലാണുള്ളത്. വരും ആഴ്ചകളിൽ ഇത് കൂടുതൽ വഷളാകുമെന്ന് രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

ഇപ്പോൾ പ്രേതന​ഗരത്തിൽ വരൾച്ചയെ തുടർന്ന് വിണ്ടുകീറിയ ചെളി നിറഞ്ഞ നിലത്തുകൂടി നടക്കുമ്പോൾ, ഭാഗികമായി തകർന്ന മേൽക്കൂരകൾ, ഇഷ്ടികകൾ, തടി അവശിഷ്ടങ്ങൾ, വാതിലുകളോ ബീമുകളോ, എന്തിന് തുരുമ്പിച്ച പൈപ്പിൽ നിന്ന് ഇപ്പോഴും ഒഴുകുന്ന കുടിവെള്ള സംവിധാനം പോലും കാണാം. നേരത്തെ കഫേയുണ്ടായിരുന്ന ഒരിടത്ത് ശൂന്യമായ ബിയർ കുപ്പികളുള്ള പെട്ടികൾ അടുക്കിവച്ചിരുന്നു. പകുതി നശിച്ച ഒരു പഴയ കാർ തുരുമ്പെടുത്ത് കിടന്നിരുന്നു. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

അസെറെഡോ ഭാഗമായ ലോബിയോസ് കൗൺസിലിന്റെ മേയറായ മരിയ ഡെൽ കാർമെൻ യാനെസ് ഈ സംഭവത്തിൽ സമീപ മാസങ്ങളിൽ, പ്രത്യേകിച്ച് ജനുവരിയിലെ മഴയുടെ അഭാവത്തെ കുറ്റപ്പെടുത്തി. മാത്രമല്ല പോർച്ചുഗലിന്റെ പവർ യൂട്ടിലിറ്റി നടത്തുന്ന തികച്ചും ആക്രമണാത്മക ചൂഷണവും വെള്ളം വറ്റാനുള്ള കാരണമാകുന്നുവെന്ന് അവർ പറഞ്ഞു. വരൾച്ച രൂക്ഷമായതിനെത്തുടർന്ന് ഫെബ്രുവരി 1 -ന് പോർച്ചുഗൽ സർക്കാർ ആൾട്ടോ ലിൻഡോസോ ഉൾപ്പെടെ ആറ് അണക്കെട്ടുകളോട് വൈദ്യുതി ഉൽപാദനത്തിനും ജലസേചനത്തിനുമുള്ള ജല ഉപയോഗം ഏതാണ്ട് നിർത്താൻ ഉത്തരവിട്ടിരുന്നു. 

ഏതായാലും, ഈ വരൾച്ചയും പ്രേതന​ഗരത്തിന്റെ പ്രത്യക്ഷപ്പെടലുമെല്ലാം കാലാവസ്ഥാവ്യതിയാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.