ഏകദേശം 48 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞുപോയ യുഎസ് പൗരൻ തന്‍റെ ജപ്പാൻകാരനായ കൂട്ടുകാരനെ ഒടുവിൽ കണ്ടെത്തി. വാൾട്ടറിന്‍റെ മരിച്ചുപോയ അമ്മൂമ്മ സൂക്ഷിച്ചുവെച്ച ഒരു പഴയ ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ പുനസമാഗമം നടന്നത്.

ഹൃദയസ്പർശിയായ ഒരു അപൂർവ്വ സംഗമത്തിന്‍റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കൾ, മരിക്കും മുമ്പ് അമ്മൂമ്മ കരുതിവെച്ച ഒരു ചെറിയ കുറിപ്പിലൂടെ വീണ്ടും ഒന്നിച്ചു. അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ വാൾട്ടറും ജപ്പാൻ സ്വദേശിയായ കസുഹിക്കോയുമായിരുന്നു ആ സുഹൃത്തുക്കൾ. ഏകദേശം 48 വർഷങ്ങൾക്ക് മുമ്പ്, വിദ്യാഭ്യാസ പഠനത്തിന്‍റെ ഭാഗമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ജപ്പാനിൽ നിന്നും അമേരിക്കയിലെത്തിയ വിദ്യാർത്ഥിയായിരുന്നു കസുഹിക്കോ. അന്ന് വാൾട്ടറിന്‍റെ കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ആ കാലയളവിൽ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എന്നാൽ, കസുഹിക്കോ ജപ്പാനിലേക്ക് മടങ്ങിയതോടെ കാലക്രമേണ ഇവർ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു.

അമ്മൂമ്മയുടെ കുറിപ്പ്

എന്തോ അന്വേഷിക്കുന്നതിനിടെയാണ് പഴയ സാധനങ്ങൾക്കിടയിൽ മരിച്ച് പോയ അമ്മൂമ്മ സൂക്ഷിച്ച് വച്ച ഒരു കുറിപ്പ് വാൾട്ടർ കണ്ടെത്തിയത്. ഈ കുറിപ്പിൽ നിന്നും 48 വർഷങ്ങൾക്ക് മുമ്പ് തന്നോടൊപ്പം വീട്ടിൽ നിന്നു കൊണ്ട് പഠിച്ച കസുഹിക്കോയുടെ ഓർമ്മകളിലേക്ക് വാൾട്ടർ വീണ്ടുമെത്തി. തന്‍റെ അമ്മൂമ്മയുടെ കൈപ്പടയിൽ എഴുതിയ ഒരു പഴയ കുറിപ്പായിരുന്നു അത്. അതിൽ കസുഹിക്കോയുടെ പഴയൊരു ഇമെയിൽ വിലാസമായിരുന്നു അമ്മൂമ്മ എഴുതിയിരുന്നത്. ജപ്പാനിലേക്ക് ഒരു യാത്ര പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് വാൾട്ടർക്ക് ഈ കുറിപ്പ് ലഭിക്കുന്നതെന്നത് യാദൃശ്ചികം. എന്തായാലും വെറുതെ ഒന്ന് ശ്രമിച്ചുനോക്കമെന്ന് കരുതി അദ്ദേഹം ആ വിലാസത്തിലേക്ക് ഒരു സന്ദേശം അയച്ചു.

View post on Instagram

ഒടുവിൽ പുനഃസമാഗമം

അവിശ്വസനീയമെന്ന് പറയട്ടെ,48 വർഷം പഴക്കമുള്ള ആ ഇമെയിൽ വിലാസത്തിൽ നിന്നും കസുഹിക്കോ മറുപടി നൽകി. തുടർന്ന് വാൾട്ടറിന്‍റെ മറ്റൊരു സുഹൃത്തിന്‍റെ ഭാര്യ നോബുകോയുടെ സഹായത്തോടെ ഇരുവരും ടോക്കിയോയിൽ വെച്ച് ഉച്ചഭക്ഷണത്തിന് ഒത്തുചേരാൻ തീരുമാനിച്ചു. ടോക്കിയോയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇരുവരും വികാരാധീനരായി പരസ്പരം കെട്ടിപ്പിടിച്ചു. "നീ പഴയതു പോലെ തന്നെയിരിക്കുന്നു" എന്നായിരുന്നു വാൾട്ടർ തന്‍റെ സുഹൃത്തിനെ കണ്ടപ്പോൾ ആദ്യം പറഞ്ഞത്. വാൾട്ടറിന്‍റെ മകൾ മെറെഡിത്ത് ഡീൻ തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻറിലിൽ പങ്കുവെച്ച ഈ വീഡിയോയും കുറിപ്പും ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണു നിറയ്ക്കുകയാണ്. ഇരുവരുടെയും പുനഃസമാഗമം, സൗഹൃദത്തിന് കാലമോ ദൂരമോ ഒരു തടസ്സമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.