ഈ പരിസ്ഥിതി പ്രവർത്തക സംഘത്തിന് നേതൃത്വം നൽകിയ ആൻഡ്രിയാസ് നോ പറയുന്നത് നമ്മൾ തീർത്തും അവഗണിക്കുന്നതും എന്നാൽ ഏറെ ഗുരുതരമായി തന്നെ കാണേണ്ടതുമായ ഒരു പരിസ്ഥിതി മലിനീകരണം ആണ് സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുമ്പോൾ സംഭവിക്കുന്നത് എന്നാണ്.

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയാറുണ്ട്. എന്നാൽ, പുകവലി മറ്റൊരർത്ഥത്തിൽ ആരോഗ്യത്തിന് മാത്രമല്ല പ്രകൃതിക്കും ഹാനികരമാണ്. കാരണം ഓരോ പ്രാവശ്യവും പുകവലിച്ച ശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ ഹാനികരമായ മാലിന്യമാണ്. ഓരോ വർഷവും കോടിക്കണക്കിന് സിഗരറ്റ് കുറ്റികളാണ് ഇത്തരത്തിൽ പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികളിലെ നിക്കോട്ടിനും വിഷലോഹങ്ങളും മണ്ണിൽ അലിഞ്ഞുചേർന്ന് മൈക്രോപ്ലാസ്റ്റിക് മലിനീകരണമായി മാറും.

പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ വലിയ മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി അടുത്തിടെ ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ ഒരു ശ്രമം നടത്തി. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ സിഗരറ്റ് കുറ്റികൾ കൊണ്ടുള്ള ഒരു വലിയ മല തന്നെ സൃഷ്ടിച്ചുകൊണ്ടാണ് ഇവർ ഈ ഗുരുതര പ്രശ്നത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിച്ചത്. വെറും ഒരാഴ്ച കൊണ്ട് ഇവർ ശേഖരിച്ച സിഗരറ്റ് കുറ്റികൾ ഒരു സ്ഥലത്ത് കൂട്ടിയിട്ടപ്പോഴാണ് ഒരു മല തന്നെ രൂപപ്പെട്ടത്. 6,50,000 സിഗരറ്റ് കുറ്റികളാണ് ഒരാഴ്ച കൊണ്ട് ഇവർ അനായാസേന ശേഖരിച്ചത്. അപ്പോൾ ഒന്നാലോചിച്ചു നോക്കൂ ഇതിനോടകം എത്ര കോടാനുകോടി സിഗരറ്റ് കുറ്റികൾ മണ്ണിൽ അലിഞ്ഞുചേർന്നിട്ടുണ്ടാകുമെന്നും പ്രകൃതിയെ അത് എത്രമാത്രം മലീമസമാക്കിയിട്ടുണ്ടാകുമെന്നും.

ഈ പരിസ്ഥിതി പ്രവർത്തക സംഘത്തിന് നേതൃത്വം നൽകിയ ആൻഡ്രിയാസ് നോ പറയുന്നത് നമ്മൾ തീർത്തും അവഗണിക്കുന്നതും എന്നാൽ ഏറെ ഗുരുതരമായി തന്നെ കാണേണ്ടതുമായ ഒരു പരിസ്ഥിതി മലിനീകരണം ആണ് സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുമ്പോൾ സംഭവിക്കുന്നത് എന്നാണ്. ഇനിയെങ്കിലും ആളുകൾ ഇതേക്കുറിച്ച് ബോധവാന്മാരാകണമെന്നും ഇത്തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഒരാൾ പുകവലിച്ച് സിഗരറ്റ് കുറ്റി വലിച്ചെറിയുമ്പോൾ സംഭവിക്കുന്നത് ഒരേസമയം സ്വന്തം ആരോഗ്യത്തെയും പ്രകൃതിയെയും ദ്രോഹിക്കുകയാണ് എന്നാണ്.