സാധാരണയായി വികസനത്തിന് വേണ്ടി മരം മുറിക്കുകയാണ് പതിവ് അല്ലേ? എന്നാല്‍, ഇവിടെ ഒരു സ്‌കൂള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഒറ്റ മരം പോലും മുറിക്കാതെ അതിനെ കൂടുതല്‍ പ്രകൃതിസൗഹാര്‍ദ്ദപരമാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് നൂറ്റാണ്ട് തന്നെ പഴക്കമുള്ള ഈ സ്‌കൂളുള്ളത്- ഉദോജി പ്രീപ്രൈമറി സ്‌കൂള്‍. 

അവിടെ അരയാലിന്റെ വേരില്‍ തൂങ്ങിയാടുന്ന കുട്ടികളെ കാണാം. മരത്തണലിലിരിക്കുന്ന കുഞ്ഞുങ്ങളെ കാണാം. സ്‌കൂളില്‍ പൂക്കളെയും പക്ഷികളേയും മറ്റ് ജീവജാലങ്ങളെയും കാണാം. മാവ്, പുളിമരം, അശോക തുടങ്ങി വിവിധയിനം മരങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലുണ്ട്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വായുമലിനീകരണം പതിവ് കാഴ്ചയാവുമ്പോള്‍ സ്‌കൂളില്‍ ഈ മരങ്ങള്‍ നല്ല വായുവും തണലും തണുപ്പും നല്‍കുന്നു. 22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടം 1920 -ല്‍ നിര്‍മ്മിച്ചതാണ്. മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മറാത്ത വിദ്യാ പ്രസാരക്കിന്റെ ബോര്‍ഡിംഗ് സ്‌കൂളായിരുന്നു ഇത്.

എന്നിരുന്നാലും, പത്ത് വര്‍ഷം മുമ്പ് സ്‌കൂള്‍ കാലപ്പഴക്കത്താല്‍ നശിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വിദ്യാലയം നവീകരിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെയാണ് ധനഞ്ജയ് ഷിന്‍ഡേ എന്ന ആര്‍ക്കിടെക്ടിനെ സമീപിക്കുന്നത്. എന്നാല്‍, സ്‌കൂളിന്റെ ചരിത്രപ്രാധാന്യം നിലനിര്‍ത്തുന്ന തരത്തില്‍ അതിനെ പുതുക്കിപ്പണിയാനായിരുന്നു ഷിന്‍ഡേയുടെ തീരുമാനം. സ്‌കൂള്‍ കൂടി അത് അംഗീകരിച്ചതോടെ അദ്ദേഹം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. 

പ്രാദേശികമായി കിട്ടുന്നതും വില കുറഞ്ഞതും കെട്ടിടത്തിന്റെ സ്വഭാവത്തോട് ചേരുന്നതുമായ വസ്തുക്കളാണ് നിര്‍മ്മാണത്തിനുപയോഗിച്ചത്. ഇത് ക്ലാസ്മുറികള്‍ തണുത്തതായിരിക്കാന്‍ സഹായിച്ചു. എല്ലാത്തിനും പുറമേ സ്‌കൂളിന്റെ നിര്‍മ്മാണത്തിനായി ഒറ്റ മരവും മുറിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടില്ല. പകരം, മരം സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ടായിരുന്നു സ്‌കൂള്‍ നിര്‍മ്മാണം. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനവും സ്‌കൂള്‍ ഒരുക്കിയിട്ടുണ്ട്. കാണുന്നവരുടെ കണ്ണിന് കൂടി കുളിര്‍മ്മയേകുന്നതാണ് ഈ വിദ്യാലയം എന്ന കാര്യത്തില്‍ സംശയമില്ല. നിറയെ മരങ്ങളും മരത്തണലില്‍ വിശ്രമിക്കുന്ന വിദ്യാര്‍ത്ഥികളും പ്രകൃതിസൗഹാര്‍ദ്ദപരമായ ജീവിതത്തിന് ഉദാഹരണം തന്നെയാണ്.