ഇത്തവണത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിരാശാജനകമായ പ്രകടനം രാജ് താക്കറെയുടെ മൻസേ അഥവാ മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടേതാകും. ഇത്തവണ 110 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയ എംഎൻഎസിന് ആകെ കിട്ടിയത് ഒരേയൊരു സീറ്റ് മാത്രമാണ്. എന്നും രാജ് താക്കറെയുടെ പാർട്ടിയുടെ ദുര്യോഗമാണത്. രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നില്കും. മഹാരാഷ്ട്രയിലെ ജനജീവിതത്തെ ഇടയ്ക്കിടെ ഉള്ളംകയ്യിലെടുത്തു നിർത്തും. എന്നാൽ തെരഞ്ഞെടുപ്പ് നടന്ന് ഫലം വന്നാലോ എംഎൻഎസ് എട്ടുനിലയിൽ പൊട്ടും..! 

തീവ്രമായ പ്രാദേശിക വാദമായിരുന്നു എന്നും രാജ് താക്കറെയുടെ USP. വെളിനാട്ടുകാരുടെ അധിനിവേശങ്ങളിൽ നിന്ന് മറാത്തികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു നിർത്താനായി അവതാരമെടുത്തതാണ് താനെന്നായിരുന്നു താക്കറെയുടെ വാദം. അക്കാര്യത്തിൽ അമ്മാവൻ ബാലാസാഹേബ് താക്കറെയായിരുന്നു രാജിന്റെ മാതൃകാപുരുഷൻ. ജോലി തേടി മുംബൈയിൽ വന്നു സ്ഥിരതാമസമാക്കിയ ബിഹാറിലും ഉത്തർപ്രദേശിലും നിന്നൊക്കെയുള്ള ടാക്സി ഓട്ടോ ഡ്രൈവർമാർ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെ  മൻസേക്കാരുടെ അടിയുടെ ചൂടറിഞ്ഞു. എന്നാൽ, രാജ് താക്കറെയെ ശിവസേനയിൽ സ്വന്തം മകനെപ്പോലെ കൂടെക്കൊണ്ടുനടന്ന അമ്മാവൻ ബാലാ സാഹേബ്, രാഷ്ട്രീയ പിന്തുടർച്ചക്കാരനെ അവരോധിക്കുന്ന സമയം വന്നപ്പോൾ, മരുമകനെത്തഴഞ്ഞ് മകൻ ഉദ്ധവിന്റെ പേര് പറഞ്ഞതോടെ രാജ് ഇടഞ്ഞ്, സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു. 

2014 -ലെ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി എന്ന വാക്കുകേട്ടാൽ രാജ് താക്കറെയുടെ മുഖത്തൊരു പുഞ്ചിരി വിടരുമായിരുന്നു. ഗുജറാത്ത് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ച കർമ്മകുശലനായ രാഷ്ട്രീയ നേതാവിനെ കേന്ദ്രഭരണമേല്പിക്കണം എന്ന് രാജ് താക്കറെ അന്ന് തെരഞ്ഞെടുപ്പ് റാലികളിലെല്ലാം തന്നെ പ്രസംഗിച്ചു നടന്നു.  മോദിയെക്കുറിച്ചറിയാൻ 2011 -ൽ ഗുജറാത്തിലേക്ക് നേരിട്ട് ചെന്ന സ്വരാജ് ശ്രീകാന്ത് താക്കറെ എന്ന രാജ് താക്കറെ, തിരികെ വരുന്നത് ഒരു മോദി ആരാധകനായിട്ടായിരുന്നു. അന്ന് സ്റ്റഡി ടൂറിനായി സ്വിറ്റ്സർലൻഡിനു പകരം ഗുജറാത്തിനെ തെരഞ്ഞടുത്ത രാജ് താക്കറെയെ മോദി അഭിനന്ദിച്ചത് വാർത്തയായി. 

എല്ലാം മാറിമറിയുന്നത് 2014 -ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ്. തികഞ്ഞ വീര്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 260 സീറ്റിൽ മത്സരിച്ച് 122 സീറ്റുനേടി. ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം ഇല്ലതിരുന്നതിനാൽ 62 സീറ്റുനേടിയ ശിവസേനയെ കൂട്ടുപിടിച്ച് മന്ത്രിസഭ. അന്ന് 219  സീറ്റിലേക്ക് സ്ഥാനാർഥികളെ നിർത്തിയ എംഎൻഎസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആകെ ജയിക്കാനായത് ഒരേയൊരു സീറ്റുമാത്രം.  അതോടെ മഹാരാഷ്ട്രാ പൊളിറ്റിക്സിലെ കിംഗ് മേക്കർ ആകാമെന്ന രാജ് താക്കറെയുടെ സ്വപ്നവും പൊലിഞ്ഞുകിട്ടി. ശിവസേനയോടുള്ള ബിജെപിയുടെ സഖ്യമാണ് താക്കറെയെ ഒരു ബിജെപി വിരോധിയും, തദ്വാരാ ഒരു മോദി വിരോധിയുമാക്കി മാറ്റിയത്. 

2019  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട, പകരം മോദിയുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടിക്കൊണ്ട് പ്രചാരണങ്ങൾ നടത്തിയാൽ മാത്രം മതി എന്ന് എംഎൻഎസ്‌ തീരുമാനിച്ചു. അന്ന് രാഷ്ട്രീയത്തിൽ രാജ് താക്കറേയ്ക്ക് അഭയം നൽകിയത് എൻസിപി നേതാവായ ശരദ് പവാറായിരുന്നു. അങ്ങനെ എൻസിപിയെ സഹായിക്കാൻ വേണ്ടി സംഘടിപ്പിച്ച വൻ പ്രചാരണറാലികളിൽ താക്കറെ നടത്തിയ പ്രസംഗങ്ങൾ ജനലക്ഷങ്ങളെ ആകർഷിച്ചു. രൂപത്തിലും ശബ്ദത്തിലും അമ്മാവൻ ബാൽ താക്കറെയെ അനുസ്മരിപ്പിച്ചിരുന്ന രാജ് അന്ന് നടത്തിയ കുറിക്കു കൊള്ളുന്ന കവലപ്രസംഗങ്ങൾ  മഹാരാഷ്ട്രയിൽ ഏറെ ജനപ്രിയമായി. എന്നാൽ, രാഷ്ട്രീയത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കവലപ്രസംഗങ്ങളിലെ കയ്യടികളല്ലല്ലോ..! വോട്ടു ചെയ്യേണ്ട സമയം വന്നപ്പോൾ  ജനങ്ങൾ എൻ ബ്ലോക്കായി ബിജെപി ശിവസേനാ സഖ്യത്തിന് കുത്തി. 

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 101  മണ്ഡലങ്ങളിൽ പോരാട്ടത്തിനിറങ്ങിയ എംഎൻഎസിന്റെ മാനം കപ്പലുകേറാതെ കാത്തത് കല്യാൺ റൂറൽ മണ്ഡലത്തിൽ മത്സരിച്ച ജയിച്ച രാജു പാട്ടീൽ ആണ്. ശിവസേനയിലെ രമേശ് മാത്രേയോട് അദ്ദേഹം ജയിച്ചത് 6000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മത്സരിച്ച സീറ്റുകളിൽ എല്ലാം കൂടി എംഎൻഎസിന് കിട്ടിയത് ആകെ പോൾ ചെയ്യപ്പെട്ടതിന്റെ വെറും 2.5  ശതമാനം വോട്ടുകളാണ്. 

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭരണം കിട്ടുമെന്ന വ്യാമോഹമൊന്നും രാജ് താക്കറെക്കും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ജനങ്ങളോട് തന്റെ പ്രസംഗങ്ങളിൽ ആഹ്വാനം ചെയ്തത് എംഎൻഎസിനെ ശക്തമായ ഒരു പ്രതിപക്ഷമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കാനായിരുന്നു. എന്നാൽ,  പ്രതിപക്ഷത്തുപോലും എംഎൻഎസ് വരുന്നത് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് സമ്മതമല്ലായിരുന്നു എന്നുവേണം ഈ ഫലത്തിലെ ട്രെൻഡുകളിൽ നിന്ന് അനുമാനിക്കാൻ.  പ്രചാരണവേളയിൽ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ വ്യക്തിപരമായ നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്ന രാജ് താക്കറെ പക്ഷേ, ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചെന്ന് കൃത്യമായ പ്രചാരണം നടത്തുന്നതിൽ പരാജയപ്പെട്ടു എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മഹാരാഷ്ട്ര പോലെ ഒരു വലിയ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ട സംഘടനാ സംവിധാനമൊന്നും രാജ് താക്കറെയുടെ പാർട്ടിക്ക് ഉണ്ടായിരുന്നില്ല. എല്ലായിടത്തും ഓടിനടന്ന് റാലികളിൽ പ്രസംഗിക്കാൻ ശരദ് പവാർ കാണിച്ച ശുഷ്കാന്തിയും രാജിൽ നിന്നുണ്ടായില്ല. എന്തായാലും, 2009-ൽ 13 സീറ്റിൽ നിന്ന് ജയിച്ചുകേറിയ എംഎൻഎസ് എന്ന പാർട്ടിയുടെ ശവപ്പെട്ടിയിൽ ബിജെപിയും ശിവസേനയും ചേർന്ന്  അടിച്ചു കയറ്റിയ അവസാനത്തെ ആണിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.