ഇതിനുപുറമെ, പഠനം മാത്രമല്ല ജീവിതം ആസ്വദിക്കാനും എക്സ്പ്ലോർ ചെയ്യാനുമാണ് താൻ പോകുന്നതെന്നും, അതിനാൽ എല്ലാ മാസവും ആവശ്യത്തിന് പണം അയച്ചു തരണമെന്നും അവൾ ആവശ്യപ്പെട്ടുവത്രെ.
മറ്റൊരു നഗരത്തിൽ പഠിക്കാനാഗ്രഹിക്കുന്ന തന്റെ ജെൻ സി കസിനെ കുറിച്ച് ഒരു മില്ലേനിയൽ യുവതി പങ്കുവച്ച പോസ്റ്റാണിത്. വലിയ ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള മാതാപിതാക്കളോടുള്ള പെൺകുട്ടിയുടെ സമീപനമാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. ശീതൾ എന്ന യുവതിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ജെൻ-സി തലമുറയ്ക്ക് ചിലപ്പോൾ വളരെ ബോൾഡായ, എന്നാൽ ഏതാണ്ട് സ്വാർത്ഥമായ മനോഭാവമാണുള്ളത്' എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ.
മാതാപിതാക്കളുടെ ഏക മകളാണ് പെൺകുട്ടി. ഉയർന്ന കോളേജ് ഫീസും മറ്റ് ചെലവുകളും കാരണം അവൾ വീട്ടിൽ നിന്നു തന്നെ പഠിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ, 'നിങ്ങൾ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എന്നെ അയച്ചില്ലെങ്കിൽ ഞാൻ പഠിക്കാൻ പോകുന്നില്ല. വീടു വച്ച് ലോൺ എടുക്കുകയോ അമ്മ ജോലിക്കു പോവുകയോ ചെയ്യൂ, എനിക്ക് അതൊന്നും അറിയണ്ട' എന്നാണ് കസിൻ മാതാപിതാക്കളോട് പറഞ്ഞത്.
ഇതിനുപുറമെ, പഠനം മാത്രമല്ല ജീവിതം ആസ്വദിക്കാനും എക്സ്പ്ലോർ ചെയ്യാനുമാണ് താൻ പോകുന്നതെന്നും, അതിനാൽ എല്ലാ മാസവും ആവശ്യത്തിന് പണം അയച്ചു തരണമെന്നും അവൾ ആവശ്യപ്പെട്ടുവത്രെ. ഒടുവിൽ, മാതാപിതാക്കൾ എല്ലാ കാര്യങ്ങളും ചെയ്യുകയും അവൾക്ക് ആഗ്രഹിച്ച കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാൽ, ആവശ്യങ്ങൾ അവിടെയും അവസാനിച്ചില്ല. കോളേജിലേക്ക് പോകുന്നതിന് മുമ്പ് പഴയ സുഹൃത്തുക്കൾക്കായി ഒരു പാർട്ടി നടത്തണമെന്നും അതിനായി പണം വേണമെന്നും അവൾ ആവശ്യപ്പെട്ടു.
'ഒരു മില്ലേനിയൽ എന്ന നിലയിൽ എനിക്ക് ഒരിക്കലും ഇതിന് കഴിയില്ലായിരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ശീതൾ പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് കസിന്റെ പെരുമാറ്റത്തെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. മറ്റുള്ളവരുമായി മത്സരിക്കാൻ മാതാപിതാക്കൾ സ്വന്തം സാമ്പത്തിക സ്ഥിതിക്കപ്പുറത്തേക്ക് കഷ്ടപ്പെടുമ്പോഴാണ് കുട്ടികളിൽ ഇത്തരം കാര്യങ്ങൾ സാധാരണമാണെന്ന ചിന്ത വളരുന്നതെന്ന് ഒരാൾ കുറിച്ചു.
ഇത് തികഞ്ഞ ധാർഷ്ട്യവും അഹങ്കാരവുമാണെന്നും, തങ്ങളുടെ മാതാപിതാക്കൾ നഗരത്തിൽ പഠിക്കാൻ പണം തരാതിരുന്നപ്പോൾ കോൾ സെന്ററുകളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്താണ് പഠനച്ചെലവുകൾ കണ്ടെത്തിയതെന്നും മറ്റൊരാൾ കുറിച്ചു. അതേസമയം, സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന ജെൻ-സി കുട്ടികളും ഉണ്ടെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളിലെ ഒക്കെപ്പോലെ 18 വയസാകുമ്പോഴേക്കും ഇൻഡിപെൻഡന്റ് ആകുന്ന തലമുറയാണ് നല്ലത് അല്ലേ?


