മാസം 5,000 രൂപ ശമ്പളത്തിൽ സെയിൽസ് റെപ്രസെന്റേറ്റീവായി തുടങ്ങി. ഇന്ന് 48 കോടി രൂപ വിറ്റുവരവുള്ള 'ഓം സായി സർജിക്കൽസ്' എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ് നയന വൈദ്യ.
മാസം വെറും 5,000 രൂപ ശമ്പളമുണ്ടായിരുന്ന ഒരു സെയിൽസ് റെപ്രസെന്റേറ്റീവിൽ നിന്ന് 48 കോടി രൂപ വിറ്റുവരവുള്ള ഒരു വൻകിട ബിസിനസ്സിന്റെ ഉടമയിലേക്ക്. അതേ, നയന വൈദ്യ എന്ന യുവതിയുടെ വിജയകഥയാണ്. ഹെൽത്ത് കെയർ വിതരണ ശൃംഖലയായ 'ഓം സായി സർജിക്കൽസ്' എന്ന കമ്പനിയുടെ സ്ഥാപകയാണ് നയന. പ്രശസ്തമായ 'ക്രോർ ക്ലബ്' പോഡ്‌കാസ്റ്റിലാണ് തന്റെ ജീവിതയാത്രയെ കുറിച്ച് അവർ തുറന്നുപറഞ്ഞത്.

2026 മാർച്ചിലെ കണക്കനുസരിച്ച് കമ്പനിയുടെ വിറ്റുവരവ് ഏകദേശം 48 കോടി രൂപയാണെന്ന് നയന വെളിപ്പെടുത്തി. എന്നാൽ, ഈ നേട്ടത്തിൽ താൻ അമിതമായി അഹങ്കരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'എനിക്ക് ഇതിൽ വലിയ അഹങ്കാരമൊന്നും തോന്നുന്നില്ല. കാരണം യാത്ര ഇനിയും ബാക്കിയുണ്ട്. സന്തോഷം കണ്ടെത്തേണ്ടത് പണത്തിലല്ല, നമ്മൾ ചെയ്യുന്ന ജോലിയിലാണ്' എന്ന് നയന പറയുന്നു.
തുടക്കം 5,000 രൂപയിൽ നിന്ന്
1997 -ൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്രസെന്റേറ്റീവായിട്ടായിരുന്നു നയനയുടെ തുടക്കം. അന്ന് 5,000 രൂപയായിരുന്നു മാസശമ്പളം. വിവാഹത്തിന് മുൻപ് ഫാർമസി പഠിച്ചിരുന്നതിനാൽ ആവശ്യമായ ലൈസൻസുകളും യോഗ്യതകളും നയനയ്ക്കുണ്ടായിരുന്നു. ആ സമയത്താണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ഓങ്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നയനയുടെ ഭർത്താവിന് അതേ കമ്പനിയുടെ ഒരു ഡീലർഷിപ്പ് ലഭിക്കുന്നത്. നയനയുടെ യോഗ്യത കൂടി പ്രയോജനപ്പെടുത്തി ഇരുവരും ചേർന്ന് ആ ഡീലർഷിപ്പ് ഏറ്റെടുത്തു. അതായിരുന്നു ആദ്യ പടി. ഏതാനും വർഷങ്ങൾക്കുശേഷം ഭർത്താവ് സ്വന്തമായി മറ്റൊരു ബിസിനസ്സിലേക്ക് കടന്നപ്പോൾ, ഡീലർഷിപ്പിന്റെ പൂർണ ചുമതല നയന ഏറ്റെടുത്തു.
ഇന്ന് ഓങ്കോളജി, സർജിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണ രംഗത്ത് മുൻപന്തിയിലാണ് ഓം സായി സർജിക്കൽസ്. 'വർഷങ്ങൾക്കൊണ്ട് നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ വിശ്വസ്തരായ ചാനൽ പാർട്ണറാകാൻ ഞങ്ങൾക്ക് സാധിച്ചു. ആശുപത്രികൾക്ക് ഏറ്റവും മികച്ച ഹെൽത്ത് കെയർ സേവനങ്ങൾ എത്തിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' എന്ന് നയന പറയുന്നു. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 48 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്.
തന്റെ ആസ്തി എത്രയെന്ന് കൃത്യമായി വെളിപ്പെടുത്താൻ നയന തയ്യാറായില്ല. 'സമ്പാദിച്ചതുകൊണ്ട് വളരെ സുഖകരമായ ഒരു ജീവിതം നയിക്കാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നുണ്ട്' എന്നായിരുന്നു അവരുടെ മറുപടി. എങ്കിലും, 2010 -ലാണ് താൻ ആദ്യമായി ഒരുകോടി രൂപ നേടുന്നതെന്ന് അവർ പറഞ്ഞു. നിലവിൽ സ്വന്തമായുള്ള പ്രോപ്പർട്ടികളിൽ നിന്നുള്ള വാടകയും നയനയ്ക്ക് വരുമാനമായുണ്ട്. 2019 -ൽ ഹോം ലോണിലൂടെ വാങ്ങിയ ഇവരുടെ വീടിന് ഇന്ന് ഏകദേശം 4 കോടി രൂപയോളം മൂല്യമുണ്ട്. പണത്തേക്കാൾ ഉപരി ചെയ്യുന്ന ജോലിയിലുള്ള ആത്മാർത്ഥതയാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് നയന വൈദ്യ പറയുന്നു.
