പാക്കിസ്ഥാന്‍റെ മണ്ണിൽ ഒരു ബ്രിട്ടീഷുകാരനെ എങ്ങനെയാവും വിശുദ്ധനായി ആരാധിച്ചു തുടങ്ങിയിട്ടുണ്ടാവുക? ആരാധിക്കുക മാത്രമല്ല അദ്ദേഹത്തിനായി അവിടെയൊരു ആരാധനാലയവുമുണ്ട്. എങ്ങനെ അതുണ്ടായി എന്നത് രസകരമായ ഒരു കഥയാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ജനങ്ങൾ ജാതിയോ നിറമോ വംശമോ മറികടന്ന് ഇങ്ങനെയൊരു ആരാധനാലയത്തെ സ്വീകരിച്ചത് എങ്ങനെ എന്നത് തികച്ചും ഒരു അത്ഭുതമായി തോന്നാം. സിന്ധിൽ തഴച്ചുവളരുന്ന നിഗൂഢതയുടെ സൗന്ദര്യമാണിത്.

പാകിസ്ഥാനിലെ പ്രസിദ്ധമായ പക്കോ ക്വിലോയ്ക്ക് സമീപത്താണ് ഒരു ബ്രിട്ടീഷുകാരനെ വിശുദ്ധനായി ആരാധിക്കുന്ന എല്ലിക്കോട്ട് ജോ പിർ എന്ന് പേരുള്ള വ്യത്യസ്‍തമായ ദേവാലയം. വിശുദ്ധൻ ഷെയ്ഖ് അലി ഗോഹർ എന്നറിയപ്പെടുന്ന ആർക്കിബാൾഡ് ഡഡ്‌ലി എല്ലിക്കോട്ട്, സിന്ധിലെ ഇസ്ലാമിക സംസ്‍കാരത്തിന്‍റെ വ്യത്യസ്‍തമായ മുഖമാണ്. ഈ ഇസ്‌ലാമിക മതപരിവർത്തനവും ഉയർന്ന ആത്മീയ പദവിയിലേക്കുള്ള യാത്രയും ആരംഭിക്കുന്നത് ഒരു മകൻ അമ്മയ്ക്ക് കൊടുത്ത വാഗ്ദ്ധാനത്തിൽനിന്നാണ്.  

ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന ഹൈദരാബാദിലെ ഭായ് ഖാൻ ചാരി എന്ന സ്ഥലത്താണ് എല്ലിക്കോട്ടിന്‍റെ കുടുംബം താമസിച്ചിരുന്നത്. എല്ലിക്കോട്ടിന്‍റെ പിതാവ് 1884 മുതൽ 1888 വരെ ഇന്ത്യയുടെ വൈസ്രോയിയായിരുന്നു. അമ്മ ലേഡി ഡഫെറിൻ ഫണ്ട് ഹോസ്‍പിറ്റലിൽ ഹെഡ് നഴ്‌സും. അവരുടെ പേരിൽ അറിയപ്പെടുന്ന ആ ആശുപത്രി ചരിത്രത്തിന്‍റെ അവശേഷിപ്പായി നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഇന്നും നിലനിൽക്കുന്നുണ്ട്.  

ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടിയ ശേഷമാണ് എല്ലിക്കോട്ട് ഹൈദരാബാദിലെത്തിയത്. ഇൻസ്പെക്ടറായി എക്സൈസ് വിഭാഗത്തിൽ ചേർന്ന അദ്ദേഹം കോത്രി വ്യവസായ മേഖലയിലെ വൈൻ ഫാക്ടറിയിൽ നിയമിക്കപ്പെട്ടു. ജോലിയിൽ തികഞ്ഞ ആത്മാർത്ഥത പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, പക്ഷെ ജോലിസമയം കഴിഞ്ഞാൽ രാത്രിവിരുന്നുകളിൽ പങ്കെടുത്തും കൂട്ടുകാരുമൊത്ത് ആടിയുംപാടിയും സമയം ചിലവഴിക്കാൻ ആഗ്രഹിച്ചിരുന്നു.

മകനെപ്പോലെ, അമ്മയും ജോലിയെ വളരെയധികം സ്നേഹിച്ചിരുന്നു. രോഗികളുടെ അസുഖവിവരം അന്വേഷിക്കാൻ അവരുടെ വീടുകളിൽ എല്ലിക്കോട്ടിന്‍റെ അമ്മ സ്ഥിരമായി പോകുമായിരുന്നു. അവരുടെ പതിവ് രോഗികളിൽ ഒരാളായിരുന്നു അബ്‍ദുൽ ഗഫൂർ ചാണ്ടിയോ എന്നൊരാളുടെ ഭാര്യ. ആ ഗഫൂറിന്‍റെ വീടാണ് ഇന്ന് പാകിസ്ഥാനിൽ എല്ലിക്കോട്ട് ജോ പിറിന്‍റെ ആരാധനാലയമായി നിലനില്‍ക്കുന്നത്.

ആരാധനാലയത്തിന്‍റെ പിറവി

ഒരിക്കൽ ഒരു നോമ്പ് കാലത്ത് എല്ലിക്കോട്ടിന്‍റെ അമ്മ ഗഫൂറിന്‍റെ വീട് സന്ദർശിക്കുകയുണ്ടായി. അവരുടേത് ഒരു ഷിയ കുടുംബമായതിനാൽ, വിശുദ്ധ മാസത്തിനുള്ള ഒരുക്കങ്ങൾ വീട്ടിൽ നടന്നുവരികയായിരുന്നു. ആചാരാനുഷ്‍ഠാനങ്ങളെക്കുറിച്ചും മുഹറത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും എല്ലിക്കോട്ടിന്‍റെ അമ്മ ഗഫൂറിന്‍റെ അമ്മയോട് ചോദിച്ചു മനസ്സിലാക്കി. “നിങ്ങൾ കറുപ്പ് ധരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നിങ്ങൾ ഭക്ഷണവും സര്‍ബത്തും വിതരണം ചെയ്യുന്നത്?” അവർ ചോദിച്ചു. മുഹറത്തിന്‍റെ അനുഷ്ഠാനങ്ങളെക്കുറിച്ചും ഹുസൈന്‍റെ രക്തസാക്ഷിത്വത്തെ കുറിച്ചും ഗഫൂറിന്‍റെ അമ്മ വിശദീകരിച്ചു. ആ കഥ കേട്ട് എല്ലിക്കോട്ടിന്‍റെ അമ്മ  കണ്ണുനീരൊഴുക്കി.

മുഹമ്മദ്‌ നബിയുടെ ചെറുമകൻ, ഇമാം ഹുസൈനും അദ്ദേഹത്തിന്‍റെ കുടുംബവും ഉമർ ബിൻ സിയാദിന്‍റെ നേതൃത്വത്തിലുള്ള യസീദിന്‍റെ സൈന്യത്തിന്‍റെ കൈകളിൽ രക്തസാക്ഷിത്വം വരിച്ചത് മുഹറത്തിന്‍റെ പത്താം ദിവസമാണ്. അതിനുശേഷം മുഹറത്തിന്‍റെ ആദ്യ 10 ദിവസങ്ങൾ വിശ്വാസികൾ പ്രവാചക കുടുംബത്തിലെ അംഗമായ ഇമാം ഹുസൈനിനുവേണ്ടി വിലപിക്കുകയും, നോമ്പ് സമയത്ത് ദരിദ്രരെ സഹായിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു.

ഇമാം ഹുസൈന്‍റെ ഈ കഥ എല്ലിക്കോട്ടിന്‍റെ അമ്മയെ ആഴത്തിൽ സ്പർശിച്ചു. പിന്നീടുള്ള എല്ലാ മുഹറത്തിനും എല്ലിക്കോട്ടിന്‍റെ അമ്മ മുഹറത്തിന്‍റെ അനുഷ്ഠാനങ്ങൾ പാലിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരുദിവസം എല്ലിക്കോട്ട് പതിവുപോലെ ഡ്യൂട്ടിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ അമ്മ ഫോണിൽ വിളിച്ചു. താൻ ഇന്ന് രാത്രി മരിക്കുമെന്ന് അവർ അവനോട് പറഞ്ഞു. ക്രിസ്ത്യൻ ശവസംസ്‍കാര ചടങ്ങുകൾ അനുസരിച്ച് തന്നെ അടക്കണമെന്നും ഉടനെ തന്നെ തന്‍റെ അടുക്കൽ എത്തിച്ചേരണമെന്നും അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  

അതുകൂടാതെ മറ്റൊരു കാര്യംകൂടി അവർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം അവിടെനിന്നാണ്.  “നീ എനിക്കൊരു വാക്കുതരണം. മുഹറം ആരംഭം മുതൽ പത്തുദിവസം വരെ നീയും ഞാനിന്നെടുക്കുന്ന രീതിയിൽ നോമ്പ്‌ എടുക്കണം'' അമ്മ എല്ലിക്കോട്ടിനോട് ആവശ്യപ്പെട്ടു. താന്‍ നോമ്പ് സമയത്ത് നടത്തിയിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ മരണശേഷം മകൻ തുടർന്നുകൊണ്ട് പോകണമെന്ന് ആ സ്ത്രീ അത്രയേറെ ആഗ്രഹിച്ചിരുന്നു. അമ്മയുടെ ആഗ്രഹത്തെ മാനിച്ച്, എല്ലിക്കോട്ട് അത് തുടർന്ന് കൊണ്ടുപോകാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുക്കുകയും ചെയ്തു.  

എല്ലിക്കോട്ടിന് ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള പ്രധാന പ്രചോദനം അദ്ദേഹത്തിന്‍റെ അമ്മ തന്നെയായിരുന്നു. ഗഫൂറിന്‍റെ വീട്ടിൽവെച്ച് അദ്ദേഹം ഇസ്ലാം മതത്തെക്കുറിച്ച് അടുത്തറിയാൻ തുടങ്ങി. ഇത് ഗഫൂറിനും എല്ലിക്കോട്ടിനും ഇടയിൽ തീവ്രമായ ആത്മബന്ധം വളരാൻ കാരണമായി. ഗഫൂറിന്‍റെ വീട്ടിൽതന്നെയായിരുന്നു എല്ലിക്കോട്ട് അവസാനകാലം ചിലവഴിച്ചിരുന്നതും.

ഇസ്‌ലാം മതം സ്വീകരിച്ച് മുസ്ലീമായതിനുശേഷം എല്ലിക്കോട്ട് ഖലന്ദറി ഖ്വാജാ ഗരീബ് നവാസിന്‍റെ ദേവാലയത്തിലേക്ക് തീർത്ഥാടനത്തിനായി പോയി. അഞ്ച് മുതൽ ഏഴ് മാസം വരെ അദ്ദേഹം അവിടെ താമസിച്ചു. ഗഫൂറിനോട് പറയാതെയാണ് എല്ലിക്കോട്ട് പോയത്. മുഹറം വന്നിട്ടും എല്ലിക്കോട്ടിനെ കാണാതായപ്പോൾ അവിടെയുള്ള പള്ളിയിലെ ഒരു ദിവ്യനോട് ഗഫൂർ എല്ലിക്കോട്ടിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം എല്ലിക്കോട്ട്  റെയിൽവേ സ്റ്റേഷനിൽ എത്തിക്കാണുമെന്നും അദ്ദേഹത്തെ സ്വീകരിക്കാൻ അവിടേക്ക് പോകണമെന്നും ഗഫൂറിനോട് പറഞ്ഞു. അതനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ താടിയും മുടിയും വളർത്തി ഒരു പുണ്യാത്മാവ് സ്റ്റേഷനിൽ വന്നിറങ്ങുന്നത് ഗഫൂർ കണ്ടു. അത് എല്ലിക്കോട്ടായിരുന്നു. അപ്പോഴേക്കും ഒരു തികഞ്ഞ ഫകീറായി അദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തിന്‍റെ  കണ്ണുകളിൽ ആത്മീയതയുടെ പ്രകാശം ഗഫൂർ കണ്ടു.

എല്ലിക്കോട്ട് പിന്നീടുള്ള തന്‍റെ ജീവിതം ആധ്യാത്മിക പ്രവർത്തനങ്ങൾക്കായും, സാമൂഹ്യ സേവനങ്ങൾക്കായും മാറ്റിവച്ചു. എല്ലിക്കോട്ടിന്‍റെ കുടുംബം വിഭജനത്തിനുശേഷം അദ്ദേഹത്തെ തനിച്ചാക്കി ഇംഗ്ലണ്ടിലേക്ക് പോയി. എന്നിട്ടും അദ്ദേഹം തിരികെ പോകാതെ തന്‍റെ അവസാനശ്വാസം വരെയും ആ മണ്ണിൽ ഒരു തികഞ്ഞ ആത്മീയവാദിയായി ജീവിച്ചു. ഇന്നും ആളുകൾ എല്ലിക്കോട്ട് എന്ന ഷെയ്ഖ് അലി ഗോഹറിന്‍റെ ആരാധനാലയം സന്ദർശിക്കുന്നു. അദ്ദേഹം തന്‍റെ അമ്മയോട് നൽകിയ വാഗ്ദാനം അദ്ദേഹത്തെ ഒരു ആത്മീയപുരുഷനാക്കി മാറ്റി. അദ്ദേഹത്തിന്‍റെ ആരാധനാലയത്തിലേക്ക് തീർത്ഥാടനത്തിനായി വിദൂരത്തുനിന്നുപോലും ധാരാളം ആളുകൾ ദിവസവും എത്തുന്നുണ്ട്. 

(കടപ്പാട്: സ്ക്രോള്‍)