മഴ പെയ്യുന്നതും ചുറ്റും കൂടിയിരിക്കുന്നവർ തന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതും ഒന്നും അദ്ദേഹം അറിയുന്നേ ഇല്ല.
ഇന്ത്യയുടെ പല ഭാഗങ്ങളിലും യോഗ ഒരു സാധാരണ കാഴ്ചയാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പലപല സമയങ്ങളിൽ നിശബ്ദമായി യോഗയിൽ മുഴുകിയിരിക്കുന്ന ആളുകളെ നമുക്ക് കാണാൻ കഴിയും. അതുകൊണ്ടുതന്നെ യോഗ നമുക്ക് അത്ര പുതുമയുള്ള കാഴ്ചയല്ലെങ്കിലും കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ ഒരു യോഗാഭ്യാസത്തിൻ്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ഒരു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ യോഗയിൽ മുഴുകിയിരിക്കുന്ന ഒരു വയോധികനായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. പെയ്തുകൊണ്ടിരുന്ന മഴയെ പോലും വകവയ്ക്കാതെയായിരുന്നു അദ്ദേഹം യോഗയിൽ മുഴുകിയത്.
റെഡ്ഡിറ്റിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഏതു ദിവസം എവിടെ നിന്ന് പകർത്തിയതാണ് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എന്തുതന്നെയായാലും വീഡിയോ നിരവധി ആളുകളെ അത്ഭുതപ്പെടുത്തി. റെയിൽവേ പ്ലാറ്റ്ഫോമിൽ ശീർഷാസനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വയോധികനായ മനുഷ്യനാണ് വീഡിയോയിൽ ഉള്ളത്. അദ്ദേഹം തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.
മഴ പെയ്യുന്നതും ചുറ്റും കൂടിയിരിക്കുന്നവർ തന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതും ഒന്നും അദ്ദേഹം അറിയുന്നേ ഇല്ല. മറ്റൊരു കൗതുകകരമായ കാര്യം യോഗാമാറ്റ് പോലുള്ളവയൊന്നും ഉപയോഗിക്കാതെ വെറും തറയിലാണ് അദ്ദേഹം ശീർഷാസനം ചെയ്യുന്നത്. വർഷങ്ങളായി യോഗ തൻ്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ വ്യക്തിയാണ് വീഡിയോയിൽ ഉള്ളത് എന്നത് വ്യക്തം.
@PeepalGhost എന്ന അക്കൗണ്ടിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ്, മഴയത്ത് പ്ലാറ്റ്‌ഫോമിൽ യോഗ ചെയ്യുന്ന ഒരു വൃദ്ധനെ കണ്ടത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം വ്യത്യസ്തമായ നിരവധി യോഗാ പോസുകൾ ചെയ്യുന്നത് താൻ കണ്ടെങ്കിലും ദൗർഭാഗ്യവശാൽ തനിക്ക് ഒരെണ്ണം മാത്രമേ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞുള്ളൂ എന്നും പോസ്റ്റിൽ പറയുന്നുണ്ട്. വീഡിയോ കണ്ട നിരവധി ആളുകളാണ് യോഗ ചെയ്തുകൊണ്ടിരുന്ന വ്യക്തിയുടെ ശാന്തതയെയും ശ്രദ്ധയേയും കുറിച്ച് പരാമർശിച്ചത്.
