നമുക്കറിയാം എല്ലായിടത്തും പെൺകുട്ടികളുടെ ചേലാകർമ്മം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും നിയമത്തെ നോക്കുകുത്തിയാക്കി പലയിടത്തും രഹസ്യമായി അത് നടന്നുവരുന്നുണ്ട്. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചേലാകർമ്മത്തിന് വിധേയരാക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വലിയ തോതിൽ വർധിക്കുമെന്നാണ് യുണൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ ഫണ്ട് (യുഎൻ‌എഫ്‌പി‌എ) ഈ ജനുവരിയിൽ മുന്നറിയിപ്പ് നൽകിയത്. അതിനെ ശരി വയ്ക്കുന്നതാണ് കെനിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. കെനിയയിൽ ആയിരക്കണക്കിന് പെൺകുട്ടികൾ കൂട്ടത്തോടെ ചേലാകർമ്മത്തിന് വിധേയരാകുന്നുവെന്നും, ചടങ്ങുകൾക്ക് ശേഷം ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികളെ തെരുവുകളിൽ നടത്തിക്കുന്നുവെന്നും ഒരു പ്രാദേശിക എൻ‌ജി‌ഒ റിപ്പോർട്ട് ചെയ്യുന്നതായി ടെലഗ്രാഫ് എഴുതുന്നു.     

ടാൻസാനിയൻ അതിർത്തി ജില്ലയായ കുരിയയിൽ, ഏകദേശം നാല് ആഴ്ചകളായി ഓരോ ദിവസവും ഏകദേശം 100 കണക്കിന് പെൺകുട്ടികളെയാണ് ചേലാകർമ്മത്തിന് വിധേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓൺലൈനിൽ പങ്കിട്ട വീഡിയോകളിൽ ഇതിനെ തുടർന്ന് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങൾ കാണാം. ഒൻപത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ആകർഷകമായ വസ്ത്രങ്ങൾ ധരിപ്പിച്ച് തെരുവുകളിലൂടെ നടത്തിക്കുന്നു. ചുറ്റും നൃത്തം ചെയ്യുന്ന മുതിർന്നവരെയും കുട്ടികളെയും അതിൽ കാണാം. പൊലീസിനെ പ്രതിരോധിക്കാനായി പുരുഷന്മാർ കൈയിൽ കത്തിയും, വടിവാളും മറ്റ് ആയുധങ്ങളും പിടിച്ചിരിക്കുന്നു. "ഈ ഘോഷയാത്രയുടെ അകമ്പടിയായി ഉച്ചത്തിലുള്ള സംഗീതവും നൃത്തവുമുമൊക്കെയുണ്ട്” ഇതിനെതിരെ പ്രവർത്തിക്കുന്ന സംഘടനയായ എംസിചാന എംപവർമെന്റ് കുരിയയുടെ സ്ഥാപകനായ നതാലി റോബി ടിംഗോ പറയുന്നു. കഴിഞ്ഞ മൂന്നര ആഴ്ചയിൽ ഏകദേശം 2,800 പെൺകുട്ടികളെ ഈ ക്രൂരതയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.  

ഇനിയും എത്രനാൾ ഈ ചേലാകർമ്മം തുടരുമെന്നത് അറിയില്ലെന്നും അവർ പറഞ്ഞു. "സെപ്റ്റംബർ അവസാന വാരത്തിലാണ് ഇത്  ആരംഭിച്ചത്. ശനിയാഴ്ചയോടെ ഇത് തീരുമെന്ന് ഞങ്ങൾ കരുതി. കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ്" ടിംഗോ പറഞ്ഞു. കെനിയൻ മന്ത്രാലയവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ടിംഗോ. കുടുംബങ്ങൾ ചേലാകർമ്മം രഹസ്യമായാണ് നടത്തുന്നതെങ്കിലും, രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയോടെ നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ പെൺകുട്ടികളെ തെരുവുകളിൽ പരസ്യമായി നടത്തിക്കുന്നു. “ഞാൻ ഒൻപത് വർഷം മുമ്പ് ഒരു ആക്ടിവിസ്റ്റായതാണ്. എന്നാൽ, ഇക്കാലമത്രയും ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല. ഇത്രയും ഭീകരവും, വ്യാപകവുമായി ഇത് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ ഹൃദയം നുറുങ്ങുകയാണ്"  അവർ പറഞ്ഞു.

മഹാമാരി മൂലം സ്കൂളുകൾ പൂട്ടിയതും ഇതിന് കൂടുതൽ സൗകര്യമൊരുക്കി എന്നവർ പറഞ്ഞു. “സ്കൂൾ അടച്ചുപൂട്ടിയപ്പോൾ കുട്ടികൾ ദിവസം മുഴുവൻ വീട്ടിലിരിപ്പായി. മാതാപിതാക്കൾക്ക് പെൺകുട്ടികളുടെ ചേലാകർമ്മം നടത്താൻ ഇത് നല്ലൊരു അവസരമായി മാറി. സാധാരണയായി ചടങ്ങ് നവംബർ, ഡിസംബർ മാസങ്ങളിലെ സ്കൂൾ അവധിക്കാലത്താണ് നടക്കുന്നത്. എന്നാൽ, ഈ വർഷം ഏപ്രിൽ മുതലേ ഇത് നടക്കുന്നു"  ടിംഗോ പറഞ്ഞു. ഇതിന് പുറമേ മഹാമാരിയുടെ പേരും പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവരും കുറവല്ല എന്നവർ പറഞ്ഞു. മഹാമാരി പോലുള്ള ദുരിതങ്ങൾ ദൈവകോപമാണെന്നും, ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് ചേലാകർമ്മം ഉൾപ്പെടെയുള്ള പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സാമുദായിക തലവന്മാർ പറയുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പെൺമക്കളെ ചേലാകർമ്മത്തിന് വിധേയമാക്കിയാൽ  'മണവാട്ടി വില' എന്ന പേരിൽ പണവും ലഭിക്കും. ഇതും ചില മാതാപിതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.

അതേസമയം ചേലാകർമ്മം പേടിച്ച് പലകുട്ടികളും ഒളിച്ചോടുന്നതായും റിപ്പോർട്ടുകളുണ്ട്. ചേലാകർമ്മത്തിന് വിധേയമാകുമെന്ന ഭയത്താൽ കെനിയയിലെ കുരിയ വെസ്റ്റിൽ നിന്നുള്ള 80 പെൺകുട്ടികൾ വീട്ടിൽ നിന്ന് ഒക്ടോബർ 14 -ന് ഓടി രക്ഷപ്പെട്ടതായി ഡെയ്‌ലി നേഷൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഒൻപതിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള ആ പെൺകുട്ടികൾ പ്രദേശത്തെ ഗേൾസ് സെക്കൻഡറി സ്കൂളിൽ അഭയം തേടിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്താക്കുമോ എന്നും, പഠിപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്നും ഭയന്ന് ഒട്ടുമിക്ക പെൺകുട്ടികളും ഇതിനെതിരെ വായതുറക്കാൻ മടിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം നരകയാതനയാണ് അവർ അനുഭവിക്കുന്നത്. കഠിനമായ വേദന, ആഘാതം, അമിത രക്തസ്രാവം, അണുബാധ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടെയുള്ള ഹ്രസ്വകാല ആരോഗ്യ പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു. ഇതിന് പുറമെ ഈ ക്രൂരമായ ആചാരം പെൺകുട്ടിയുടെ ലൈംഗിക, പ്രത്യുൽപാദന, മാനസികാരോഗ്യത്തിന് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.  

10 വർഷം മുമ്പാണ് കെനിയന്‍ സർക്കാർ ചേലാകർമ്മം നിയമം മൂലം നിര്‍ത്തലാക്കിയത്. 2022 -ടെ ഇത് പൂർണ്ണമായും ഇല്ലാതാകുമെന്നും അന്ന് രാഷ്ട്രപതി പറയുകയുണ്ടായി. എന്നാൽ, ഇപ്പോഴും അത് തടസ്സമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  2020 -ൽ മാത്രം ലോകമെമ്പാടുമുള്ള 4.1 ദശലക്ഷം പെൺകുട്ടികൾ ചേലാകർമ്മത്തിന് വിധേയരാകാൻ സാധ്യതയുണ്ടെന്ന് യുഎൻ കണക്കുകൾ പറയുന്നു. 

(ചിത്രം: പ്രതീകാത്മകം)