നെല്‍പ്പാടങ്ങളില്‍ നിന്ന് ധാന്യം കൊയ്‌തെടുത്ത ശേഷം അവശേഷിക്കുന്ന വെക്കോല്‍കറ്റകള്‍ കത്തിച്ചുകളയാറുണ്ടോ? ഇങ്ങനെ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ പരിസ്ഥിതി സൗഹൃദപരമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഗ്രി ബയോടെക് സ്ഥാപനം.

നെല്‍പ്പാടങ്ങളിലെ അവശിഷ്ടങ്ങള്‍ പുനചംക്രമണം നടത്താന്‍ സഹായിക്കുന്ന മൈക്രോബിയല്‍ ഫോര്‍മുല തങ്ങള്‍ വികസിപ്പിച്ചെടുത്തുവെന്നാണ് ഈ സ്ഥാപനം അവകാശപ്പെടുന്നത്. കത്തിച്ചുകളയുന്നതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം മണ്ണിന്റെ ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

സ്പീഡ് കോംപോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ലായനി കാന്‍ ബയോസിസ് എന്ന അഗ്രി ബയോടെക് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. ചെടികള്‍ക്ക് നല്‍കുന്ന പോഷകങ്ങളെക്കുറിച്ചും കീടനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചുമാണ് ഈ കമ്പനി ശ്രദ്ധ ചെലുത്തുന്നത്. കൃഷിക്കാര്‍ക്ക് അവരുടെ വിളകള്‍ പരമാവധി വര്‍ധിപ്പിക്കാനും വിഷകരമായ അവശിഷ്ടങ്ങള്‍ ഒഴിവാക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

അവയിലുള്ള കാര്‍ബണ്‍ ചൂടും വെളിച്ചവുമായി പുറത്തേക്ക് വരുന്നതു മൂലം വെറും ചാരമായി മാറുന്നു. ഈ ചാരം മണ്ണിന്റെ പി.എച്ച് മൂല്യം ഉയര്‍ത്തുന്നു. പി.എച്ച് മൂല്യം ന്യൂട്രല്‍ ആയാല്‍ മാത്രമേ മണ്ണ് ഫലപുഷ്ടിയുള്ളതാകൂ. ഈ ചാരം മണ്ണിര അടക്കമുള്ള ജീവികള്‍ കൂട്ടത്തോടെ ചാകുന്നതിന് കാരണമാകുന്നു.

ഇങ്ങനെ ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ ആ ഭാഗത്തുള്ള സൂക്ഷ്മജീവികള്‍ നശിക്കുന്നു. മണ്ണിന് പുതയിടുന്നതാണ് ഏറ്റവും നല്ലത്. ഇത്തരത്തില്‍ തീയിടുമ്പോള്‍ നശിക്കുന്ന മണ്ണ് യഥാര്‍ഥ ഗുണമുള്ള മണ്ണായി മാറാന്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ എടുക്കും.

ജൈവവൈവിധ്യം കത്തിനശിക്കമ്പോള്‍ മണ്ണില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുകയും മണ്ണിലെ ജലത്തിന്‍റെ അളവ് വന്‍തോതില്‍ നഷ്ടമാകുകയും ചെയ്യുന്നു. ഇത് ജലക്ഷാമം വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഇത് കൂടാതെ പൂര്‍ണമായി കത്തിത്തീരാത്ത ജൈവഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഏഷ്യന്‍ ബ്രൗണ്‍ ക്ലൗഡ് എന്ന പ്രതിഭാസത്തിലേക്കും നയിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതാണ് ഇത്.

കാന്‍ ബയോസിസിന്റെ ഉത്പന്നം ചെയ്യുന്നത്

സെല്ലുലോസ്, അന്നജം, മാംസ്യം എന്നിവയെ വിഘടിപ്പിക്കുന്ന ബാക്റ്റീരിയകളും ഫംഗസുകളുമാണ് ഈ ലായനിയില്‍ അടങ്ങിയിരിക്കുന്നത്. 'മണ്ണിലെ കാര്‍ബണിന്റെ അളവ് മെച്ചപ്പെടുത്താന്‍ സ്പീഡ് കോംപോസ്റ്റ് സഹായിക്കുന്നു. മണ്ണിലെ വിളകളുടെ അവശിഷ്ടങ്ങളുമായി വളരെ ഫലപ്രദമായ രീതിയില്‍ ലയിച്ചുചേര്‍ന്ന് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു' കാന്‍ ബയോസിസിന്റെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ സന്ദീപ കനിത്കാര്‍ പറയുന്നു.

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കുറച്ച് കൃഷിക്കാരാണ് പൂനെയിലുള്ള സ്ഥാപനത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുന്നത്. 'ഏകദേശം 20,000 ഏക്കര്‍ ഭൂമിയില്‍ ഈ ഫോര്‍മുല ഞങ്ങള്‍ പ്രയോഗിച്ചു. 150 സാമ്പിളുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ഇത് ഉപയോഗിച്ചു കഴിഞ്ഞപ്പോള്‍ മണ്ണിലടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവ് 50 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തി.' സന്ദീപ കനിത്കാര്‍ പറയുന്നു.

മണ്ണില്‍ സിലിക്കയുടെയും ലിഗ്നിന്റെയും അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ വിഘടിക്കാന്‍ വളരെക്കാലമെടുക്കും. ഇവര്‍ വികസിപ്പിച്ച മൈക്രോബിയല്‍ സൊല്യൂഷന്‍ വിഘടനപ്രക്രിയ വേഗത്തിലാക്കുകയും ധാരാളം വിളകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മണ്ണിലെ ജൈവകാര്‍ബണ്‍ വര്‍ധിപ്പിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. അതുകൂടാതെ അന്തരീക്ഷത്തലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതുകാരണം കാലാവസ്ഥ മാറ്റം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒരേക്കര്‍ ഭൂമിയിലുള്ള വിളയവശിഷ്ടങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നിക്ഷേപമെന്നത് ഏകദേശം 2000 രൂപയാണെന്ന് ഇവര്‍ പറയുന്നു. ഉത്പന്നത്തിന്റെ വില 600 രൂപയാണ്.

'പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് ലഭിക്കുന്ന സാങ്കേതിക വിദ്യകള്‍ വളരെ കുറവാണ്. അതുകാരണം ഉണങ്ങിയ വൈക്കോല്‍ അവശിഷ്ടങ്ങള്‍ അവര്‍ വലിയ തോതില്‍ കത്തിച്ചു കളയുന്നു. ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നമാണ് ഞങ്ങള്‍ നല്‍കുന്നത്. മിതമായ നിരക്കില്‍ അവര്‍ ഉത്പന്നം ലഭ്യമാണ്. പരിസ്ഥിതിയിലും ജനങ്ങളുടെ ആരോഗ്യത്തിലും നല്ലൊരു പുരോഗതി ഇതുവഴിയുണ്ടാക്കാന്‍ കഴിയും'. സന്ദീപ ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പഞ്ചാബിലെയും ഹരിയാനയിലെയും നെല്‍പ്പാടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഏകദേശം ഒരു കോടി ഏക്കറാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ 1500 ടണ്‍ സ്പീഡ് കോംപോസ്റ്റ് വര്‍ഷത്തില്‍ ഇവര്‍ ഉത്പാദിപ്പിക്കുന്നു. പ്രാദേശികമായി ഈ ഉത്പന്നം നിര്‍മിക്കാനുള്ള യൂണിറ്റ് പഞ്ചാബിലോ ഹരിയാനയിലോ ഉണ്ടാക്കാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്.