Asianet News MalayalamAsianet News Malayalam

എല്‍മ് മരങ്ങൾ തിരികെ വരുമോ? പ്രത്യേകതകളെന്തെല്ലാം?

എൽമുകളുടെ തിരോധാനം മൂലം ആളുകൾ പതുക്കെ ഇവയെ വിസ്‍മരിക്കാൻ തുടങ്ങി. എന്നാൽ, ഇപ്പോൾ ചില യൂറോപ്യൻ രാജ്യങ്ങൾ പാർക്കുകളിലും പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിരോധശേഷിയുള്ള പ്രാദേശിക എൽമുകളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

elm tree can return?
Author
Britain, First Published Dec 4, 2019, 2:05 PM IST

ഒരുകാലത്ത്, ബ്രിട്ടീഷ് ഭൂപ്രകൃതിയുടെ അവിഭാജ്യഘടകമായിരുന്നു ഇംഗ്ലീഷ് എല്‍മ് മരങ്ങൾ. ഒരുപാട് പേർക്ക് അത് ഗൃഹാതുരതയുടെയും മധുരമുള്ള ബാല്യകാലത്തിന്‍റെയും ഓർമ്മകളാണ്. പക്ഷെ, ഇന്ന് അവ ഗ്രാമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. 1960 മുതൽ ഡച്ച് എൽമ് എന്ന രോഗം മൂലം എല്‍മ് മരങ്ങൾ നശിക്കാൻ തുടങ്ങി. 20 ദശലക്ഷത്തിലധികം മരങ്ങളെയാണ് ഈ രോഗം ബാധിച്ചത്.  ഇപ്പോൾ ഇത് വനപ്രദേശങ്ങളിലും മറ്റും വളരെ വിരളമായി മാത്രമാണ് കാണപ്പെടുന്നത്. എന്നാൽ, ഒരു പുതിയ റിപ്പോർട്ട് പ്രകാരം മരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഫ്യൂച്ചർ ട്രീസ് ട്രസ്റ്റ് ചാരിറ്റി എല്‍മ് മരങ്ങളെ ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ലോകമെമ്പാടും മുപ്പതിലധികം ഇനങ്ങളുള്ള എല്‍മുകള്‍ വെങ്കലയുഗം മുതലേ ഭൂമിയിൽ ഉണ്ട്. 100 വർഷത്തിനു മീതെ ആയുസ്സുള്ള ഇവ 40 മീറ്ററിലധികം ഉയരം വയ്ക്കും. അപൂർവ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഈ മരങ്ങൾ. ജോൺ കോൺസ്റ്റബിളിനെപ്പോലുള്ളവർ സൗന്ദര്യത്തിന് പേരുകേട്ട എല്‍മിനെ പെയിന്‍റിംഗുകളിൽ പകർത്തിയിട്ടുണ്ട്. 1545 -ൽ ഹെൻട്രി എട്ടാമന്‍റെ തകർന്ന യുദ്ധക്കപ്പൽ എല്‍മിന്‍റെ തടി ഉപയോഗിച്ചാണ് ഭാഗികമായി നിർമ്മിച്ചത്.

ഡച്ച് എൽമ് രോഗം 1960 -കളിലും 70 -കളിലും തെക്കൻ ബ്രിട്ടനിൽ പടർന്നുപിടിച്ചപ്പോൾ 90 ശതമാനം എല്‍മ്‍മരങ്ങളും നശിച്ചു. ഈ രോഗം ഒരുതരം വണ്ട് പരത്തുന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്. മരത്തിലെ ഇലകൾ ഉണങ്ങുന്നതും, ശരത്കാലത്തിലും വസന്തകാലത്തിലും ഇലകളുടെ നിറം മാറുന്നതും ഡച്ച് എൽമ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. എൽമുകളുടെ തിരോധാനം മൂലം ആളുകൾ പതുക്കെ ഇവയെ വിസ്‍മരിക്കാൻ തുടങ്ങി. എന്നാൽ, ഇപ്പോൾ ചില യൂറോപ്യൻ രാജ്യങ്ങൾ പാർക്കുകളിലും പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിരോധശേഷിയുള്ള പ്രാദേശിക എൽമുകളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഫ്യൂച്ചർ ട്രീസ് ട്രസ്റ്റിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ടിം റോളണ്ട് പറഞ്ഞു. യുകെയിലുടനീളമുള്ള നിരവധി എല്‍മ് പ്രേമികളും വിദഗ്ധരും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ റിപ്പോർട്ട്. "ഞങ്ങളുടെ ഈ റിപ്പോർട്ടിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്" അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലേക്ക് ഈ മരങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കാനാണ് തങ്ങൾ പ്രവർത്തികുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതും പകർച്ചവ്യാധിയിൽ നിന്ന് ദുരൂഹമായി രക്ഷപ്പെട്ടതുമായ അനവധി മരങ്ങൾ അവർക്കു കണ്ടെത്തനായിട്ടുണ്ട്. അവയിൽ നിന്ന് രോഗത്തെ പ്രതിരോധിക്കുന്ന പുതിയ എല്‍മ് തൈകൾ വളർത്തിക്കൊണ്ടുവരികയാണ് അവർ ഇപ്പോൾ ചെയ്യുന്നതെന്ന് റിപ്പോർട്ടർ കാരെൻ റസ്സൽ പറഞ്ഞു.

"പ്രായംചെന്ന ആ മരങ്ങൾ കണ്ടെത്താനും, ഗവേഷണ സാധ്യതകൾ വിശകലനം ചെയ്യാനും ഞങ്ങൾക്കു സാധിച്ചിട്ടുണ്ട്" അവർ പറഞ്ഞു. ആളുകളുടെ സഹകരണത്തോടെ അനുയോജ്യമായ സ്ഥലത്ത് എല്‍മ് മരത്തൈകൾ നടുമെന്നും അവർ കൂട്ടിച്ചേർത്തു. വീണ്ടും അവ വഴിയരികിൽ തണൽ വിരിച്ചു നില്‍ക്കുന്നത് കാണാൻ കാത്തിരിക്കയാണ് ജനങ്ങൾ.


 

Follow Us:
Download App:
  • android
  • ios