അതേസമയം, മറ്റ് പലരും യുവതിയെ രൂക്ഷമായി വിമർശിച്ചു. നിങ്ങൾക്ക് ഇന്ത്യയിലുണ്ടായ അനുഭവം വച്ച് ഇന്ത്യ മൊത്തത്തിൽ സുരക്ഷിതമായ രാജ്യമല്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു ഏറെപ്പേരും അഭിപ്രായപ്പെട്ടത്.
ബെർലിനെയും ഇന്ത്യയേയും താരതമ്യം ചെയ്ത് ഒരു ഇന്ത്യക്കാരിയായ യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജർമ്മനിയിലെയും ഇന്ത്യയിലെയും സുരക്ഷയെ കുറിച്ചുള്ളതാണ് പോസ്റ്റ്. @PrayRona_ എന്ന യൂസർ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. 'ബെർലിനിൽ ഇപ്പോൾ ഏകദേശം 3 മണിയായി. ടൗണിന്റെ മറ്റൊരു ഭാഗത്ത് പാർട്ടിയിൽ പങ്കെടുത്ത ശേഷം പൊതുഗതാഗതമാർഗമുപയോഗിച്ച് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയാണ്. ഒരു പെൺകുട്ടിയായതിനാൽ എനിക്ക് ഒരിക്കലും ഇന്ത്യയിൽ ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണ് ഇത്' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതും ആളുകൾ അതിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുമായി എത്തിയതും. ഏറെപ്പേരും യുവതിയെ വിമർശിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും അങ്ങനെയല്ലെന്നും ജനറലൈസ് ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞത് ശരിയായില്ല എന്നും പലരും അഭിപ്രായപ്പെട്ടു. 'നിങ്ങൾ ഒരിക്കലും മുംബൈയിൽ സമയം ചെലവഴിച്ചിട്ടുണ്ടാകില്ല, മുംബൈയിൽ ഇത് സാധ്യമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയായി യുവതി, താനൊരിക്കലും മുംബൈയിൽ വന്നിട്ടില്ല എന്ന് പറയുന്നു. ഒപ്പം ദില്ലിയിൽ നിന്നാണ് താൻ വരുന്നതെന്നും അതിനാൽ തന്നെ ഇത് തന്റെ ആദ്യത്തെ അനുഭവമാണ് എന്നുമാണ് യുവതി പറയുന്നത്.
അതേസമയം, മറ്റ് പലരും യുവതിയെ രൂക്ഷമായി വിമർശിച്ചു. നിങ്ങൾക്ക് ഇന്ത്യയിലുണ്ടായ അനുഭവം വച്ച് ഇന്ത്യ മൊത്തത്തിൽ സുരക്ഷിതമായ രാജ്യമല്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു ഏറെപ്പേരും അഭിപ്രായപ്പെട്ടത്. അത് മാത്രമല്ല, യുവതിക്കെതിരെ വെറുപ്പും വിദ്വേഷവും നിറഞ്ഞ കമന്റുകളും പരാമർശങ്ങളും ബലാത്സംഗഭീഷണിയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അതോടെ, യുവതി പറഞ്ഞത് സത്യമായതുകൊണ്ടല്ലേ അവർക്ക് ഇപ്പോൾ ബലാത്സംഗഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത് എന്നും ആളുകൾ കമന്റ് നൽകി.


