ജൂൺ മാസം, പലർക്കും അടിയന്തരാവസ്ഥയുടെ കയ്പ്പേറിയ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരുന്ന മാസം കൂടിയാണ്. കഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ പലത് കഴിഞ്ഞെങ്കിലും, ജൂൺ 25 എന്ന ദിവസത്തിലേക്ക് കലണ്ടറിന്റെ താളുകൾ മറിഞ്ഞെത്തുമ്പോൾ, പലരുടെയും മനസ്സുകളിൽ ചാരം മൂടിക്കിടക്കുന്ന പല കനൽക്കട്ടകളും വീണ്ടും തിളങ്ങാൻ തുടങ്ങും. അത്ര എളുപ്പത്തിൽ മറക്കാനാകാത്തതാണ്, മറന്നുകൂടാത്തതാണ് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ അടിയന്തരാവസ്ഥ എന്ന ഇരുണ്ട അധ്യായം.

1975 ജൂൺ 25 -നും 1977 മാർച്ച് 21 -നും ഇടയിലുള്ള 21 മാസങ്ങളാണ് 'അടിയന്തരാവസ്ഥ' എന്ന ഒരൊറ്റവാക്കിൽ നമ്മൾ ഒതുക്കാറുള്ളത്. ഇന്നേക്ക് 45 വർഷം മുമ്പാണ് ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യൻ പ്രധാനമന്ത്രി അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹ്മദിനെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ' പ്രഖ്യാപിപ്പിക്കുന്നത്. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിര ഗാന്ധി എന്ന ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകൃതമായി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു, പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറാറുമാസം കൂടുമ്പോൾ ഇന്ദിരയുടെ നിർദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യം 

അറുപത്തേഴിനു ശേഷം ഇന്ദിരക്ക് ഇന്ത്യയുടെ ഭരണസംവിധാനത്തിൽ വർദ്ധിച്ചുവന്ന സ്വാധീനം പ്രകടമായിരുന്നു. അത്, 1971 -ലെ ഇന്തോ-പാക് യുദ്ധത്തിൽ നേടിയ വിജയം ഇന്ദിരയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. 'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന മുദ്രാവാക്യം വിശ്വസ്ത വിധേയനായ ദേവകാന്ത ബറുവയുടെ വായിൽ നിന്ന് പുറപ്പെട്ടപ്പോൾ ബൻസിലാൽ, വിദ്യാശങ്കർ ശുക്ല, സഞ്ജയ് ഗാന്ധി, സിദ്ധാർഥ ശങ്കർ റേ തുടങ്ങിയ നേതാക്കൾ അതേറ്റുചൊല്ലി. ഇന്ദിരയുടെ ചുറ്റുമുള്ള ഉപജാപകവൃന്ദം തോന്നുംപടി കാര്യങ്ങൾ മുന്നോട്ട് നീക്കാൻ തുടങ്ങിയപ്പോൾ, മറുപക്ഷത്ത് സമാജ് വാദി നേതാവ് രാജ് നാരായണെപ്പോലുള്ളവർ ഇന്ദിരയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലായിരുന്നു.

 

 

റായ് ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കോടതിയിൽ ചോദ്യം ചെയ്തു രാജ് നാരായൺ. പ്രധാനമന്ത്രിയുടെ സ്റ്റെനോഗ്രാഫറായിരുന്ന യശ്പാൽ കപൂർ, സർക്കാർ സർവീസിൽ ഇരുന്നുകൊണ്ട് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ മുഴുകിയത് ചൂണ്ടിക്കാണിച്ചായിരുന്ന രാജ് നാരായന്റെ കേസ്. കേസ് വളരെ ശക്തമാണ് എന്നും, കോടതിയിൽ ചിലപ്പോൾ പ്രതികൂലമായ വിധി വരാനിടയുണ്ട് എന്നുമുള്ള നിയമോപദേശം കിട്ടിയത് ഇന്ദിരയെ വല്ലാത്ത ഭയാശങ്കകളിലേക്ക് തള്ളിയിട്ടിരുന്നു.

രാജ്യത്ത് കത്തിപ്പടരുന്ന ആഭ്യന്തര സമരങ്ങൾ 

ഏതാണ്ട് അതേ കാലത്തുതന്നെ, രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാർത്ഥി സമരങ്ങളും പൊട്ടിപ്പുറപ്പെട്ടുതുടങ്ങി. ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം, മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ അഴിമതി ഭരണത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചു നിരത്തിലിറങ്ങി. ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ തീപ്പൊരി ആളിപ്പടർന്നത് പക്ഷേ, ബിഹാറിലായിരുന്നു. അവിടെ ഇന്ദിരയുടെ വിശ്വസ്തനായ അബ്ദുൽ ഗഫൂറിന്റെ ഭരണമായിരുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായിരുന്നു അന്ന് ബിഹാർ സംസ്ഥാനം. സംസ്ഥാനത്തെ അഴിമതികൊണ്ട് പൊറുതിമുട്ടിയ യുവജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ, ആവേശം പിടികൂടിയത് ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തി നിന്നിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണായിരുന്നു. വിദ്യാർത്ഥി നേതാക്കൾ വീട്ടിലെത്തി ജെപിയോട് സമരത്തിന് നേതൃത്വം വഹിക്കാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം ഒരേയൊരു ഉപാധിയിന്മേൽ സമ്മതം മൂളി. 'എന്ത് പ്രകോപനം ഭരിക്കുന്ന പാർട്ടിയുടെ ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നുണ്ടായാലും, സമരക്കാരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാൻ പാടില്ല' എന്നതായിരുന്നു ജെപിയുടെ ഒരേയൊരു നിബന്ധന.

 

 

ഇന്ത്യയൊട്ടുക്കും പ്രസിദ്ധനായ സാക്ഷാൽ ജയപ്രകാശ് നാരായൺ എന്ന കറയറ്റ സോഷ്യലിസ്റ്റ് സമരത്തിന്റെ ചുക്കാൻ പിടിച്ചതോടെ ആസേതുഹിമാചലം ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങൾ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും, വിദ്യാലയങ്ങളിലും, കലാലയങ്ങളിലും, സർവകലാശാലകളിലും ഉയർന്നു കേട്ടുതുടങ്ങി. സമരങ്ങളെ അടിച്ചമർത്താൻ ഇന്ദിരയും ശ്രമങ്ങൾ തുടങ്ങി. ജെപിക്കു നേരെ ഉയർന്ന മർദനം തടയുന്നതിനിടെ പലർക്കും പരിക്കേറ്റു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമം ജെപിയെ ക്ഷുഭിതനാക്കി. 1975 മെയ് 6 -ന്  ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു, "ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്..." അതിനു ശേഷം, 1975 ജൂൺ 5 -ന് ദില്ലിയിൽ ജെപി നയിച്ച വിരാട് റാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. അന്ന് ഇളകിമറിയുന്ന ജനസാഗരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജെപി രാജ്യത്തെ പൊലീസുകാരോടും പട്ടാളത്തോടുമായി ഏറെ വിവാദാസ്പദമായ ഒരു ആഹ്വാനം നടത്തി," നിയമവിരുദ്ധമായ ആജ്ഞകൾ അനുസരിക്കാൻ നിങ്ങൾക്ക് ബാധ്യസ്ഥതയില്ല "

അലഹബാദ് ഹൈക്കോടതി വിധി 

ജൂൺ 12 -ന്  അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നു. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി. ഗുജറാത്തിലും ഇന്ദിരക്ക് കടുത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. ഈ ഇരട്ട പ്രഹരം ഇന്ദിരയെ കോപം കൊണ്ട് അന്ധയാക്കി. അവർ ജെപിയെ അറസ്റ്റുചെയ്യാൻ പൊലീസിന് നിർദേശം നൽകി. രാജ്യം മുഴുവൻ അലയടിച്ച സമരങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ടായിരുന്നു. ഇന്ദിരയ്ക്ക് അന്ന് ഉപദേശം നല്കാനുണ്ടായിരുന്നത് ഇളയ പുത്രനായ സഞ്ജയ് ഗാന്ധി ആയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ ആണ് രാജ്യത്തെ നിയന്ത്രണാധീനമാക്കാൻ വേണ്ടി, ഇന്ദിരക്ക് 'അടിയന്തരാവസ്ഥ' എന്ന മാർഗം നിർദേശിക്കുന്നത്. വിശദാംശങ്ങൾ കേട്ടതോടെ ഇന്ദിരയ്ക്കും സംഗതി കൊള്ളാം എന്ന് ബോധ്യപ്പെട്ടു. തനിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി വന്നു പതിമൂന്നാം ദിവസം, 1975 ജൂൺ 25 -ന് അർദ്ധരാത്രിയോടടുപ്പിച്ച്, ഓൾ ഇന്ത്യാ റേഡിയോയുടെ സ്റ്റേഷനിലിരുന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്.

 

 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒട്ടുമിക്ക പത്രങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് കൃത്യമായ സെൻസർഷിപ്പ് നിയന്ത്രണങ്ങളോടെ, ഭരണകൂടത്തിന് ഗുണകരമായ വാർത്തകൾ മാത്രം അച്ചടിച്ചുവരും എന്നുറപ്പുവരുത്തിയ ശേഷം മാത്രമാണ് ആ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകുന്നത്. ഇന്ത്യ പോലെ ഒരു ജനാധിപത്യരാജ്യത്ത് ഈ പ്രസ് സെൻസർഷിപ്പ് എങ്ങനെ ഭരണഘടനാനുസൃതമായി നടപ്പിലാക്കി എന്നാവും? അങ്ങനെ ഒരു നിയന്ത്രണത്തിനും ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നത് ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദമാണല്ലോ. ആ സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തിലാണ് മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും ഉൾപ്പെടുക. അത് അനുവദിച്ചു നൽകുന്ന പത്തൊമ്പതാം അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും ഈ നിയന്ത്രണങ്ങൾ തന്നെ. 'രാജ്യ സുരക്ഷ', 'വിദ്വേഷ പ്രചാരണം' തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാരണമായി പറഞ്ഞത്.അശോക് മഹാദേവൻ എന്ന ടൈംസ് ഓഫ് ഇന്ത്യയിലെ ഇരുപത്താറുകാരനായ ജേർണലിസ്റ്റ് അന്ന് ഗൂഢഭാഷയിൽ ജനാധിപത്യത്തിന് ഒരു ചരമക്കുറിപ്പ് പ്രസിദ്ധപ്പെടുത്തി തന്റെ പ്രതിഷേധം അടിയന്തരാവസ്ഥയുടെ ചരിത്രത്തിൽ രേഖപ്പെടുത്തി.ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അന്ന് അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. 1975 ജൂൺ 28 -ന് എക്സ്പ്രസ് ഒരു ബ്ലാങ്ക് എഡിറ്റോറിയൽ പ്രസിദ്ധം ചെയ്താണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫിനാൻഷ്യൽ എക്സ്പ്രസ് ആകട്ടെ, ടാഗോറിന്റെ ഗീതാഞ്ജലിയിൽ സ്വാതന്ത്ര്യത്തെ പ്രകീർത്തിക്കുന്ന കവിതാശകലമാണ് വെണ്ടയ്ക്കാ അക്ഷരങ്ങളിൽ അച്ചടിച്ചത്. " ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ.." എന്നായിരുന്നു ആ വരികൾ അവസാനിച്ചത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലേക്കാണ് മധു ട്രെഹാൻ പത്രാധിപരായി ഇന്ത്യ ടുഡേ എന്ന ചെറുമാസിക 1975 ഒക്ടോബർ മാസം അതിന്റെ ആദ്യ ലക്കമിറക്കുന്നത്. കല്പന ശർമ്മ എഡിറ്റ് ചെയ്തിരുന്ന 'ഹിമ്മത്'(ധൈര്യം) എന്ന് പേരായ ഹിന്ദി വാരിക, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യരണ്ടു ലക്കം മുഖപ്രസംഗം ഒഴിച്ചിട്ടു. മൂന്നാം ലക്കം മുതൽ നിശിതമായ വിമർശനങ്ങൾ പ്രസിദ്ധപ്പെടുത്തി. അതും, സെൻസർ ചട്ടങ്ങൾ ലംഘിച്ചതിന് നോട്ടീസ് കയ്യിൽ കിട്ടും വരെ മാത്രമേ സാധിച്ചുള്ളൂ.

 'ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ ജനാധിപത്യത്തിന്റെ ചരമക്കുറിപ്പ് '

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും ഇന്ദിര കസ്റ്റഡിയിലെടുത്തു. വിജയരാജേ സിന്ധ്യ, ജെപി, രാജ് നാരായൺ, മൊറാർജി ദേശായി, ചൗധരി ചരൺസിങ്, ജീവത് രാം കൃപലാനി, അടൽ ബിഹാരി വാജ്‌പേയി, ജോർജ് ഫെർണാണ്ടസ് , ലാൽ കൃഷ്ണ അദ്വാനി, അരുൺ ജെയ്റ്റ്‌ലി, എന്നിങ്ങനെ പലരും അറസ്റ്റിലായി അന്ന്. ആർഎസ്എസും ജമായത്തെ ഇസ്ലാമിയും അടക്കമുള്ള പല സംഘടനകളും രാജ്യത്ത് നിരോധിക്കപ്പെട്ടു. ഒട്ടുമിക്ക കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും അന്ന് അറസ്റ്റു ചെയ്യപ്പെട്ടു. അക്കാലത്തുതന്നെയാണ് ജോർജ് ഫെർണാണ്ടസിനെതിരായ ബറോഡാ ഡയനാമൈറ്റ് കേസ്,  കേരളത്തെ നടുക്കിയ രാജൻ ഉരുട്ടിക്കൊലക്കേസ് ഒക്കെ നടക്കുന്നത്. പൊതു, നിയമസഭാ തെരഞ്ഞെടുപ്പുകൾ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടുകൊണ്ടിരുന്നു അടിയന്തരാവസ്ഥക്കാലത്ത്.

സഞ്ജയ് ഗാന്ധി എന്ന അദൃശ്യ ഭരണകർത്താവ് 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടാനുണ്ടായ മറ്റൊരു കാരണം, തന്റെ ഇളയപുത്രനായ സഞ്ജയ് ഗാന്ധിയോടുള്ള ഇന്ദിരയുടെ അമിതമായ വിധേയത്വമായിരുന്നു. ഇന്ത്യയെ പ്രധാനമന്ത്രിയും മന്ത്രിസഭയും എന്ന രീതിയിൽ നിന്ന് അമ്മയെ പ്രസിഡന്റാക്കിക്കൊണ്ടുള്ള കൂടുതൽ അധികാര കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനത്തിലേക്ക് മാറ്റണം എന്ന് സഞ്ജയ് ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയെ അടിയന്തരാവസ്ഥയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടതിന് അമ്മയോളം തന്നെ മകനും ഉത്തരവാദിയാണ്.അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സഞ്ജയ് ഗാന്ധിയെ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു.

 

 

സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും ബുദ്ധിയിൽ ഉദിച്ച പലതും വിശേഷിച്ച് ഒരു ക്യാബിനറ്റ് ചർച്ചകളും കൂടാതെ, പാർലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ, അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക്   ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കേറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ചകൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീ പുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പാരിതോഷികമായി ഒരു പാട്ട നെയ്യും ഒരു ടൈംപീസും സർക്കാർ നൽകി. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, സഞ്ജയിനെ മനുഷ്യത്വവിരുദ്ധമായ പല പ്രവൃത്തികൾക്കും നിർബന്ധിച്ച റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു.  

 

'വന്ധ്യംകരണത്തിന് വരി നിൽക്കുന്ന ജനം, ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പാരിതോഷികമായി നൽകിയ നെയ്യും ടൈം പീസും'

 സഞ്ജയ് ഗാന്ധിയ്ക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ദില്ലിയിലെ തുർക്ക് മാന്‍ ഗേറ്റിനടുത്തുള്ള ചേരികൾ ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് ഓപ്പറേഷൻ. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല. അങ്ങനെ നിരവധി ക്രൂരതകൾ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഗവണ്മെന്റ് സ്വന്തം പൗരന്മാർക്കുനേരെ പ്രവർത്തിച്ചതിന്റെ ഓർമ്മകൂടിയാണ് അടിയന്തരാവസ്ഥക്കാലം.ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജനാധിപത്യം സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു കാലമായിരുന്നു അത്.

എന്നാൽ അധികം താമസിയാതെ, അതിനും ഒരു അവസാനമുണ്ടായി. സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ, അടിയന്തരാവസ്ഥയുടെ കയ്പുനീർ കുടിച്ച ഇന്ത്യൻ ജനത ഇന്ദിരയെ നിലംതൊടീച്ചില്ല എങ്കിലും, ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്. ഒരു പക്ഷേ, ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ നിർണയിച്ച ഒന്നും.