Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് ഇലക്ട്രിക് ഷോക്ക്, തുടരാമെന്ന് കോടതി, വിമർശനം

കുട്ടികളുടെ മാതാപിതാക്കളും ഈ ചികിത്സയെ അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. ചില കുട്ടികളുടെ രക്ഷാകർത്താക്കൾ പറയുന്നത് ഷോക്ക് ട്രീറ്റ്മെന്റ് തങ്ങളുടെ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നുവെന്നും, വളരെ ഫലപ്രദമായ ഒരു ചികിത്സയാണ് ഇതെന്നുമാണ്. 

electric shock to children to correct behaviour faces criticism
Author
Massachusetts, First Published Jul 10, 2021, 12:17 PM IST

അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഒരു സ്കൂളിൽ കുട്ടികൾക്ക് ഇലക്ട്രിക് ഷോക്കുകൾ നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിലാണ് കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇത് ചെയ്യുന്നത്. എന്നാൽ, ഈ വിഷയം കടുത്ത വിമർശനങ്ങൾക്കും, എതിർപ്പിനും കാരണമായി. ഒടുവിൽ കേസ് ഫെഡറൽ കോടതിയിലെത്തി. എന്നാൽ, ചൊവ്വാഴ്ച നടന്ന വിധിപ്രസ്‍താവനയിൽ സ്‌കൂളിനെ അതിൽ നിന്ന് തടയാനാവില്ലെന്ന് കോടതി പറഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് ഷോക്കുകൾ നൽകുന്നത് തുടരാമെന്ന് കോടതി വിധിച്ചു.

മസാച്യുസെറ്റ്സിലെ ഈ സ്കൂളിന്റെ പേര് റോട്ടൻബെർഗ് എജ്യൂക്കേഷൻ സെന്റർ എന്നാണ്. കുട്ടികളിൽ ആക്രമണാത്മകമോ സ്വയം ഉപദ്രവിക്കുന്നതോ ആയ പെരുമാറ്റം നിയന്ത്രിക്കുന്നതിനായിട്ടാണ് സ്ഥാപനം വിവാദപരമായ ഈ ചികിത്സ ആരംഭിച്ചത്. എന്നാൽ, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുമ്പ് ഈ ഷോക്ക് ചികിത്സ നിരോധിച്ചിരുന്നു. എന്നാൽ, ഈ കോടതി വിധിയോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് സ്കൂളിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാതായി.        

കുട്ടികളുടെ മാതാപിതാക്കളും ഈ ചികിത്സയെ അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. ചില കുട്ടികളുടെ രക്ഷാകർത്താക്കൾ പറയുന്നത് ഷോക്ക് ട്രീറ്റ്മെന്റ് തങ്ങളുടെ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നുവെന്നും, വളരെ ഫലപ്രദമായ ഒരു ചികിത്സയാണ് ഇതെന്നുമാണ്. അതുകൊണ്ട് തന്നെ എഫ്ഡിഎയുടെ നിരോധനത്തിനെതിരെ ഒരു കൂട്ടം രക്ഷിതാക്കളും സ്കൂളിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ചികിത്സ മെഡിക്കൽ ചട്ടങ്ങളിൽ പെടുന്നുവെന്നും അതിനാൽ എഫ്ഡി‌എയുടെ നിയന്ത്രണ പരിധിക്ക് അതീതമാണെന്നും കോടതി കണ്ടെത്തി.

മാനസിക വൈകല്യമുള്ള കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനമുണ്ട്. അവരിൽ ചിലർ ആത്മഹത്യാ പ്രവണതകൾ കാണിക്കുന്നവരാണ്. അവരെ രക്ഷിക്കാനായിട്ടാണ് ഇത്തരമൊരു ചികിത്സ സ്കൂൾ ആരംഭിച്ചത്. എന്നാൽ, കുട്ടികളുടെ ജീവൻ രക്ഷിക്കുമെന്ന് പറയുന്ന ഈ ഉപകരണങ്ങൾക്ക് കുട്ടികളെ ഗുരുതരമായ രീതിയിൽ പൊള്ളലേൽപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വിമർശകർ ഇതിനെ തികച്ചും അപകടകരമായ ഒരു മാർഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ഷോക്ക് നൽകുന്നത് പീഡനത്തിന് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭയും ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇത്തരം ഷോക്ക് ഉപകരണങ്ങൾ വേദനയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് വാദിക്കുന്ന സാമൂഹ്യ സംഘടനകളെയും ഈ തീരുമാനം പ്രകോപിപ്പിക്കുന്നു.  

സ്വയം ഉപദ്രവിക്കുന്ന, അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക, അല്ലെങ്കിൽ അത്തരം പെരുമാറ്റത്തിൽ ഏർപ്പെടുന്നത് തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ വിവാദചികിത്സാ നടത്തുന്നത്. പക്ഷേ, ഈ ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി മാനസികവും ശാരീരികവുമായ അപകടസാധ്യതകൾ കുട്ടികളിലുണ്ടാകുന്നു. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ, വേദന, പൊള്ളൽ, കോശ ക്ഷതം എന്നിവ അതിന്റെ ചില ദൂഷ്യഫലങ്ങളാണ്. കൂടാതെ, ഈ ഉപകരണങ്ങളുമായി സമ്പർക്കം പുലർത്തുന്ന നിരവധി പേർ മാനസികാരോ​ഗ്യക്കുറവുള്ളവരാണ്. അതുകൊണ്ട് തന്നെ അവർക്ക് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് പലപ്പോഴും പറയാൻ അവർക്ക് കഴിയാറില്ലെന്നും എഫ്ഡി‌എ പറയുന്നു.

റോട്ടൻബെർഗിലെ 300 വിദ്യാർത്ഥികളിൽ 55 ഓളം പേർ ഇലക്ട്രോണിക് ഉപകരണങ്ങൾ ധരിക്കുന്നവരാണ്. അവരിൽ ഒൻപത് വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു. തന്റെ മകന് 31 തവണ ഷോക്ക് നൽകിയിട്ടുണ്ടെന്ന് അവിടത്തെ ഒരു വിദ്യാർത്ഥിയുടെ അമ്മയായ ചെറിൻ മക്കോളിൻസ് 2012 -ൽ എബിസി ന്യൂസിനോട് പറഞ്ഞിരുന്നു. അമേരിക്കയിലെ ഏറ്റവും വിവാദപരമായ "പെരുമാറ്റ-പരിഷ്കരണ" സ്ഥാപനം എന്നാണ് റോട്ടൻബെർഗ് അറിയപ്പെടുന്നത്. ശിക്ഷയായി കുട്ടികൾക്ക് ഇലക്ട്രിക്ക് ഷോക്ക് കൊടുക്കുന്ന യുഎസിലെ ഏക സ്ഥാപനമാണ് ഇത്. ഒരുപക്ഷേ സീരിയൽ കില്ലർമാർക്കും, ബാലപീഡകർക്കുപോലും നൽകാത്ത ശിക്ഷാ മാർ​ഗമാണ് ഇവിടെ പാവം ബുദ്ധിയുറക്കാത്ത കുട്ടികൾക്ക് നൽകുന്നത്.  

Follow Us:
Download App:
  • android
  • ios