ഒരു കാലത്ത്, സെർബിയൻ ഭാഷയിലെ ലാറ്റിൻ, സിറിലിക് ലിപികളുണ്ടായിരുന്നപോലെ, ദേവനാഗരിയോടൊപ്പം നിലനിന്നിരുന്ന മോദിയിൽ, ദേവനാഗരി വിഴുങ്ങും മുമ്പുള്ള ആ യുഗത്തിൽ നിരവധി സാഹിത്യകൃതികളുമുണ്ടായി.
ഒരു ഭാഷയ്ക്ക് ഒരു ലിപി മാത്രമേ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളൂ ഇന്നോളം. എന്നാൽ, ഭാരതീയ ഭാഷകളിൽ അതിന് ഒരേയൊരു അപവാദമുള്ളത്, മറാഠിയിലാവും. അവിടെ രണ്ടു ലിപികളുണ്ട്. ആദ്യത്തേത്, നാമെല്ലാം കണ്ടുശീലിച്ചിട്ടുള ദേവനാഗരി. രണ്ടാമത്തെ ലിപിയുടെ പേര് 'മോദി'. മറാഠി ഭാഷയുടെ ഉത്ഭവകാലം തൊട്ടുതന്നെ രണ്ടു ലിപികളും നിലവിലുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ഒരു കോടതി മുറി... ആകെ കലുഷിതമാണ് രംഗം. ഏതോ ഒരു സിവിൽ കേസിന്റെ വിചാരണ നടക്കുന്നു. ഭൂമിത്തർക്കമാണ്. വാദിപക്ഷത്ത് നിന്നും തെളിവിനായി ഒരു പഴയ അടിയാധാരം ഹാജരാക്കുന്നു. വിവാദാസ്പദമായ ആ ഭൂമിയിന്മേൽ വാദിപക്ഷത്തിനുള്ള അവകാശം സംശയാതീതമായി തെളിയിക്കുന്ന ഒരു പുരാരേഖയായിരുന്നു അത്. ഒരൊറ്റ പ്രശ്നം മാത്രം. ആ കോടതി മുറിയിൽ ഉള്ള ആർക്കും തന്നെ, ആ അടിയാധാരം വായിച്ചു മനസ്സിലാക്കാനുള്ള അറിവുണ്ടായിരുന്നില്ല. ആ ആധാരം ദേവനാഗരി ലിപിയിൽ അല്ലായിരുന്നു എഴുതിയിരുന്നത് എന്നത് തന്നെ പ്രശ്നം.
മഹാരാഷ്ട്രയിലെ പല ഭൂസ്വത്തുക്കളുടെയും അടിയാധാരങ്ങളുടെ അവസ്ഥയും മേല്പറഞ്ഞതു തന്നെയാണ്. അവ എഴുതപ്പെട്ടിരിക്കുന്നത് അക്കാലത്ത് നിലനിന്നിരുന്ന, 'മോദി ' എന്ന, പിൽക്കാലത്ത് കലഹരണപ്പെട്ടുപോയ മറാഠി ലിപിയിലായിരുന്നു. ഒരു കാലത്ത് വിശാല മറാഠാ പ്രവിശ്യയിൽ അങ്ങോളമിങ്ങോളം പ്രചുരപ്രചാരത്തിലുണ്ടായിരുന്നു ഈ 'മോദി' ലിപി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേവനാഗരിയ്ക്ക് അമിതമായ പ്രാമുഖ്യം നൽകപ്പെട്ടപ്പോൾ അത് പണ്ടത്തെ കൂട്ടെഴുത്തായിരുന്ന 'മോദി'യെ കാലഹരണപ്പെട്ടതാക്കി മാറ്റി. മഹാരാഷ്ട്രയിൽ ഇപ്പോൾ മുതിർന്നവരുടെ തലമുറയ്ക്കുമാത്രമാണ് അല്പമെങ്കിലും മോദി ലിപി പരിചയമുള്ളത്. പിന്നെ, പഴയ രീതിയിലുള്ള മാത്രാബദ്ധമായ കവിതകൾക്കും ചിലർ കാലം തെറ്റിയെങ്കിലും ഇന്നും മോദി ഉപയോഗിക്കാറുണ്ട്.
ഒരു കാലത്ത്, സെർബിയൻ ഭാഷയിലെ ലാറ്റിൻ, സിറിലിക് ലിപികളുണ്ടായിരുന്നപോലെ, ദേവനാഗരിയോടൊപ്പം നിലനിന്നിരുന്ന മോദിയിൽ, ദേവനാഗരി വിഴുങ്ങും മുമ്പുള്ള ആ യുഗത്തിൽ നിരവധി സാഹിത്യകൃതികളുമുണ്ടായി.
ഒരു ഭാഷയ്ക്ക് ഒരു ലിപിയെ പാടുള്ളൂ എന്ന സങ്കുചിത ചിന്തയ്ക്ക് യഥാർത്ഥത്തിൽ ഭാഷാധിഷ്ഠിത പ്രാദേശിക വാദത്തോളമേ പഴക്കമുള്ളൂ. ഒരു ഭാഷ സംസാരിക്കുന്ന സമൂഹത്തിനുമേൽ ദേശീയതാ ബോധം അടക്കമുള്ള ബാഹ്യഘടകങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന് മോദിയുടെ കാലഹരണം മികച്ച ഒരുദാഹരണമാണ്.
പേപ്പർ കണ്ടുപിടിക്കപ്പെട്ട് എഴുത്തൊക്കെ പുഷ്ടിപ്പെട്ട കാലമാണ് മോദിയുടെ സുവർണകാലം. പേപ്പർ ജീവൻ പകർന്ന മോദി ലിപിയെ തുടർന്നുവന്ന പ്രിന്റിങ്ങ് സാങ്കേതിക വിദ്യ അപ്രസക്തമാക്കി മാറ്റി. പ്രിന്റിങ്ങിന്റെ പ്രായോഗികതയ്ക്ക് എന്നും അനുയോജ്യമായത് ദേവനാഗരിയായിരുന്നു.
ഇന്ന് മോദി എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. ആ ലിപിയെക്കുറിച്ചുള്ള അറിവുതന്നെ ഏകദേശം രണ്ടു തലമുറ മുമ്പുതന്നെ ഒടുങ്ങിയ മട്ടാണ്. പ്രതീകാത്മകമായ രീതിയിൽ ഇന്നും മോദിയുടെ സാന്നിധ്യം മഹാരാഷ്ട്രയിലുണ്ട്. തികച്ചും പ്രതീകാത്മകം മാത്രമായ സാന്നിധ്യം.
മോദിയ്ക്ക് ഒരുപക്ഷേ, ഇനിയൊരിക്കലും പഴയ സാംഗത്യം തിരിച്ചു കിട്ടില്ലായിരിക്കും. പക്ഷേ, മോദിയുടെ കാലം ഒരിക്കലും നമുക്ക് മറാഠി ഭാഷയുടെ ചരിത്രത്തിൽ നിന്നും മായ്ചുകളയാവുന്ന ഒന്നല്ല. അത് മറാഠി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളും അങ്ങനെ അവഗണിക്കാൻ സാധിക്കുന്നവയുമല്ല.
