എല്ല അഡൂ കിസി ഡെബ്ര എന്ന ആ കൊച്ചുപെണ്‍കുട്ടിക്ക് ഒരു പൈലറ്റാവാനായിരുന്നു ആഗ്രഹം. അവളെപ്പോഴും ആകാശത്തെ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ട് തന്നെ അവളുടെ മുറിക്ക് ആകാശത്തിന്‍റെ നീലനിറമാണ് നല്‍കിയിരുന്നത്. ആ നീലച്ചുമരില്‍ അവളൊരുപാട് വിമാനങ്ങളുടെ രൂപങ്ങള്‍ പതിച്ചിരുന്നു. എന്നാല്‍, പൈലറ്റാകാനുള്ള സ്വപ്നങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ആ ഒമ്പത് വയസുകാരിയെ ആസ്ത്മ കീഴടക്കുകയായിരുന്നു. അവള്‍ കിടപ്പിലാവുകയും പിന്നീട് മരണമവളെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. 

എന്നാല്‍, മോശം വായുവായിരുന്നു എമ്മയെന്ന പെണ്‍കുട്ടിയെ ഈ അവസ്ഥയിലാക്കിയത് എന്ന് ആരെങ്കിലും അവളോട് പറഞ്ഞിരുന്നോ? സൌത്ത് ലണ്ടനിലുള്ള ലെവിഷാമിലെ അവരുടെ കുടുംബവീടിനടുത്ത് അനധികൃതമായ വായുമലിനീകരണമുണ്ടായതായും 2013 -ല്‍ തന്‍റെ മകളുടെ മരണത്തിന് അത് കാരണമായിട്ടുണ്ടാവാം എന്നും അവളുടെ അമ്മ റോസാമുണ്ടിന് തോന്നിയിരുന്നു. അത് നീതിക്ക് വേണ്ടി പോരാടാൻ അവരെ പ്രേരിപ്പിക്കുകയും അനുകൂലമായ വിധി നേടിയെടുക്കുന്നതിലേക്കുമെത്തിച്ചിരുന്നു. 2014 -ലെ പ്രാഥമികവിധി ഹൈക്കോടതി റദ്ദാക്കിയതിനുശേഷം, രണ്ടാമത്തെ വിചാരണയുടെ അവസാനത്തിൽ, ബുധനാഴ്ച വന്ന വിധി, യുകെയിൽ, ഒരുപക്ഷേ ലോകത്ത് പോലും ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇതുപ്രകാരം മലിനമായ വായു മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും മരണ സർട്ടിഫിക്കറ്റിൽ വരെ രേഖപ്പെടുത്തുകയും ചെയ്യും. 

എത്രത്തോളം പറക്കാനാവുന്നോ അത്രത്തോളം അത് നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുമെന്നാണ് എല്ല കരുതിയിരുന്നത്. അവള്‍ക്കെപ്പോഴും പറക്കുന്നതിനോടും വിമാനങ്ങളോടും ഭ്രമമുണ്ടായിരുന്നു, വായുവിലേറെ നേരം നിൽക്കുന്നത് അവളിഷ്ടപ്പെട്ടിരുന്നു -റോസമുണ്ട് പറയുന്നു. അവള്‍ക്കേറ്റവും ഇഷ്ടമുള്ളത് തന്നെ അവളുടെ മരണത്തിന് കാരണമാകുമെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഒരുപക്ഷേ, അന്നേരം നമുക്കും അറിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. 

എല്ല മരിച്ച് ഏഴുവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ അമ്മ റോസമുണ്ട് മകളുടെ നീതിക്ക് വേണ്ടി പോരാടുകയായിരുന്നു. തന്‍റെ മകളെയോ തങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ചുറ്റുമുള്ള മറ്റ് കുട്ടികള്‍ക്കെങ്കിലും ശ്വസിക്കാന്‍ ശുദ്ധമായു വായു ലഭ്യമാക്കണമെന്ന് അവളുടെ അമ്മ ഉറപ്പിച്ചു. അത് എല്ലാ കുട്ടികള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്, വിഷമയവും നൈട്രജന്‍ ഡയോക്സൈഡ് കലര്‍ന്നതുമായ വായു ദിവസേന ശ്വസിക്കേണ്ടി വരുന്ന കുട്ടികളുള്ള എല്ലാ അമ്മമാര്‍ക്കും വേണ്ടിയുള്ള പോരാട്ടം -റോസമുണ്ട് പറയുന്നു.

ആ പോരാട്ടം അനുകൂലമായ വിധിനേടി അവസാനിച്ചിരിക്കുന്നു. എന്നാല്‍, അവരുടെ മരിച്ചുപോയ മകളെ തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുകയില്ല. എങ്കിലും മറ്റ് മാതാപിതാക്കള്‍ക്ക് തന്‍റെ അവസ്ഥ വരാത്തതില്‍ അവര്‍ക്ക് സന്തോഷമുണ്ട്. വായുമലിനീകരണം നമുക്ക് പ്രത്യക്ഷമായി കാണാന്‍ കഴിയണമെന്നില്ല. എന്നാല്‍, എല്ലയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് പറയുന്നതിലൂടെ മറ്റുള്ളവര്‍ക്ക് കൂടി ആ അറിവുണ്ടാക്കാനാണ് ശ്രമിച്ചത്. അവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനാണ് പ്രയത്നിച്ചത്. മോശം വായു ശ്വസിക്കുന്നതിലൂടെ ഇനിയൊരാളും രോഗിയാവരുത്. അടിസ്ഥാന മനുഷ്യാവകാശത്തിലൊന്നാണ് ശുദ്ധമായ വായുവെന്നും റോസമുണ്ട് പറയുന്നു.

പ്രതിവർഷം 40,000 മരണങ്ങൾക്ക് വായു മലിനീകരണം കാരണമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ കഴിഞ്ഞയാഴ്ച എല്ലയുടെ വിചാരണ വരെ, മരണ സർട്ടിഫിക്കറ്റിൽ ഇത് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോൾ വായുവും മരണകാരണത്തിലൊന്നായി രേഖകളിൽ കാണിക്കപ്പെടും. ഇത് പുതുതലമുറകളിലെ കുട്ടികൾക്ക് വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭാവിസർക്കാരുകളെ നിർബന്ധിതരാക്കുമെന്നുറപ്പാണ്. ഇപ്പോള്‍, ഒരു പരിസ്ഥിതി പ്രവര്‍ത്തകയും പ്രചാരകയും കൂടിയാണ് റോസമുണ്ട്. എല്ലയ്ക്ക് നീതി തേടിയുള്ള അവരുടെ പോരാട്ടാം ഹോളിവുഡ് താരങ്ങളുടെയടക്കം ശ്രദ്ധയില്‍പ്പെടുകയും അർണോൾഡ് സ്വാറ്റ്സെനെഗർ അടക്കമുള്ള താരങ്ങള്‍ അവരെ വിളിക്കുകയും പിന്തുണയറിയിക്കുകയും ചെയ്തിരുന്നു. 

റോസമുണ്ടയുടെ വീട്ടില്‍ ഏറ്റവും ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടിയായിരുന്നു എല്ല. എപ്പോഴും ചിരിക്കാനും പാടാനും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി. ഏഴാമത്തെ പിറന്നാളിന് മൂന്നുമാസം മുമ്പാണ് എല്ലയ്ക്ക് നെഞ്ചില്‍ അണുബാധയുണ്ടാവുന്നത്. ഇതേത്തുടര്‍ന്ന് അവള്‍ നിരന്തരം ചുമക്കാനും തുടങ്ങി. 2010 ഒക്ടോബറില്‍ അവളുടെ ഡോക്ടര്‍ എല്ലയ്ക്ക് ആസ്ത്മയുണ്ട് എന്ന് കണ്ടെത്തുകയും ഇന്‍ഹേലര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്പോഴൊന്നും യുകെയില്‍ മാത്രം 5.4 മില്ല്യണ്‍ ആളുകളോളം ആസ്ത്മ അനുഭവിക്കുന്നുണ്ട് എന്നും അതില്‍ 1.1 മില്ല്യണെങ്കിലും കുട്ടികളാണ് എന്നൊന്നും റോസമുണ്ടിന് അറിയുമായിരുന്നില്ല. യുകെയില്‍ ദിവസം മൂന്നുപേരെങ്കിലും ആസ്ത്മ കാരണം മരിക്കുന്നുണ്ട് എന്നും കണക്കുകള്‍ പറയുന്നു. രണ്ട് മാസത്തിനുശേഷം ഡിസംബറില്‍ എല്ലയുടെ അവസ്ഥ മോശമായി. തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു. അതുവരെ നീന്തലും ഫുട്ബോളും ഒക്കെ കളിച്ചിരുന്ന എല്ലയുടെ പിന്നീടുള്ള പോരാട്ടം ചുമയോടായിരുന്നു. പക്ഷേ, എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമാവുകയും 2013 -ല്‍ അവള്‍ മരിക്കുകയും ചെയ്തു. 

മകള്‍ മരിച്ച് രണ്ട് വര്‍ഷം വരെയും ആ മുറിവിലെ നീറ്റലിലാണ് റോസമുണ്ട് ജീവിച്ചത്. എല്ലയുടെ മരണകാരണമായി 'അക്യൂട്ട് റെസ്പിറേറ്ററി ഫെയിലര്‍' രേഖപ്പെടുത്തിയ 2014 -ലെ ആദ്യത്തെ വിചാരണ റോസമുണ്ട് അറിയാതെ തന്നെ, ആസ്ത്മ വിദഗ്ധനായ പ്രൊഫസർ സർ സ്റ്റീഫൻ ഹോൾഗേറ്റിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. മലിനീകരണത്തോത് കുതിച്ചുയരുന്നതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥലത്തിന് 25 മീറ്റർ അകലെയാണ് എല്ലയുടെ കുടുംബം താമസിച്ചിരുന്നതെന്ന് മനസിലാക്കിയ അദ്ദേഹം അവളുടെ കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. ഇക്കാര്യം അദ്ദേഹം റോസമുണ്ടിനോടും വിശദീകരിച്ചു. 

പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (ഡെഫ്ര) നിയന്ത്രിക്കുന്നതും ലെവിഷാമിലെ കുടുംബത്തിന്റെ വീടിനടുത്തുള്ളതുമായ രണ്ട് എയർ ക്വാളിറ്റി സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2010 സെപ്റ്റംബർ മുതൽ 2013 ഫെബ്രുവരിയിൽ എല്ലയുടെ മരണം വരെ മലിനീകരണ തോത് യൂറോപ്യൻ യൂണിയന്‍ നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാള്‍ മുകളിലായിരുന്നുവെന്നാണ്. എല്ലയുടെ മരണത്തെക്കുറിച്ചുള്ള ആദ്യ അന്വേഷണം അസാധുവാക്കാനും കഴിഞ്ഞയാഴ്ച നടന്ന രണ്ടാമത്തെ വാദം കേൾക്കാനുള്ള അവകാശം നേടാനും റോസമുണ്ടിനെയും അവളുടെ അഭിഭാഷകരെയും അദ്ദേഹത്തിന്റെ ഈ തെളിവുകൾ സഹായിച്ചു. അങ്ങനെയാണിപ്പോൾ ചരിത്രപ്രധാനമായ വിധി വന്നിരിക്കുന്നത്. 

വായു മലിനീകരണം കുറയ്ക്കുന്നതിലൂടെ കഠിനമായ ആസ്ത്മയുള്ള മറ്റ് കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ എല്ല റോബർട്ട ഫാമിലി ഫൌണ്ടേഷൻ സ്ഥാപിക്കാനും ഇത് അവളെ പ്രാപ്തയാക്കി. അങ്ങനെ മകൾക്കും ഒപ്പം മറ്റ് കുട്ടികൾക്കും നല്ല വായുവുറപ്പാക്കാൻ ഒരമ്മ നടത്തിയ പോരാട്ടം ചരിത്രമാവുകയായിരുന്നു.