ഡൊണഗലില്‍ ഇവയെ ആദ്യമായി കണ്ടത് ഡബ്ലിനില്‍ നിന്നുള്ള ഷെയിന്‍ ഫാരലാണ്. അദ്ദേഹത്തിന് അമ്പരപ്പ് അടക്കാനായില്ല. ആദ്യമായി പക്ഷിയെ കണ്ടതിനെ കുറിച്ച് ഫാരല്‍ പറഞ്ഞത് 'ഇപ്പോഴും ആ അനുഭവം മറക്കാനാവില്ല' എന്നാണ്. 

പക്ഷി നിരീക്ഷകർക്കും ഗവേഷകര്‍ക്കും അതിയായ സന്തോഷം നല്‍കുന്ന ഒരു കാഴ്ചയാണ് ഡൊണ​ഗലില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഇതേത്തു‌ടർന്ന് നിരവധിക്കണക്കിന് പക്ഷി നിരീക്ഷകരാണ് ഇങ്ങോട്ടൊഴുകുന്നത്. കാഴ്ച വേറൊന്നുമല്ല, കൗണ്ടി ഡൊനെഗലിലെ ഡൻ‌ഫനാഗി ഗ്രാമത്തിന് മുകളിൽ ആകാശം ചുറ്റുന്ന അപൂർവ ഈജിപ്ഷ്യൻ കഴുകൻ.

അയര്‍ലന്‍ഡിലെ ഒരു ദ്വീപില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഴുകനെ കണ്ടെത്തുന്നത്. ജൂണ്‍ മാസത്തില്‍ സില്ലി ദ്വീപുകളില്‍ കണ്ട അതേ കഴുകനാണ് എന്ന വാര്‍ത്ത പരന്നതോടെ ഇങ്ങോട്ട് പക്ഷി നിരീക്ഷകരുടെ ഒഴുക്കാണ്. 2007 -ല്‍ വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുത്തിയ കഴുകനാണിത്. ലോകമെമ്പാടും ഇവ വളരെ കുറഞ്ഞ് വരികയാണ്. വളരെ ദൂരദേശങ്ങളിലേക്ക് ദേശാടനം നടത്താനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബംഗ്ലാദേശ് മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക വരെ ഇവ യാത്ര ചെയ്യാറുണ്ട്. തെക്കന്‍ സ്പെയിനിന്‍റെയും വടക്കന്‍ ഫ്രാന്‍സിന്‍റെയും ഭാഗങ്ങളിലും ഇവയെ കാണാം. 

ഡൊണഗലില്‍ ഇവയെ ആദ്യമായി കണ്ടത് ഡബ്ലിനില്‍ നിന്നുള്ള ഷെയിന്‍ ഫാരലാണ്. അദ്ദേഹത്തിന് അമ്പരപ്പ് അടക്കാനായില്ല. ആദ്യമായി പക്ഷിയെ കണ്ടതിനെ കുറിച്ച് ഫാരല്‍ പറഞ്ഞത് 'ഇപ്പോഴും ആ അനുഭവം മറക്കാനാവില്ല' എന്നാണ്. ഓര്‍ക്കിഡുകള്‍ക്കായി മലകളിലും തടാകങ്ങളിലും തെരച്ചില്‍ നടത്തവെയാണ് ഈ കഴുകന്‍ ഫാരലിന് അടുത്തേക്ക് വന്നത്. ഒരു പാടത്തിന് കുറുകെ പറക്കുകയായിരുന്നു അപ്പോഴത്. 'സാധാരണയായി ഒരു അപൂര്‍വയിനം പക്ഷിയെ കാണുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. എന്നാലിത് അതിനും ഒരുപാട് മുകളിലായിരുന്നു' എന്നും ഫാരല്‍ പറയുന്നു. അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് സില്ലി ദ്വീപുകളില്‍ കണ്ട അതേ കഴുകനാണ് ഇത് എന്ന് തിരിച്ചറിയാനായത്. 

ജൂണില്‍ സില്ലി ദ്വീപില്‍ കാണുന്നതിന് മുമ്പ് രണ്ടേ രണ്ടു തവണയാണ് ഇവ യുകെയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് 1825 -ല്‍, മറ്റേത് 1868 -ലും. ബേർഡ് വാച്ച് അയർലണ്ടിലെ സംരക്ഷണ ഗ്രൂപ്പിലെ അംഗമായ നിയാൽ ഹാച്ച് പറയുന്നത് ഇത് അത്ഭുതമെന്നാണ്. സില്ലി ദ്വീപില്‍ നിന്നും ഒരാളുടെയും കണ്ണില്‍ പെടാതെ ഇവ പറന്ന് ഡൊണഗലിലെത്തിയെന്നത് തീര്‍ത്തും ആശ്ചര്യം തന്നെ എന്നും അദ്ദേഹം പറയുന്നു.