ബെംഗളൂരുവിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ടെക്കി 2.2 കോടി രൂപയുടെ വീട് വാങ്ങുന്നതിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു. 3.2 ലക്ഷം രൂപ പ്രതിമാസ വരുമാനമുണ്ട് എന്നും 70 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് നൽകാനുള്ള ശേഷിയുണ്ടെന്നും യുവാവ് പറയുന്നു. 

3.2 ലക്ഷം രൂപ പ്രതിമാസ ശമ്പളമുണ്ടായിട്ടും, 70 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് നൽകാനുള്ള അവസ്ഥയുണ്ടായിട്ടും ഒരു വീട് വാങ്ങണോ എന്ന സംശയത്തിലാണ് ബെം​ഗളൂരുവിൽ നിന്നുള്ള ഈ ടെക്കിയായ യുവാവ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ സംശയം പങ്കുവച്ചിരിക്കുന്നത്. 2.2 കോടി രൂപയുടെ വീട് വാങ്ങുന്നതിനെക്കുറിച്ചാണ് ടെക്കിയായ യുവാവിന്റെ ആശങ്ക. കാരണം, മുമ്പ് ഒരിക്കലും യുവാവിന് ഇഎംഐ അടക്കാനുള്ള ബാധ്യത ഉണ്ടായിട്ടില്ലത്രെ. അതിനാൽ തന്നെ വീട് വാങ്ങണോ എന്ന കാര്യം സംശയമായി മുന്നിൽ നിൽക്കുകയാണ്. അതിന്റെ അഭിപ്രായം തേടിയാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

'വടക്കൻ ബാംഗ്ലൂരിൽ G+2 ഉള്ള ഒരു ഇൻഡിപെൻഡന്റ് വീട് (G- 1bhk, പാർക്കിംഗ്, 1st & 2nd ഫ്ലോർ - 3bhk). ഞാൻ 1.95 കോടി രൂപയ്ക്ക് വിലപേശി റെഡിയാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും എല്ലാം ഉൾപ്പടെ അത് 2.2 കോടി രൂപയായി മാറും' എന്നാണ് യുവാവ് പറയുന്നത്. പിന്നീട്, തന്റെ വരുമാനം എത്രയാണ്, എങ്ങനെയാണ് ഇഎംഐ വരിക എന്നതിനെ കുറിച്ചും യുവാവ് വിവരിക്കുന്നുണ്ട്. 'താൻ പ്രതിമാസം 3.2 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ചെലവ്: 50,000. 70 ലക്ഷം ഡൗൺ പേയ്‌മെന്റ് നടത്താൻ കഴിയും, അതായത് ബാക്കി 1.5 കോടി രൂപയ്ക്ക് ഭവനവായ്പ വേണ്ടിവരും, 1.25 ലക്ഷം ഇഎംഐ വരും' എന്ന് യുവാവ് കുറിക്കുന്നു. 'താൻ ഈ വീട് എടുക്കുകയാണെങ്കിൽ, ഒന്നാം നിലയിൽ താമസിക്കും, മറ്റ് രണ്ട് നിലകളും വാടകയ്ക്ക് നൽകും, അതിന് 40- 45,000 രൂപ കിട്ടും' എന്നും യുവാവ് പറയുന്നു.

എല്ലാ ആറ് മാസം കൂടുമ്പോഴും തന്റെ ശമ്പളം 10 ശതമാനം കൂടും. അതിനാൽ ഇഎംഐ അടക്കുന്നത് ഒരു പ്രശ്നമല്ല എന്നും പോസ്റ്റിൽ കാണാം. പോസ്റ്റിന് നിരവധിപ്പേർ കമന്റുകൾ നൽകി. ആ വീട് വാങ്ങുന്നത് ഒരു ബാധ്യതയാവില്ല, നല്ല കാര്യമായിട്ടാണ് തോന്നുന്നത് എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.