ധ്രുവപ്രദേശത്ത് പര്യവേക്ഷണത്തിനായി പുറപ്പെട്ട സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടന്റെ (Sir Ernest Shackleton) ഉടമസ്ഥതയിലുള്ള എന്‍ഡ്യൂറന്‍സ് (Endurance) എന്ന കപ്പലാണ്, കടലിന്റെ ഉപരിതലത്തില്‍നിന്നും പതിനായിരം അടി താഴെ അതേ മട്ടില്‍ കണ്ടെത്തിയത്. 

107 വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്റെ ആഴങ്ങളില്‍ മറഞ്ഞ കുറ്റന്‍ കപ്പല്‍ (Lost Ship) അന്റാര്‍ട്ടിക്കയോടു (Antarctic) ചേര്‍ന്ന കടലില്‍ കണ്ടെത്തി. ധ്രുവപ്രദേശത്ത് പര്യവേക്ഷണത്തിനായി പുറപ്പെട്ട സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടന്റെ (Sir Ernest Shackleton) ഉടമസ്ഥതയിലുള്ള എന്‍ഡ്യൂറന്‍സ് (Endurance) എന്ന കപ്പലാണ്, കടലിന്റെ ഉപരിതലത്തില്‍നിന്നും പതിനായിരം അടി താഴെ അതേ മട്ടില്‍ കണ്ടെത്തിയത്. 'ഫാക്ലാന്‍ഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റിലെ (Falklands Maritime Heritage Trust (FMHT)) സാങ്കേതിക വിദഗ്ധരും ഗവേഷകരും അടങ്ങുന്ന സംഘമാണ്, ആഴ്ചകളെടുത്ത് കപ്പല്‍ കണ്ടെത്തിയത്. 

കപ്പല്‍ മുങ്ങിപ്പോയി എന്ന് കരുതുന്ന സ്ഥലത്തുനിന്നും ഏകദേശം 6.4 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഇപ്പോള്‍ എന്‍ഡ്യുറന്‍സ് കണ്ടെത്തിയിരിക്കുന്നത്. 1915 നവംബര്‍ 21 -ന് ഈ കപ്പല്‍ മഞ്ഞുമലയില്‍ കുരുങ്ങി തകര്‍ന്നുവെന്നാണ് കരുതുന്നത്. അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണത്തിന് പോവുകയായിരുന്ന ഏണസ്റ്റ് ഷാക്കിള്‍ട്ടണും സംഘവും അത്ഭുതകരമായി കപ്പലില്‍നിന്നും രക്ഷപ്പെട്ടിരുന്നു. ഇവര്‍ ചെറു ബോട്ടുകളില്‍ കയറിയും തീരത്തൂടെ നടന്നുമൊക്കെ കരയിലേക്ക് എത്തുകയായിരുന്നു. അന്ന് മുതല്‍ കപ്പലിനു വേണ്ടി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണിത് കണ്ടെത്താനായത്. നൂറ്റാണ്ടിലേറെയായി വെള്ളത്തിനടിയില്‍ കിടക്കുകയാണെങ്കിലും കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.

Scroll to load tweet…

നഷ്ടപ്പെട്ട കപ്പല്‍ കണ്ടെത്താനുള്ള പദ്ധതിയ്ക്ക് പിന്നില്‍ ഫോക്ലാന്‍ഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റാണ്. എന്‍ഡ്യൂറന്‍സ് 22 എന്ന് വിളിക്കുന്ന സാങ്കേതിക വിദഗ്ധരും, ഗവേഷകരും അടങ്ങുന്ന സംഘം അന്റാര്‍ട്ടിക് ഉപദ്വീപിന്റെ കിഴക്ക് വെദുല്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുകയായിരുന്നു. ഡ്രോണുകള്‍ ഉള്‍പ്പടെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് കപ്പല്‍ കണ്ടെത്തിയത്. 

ദക്ഷിണാഫ്രിക്കന്‍ ഐസ് ബ്രേക്കര്‍ കപ്പലായ അഗുല്‍ഹാസ് II ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. ഇത് തന്റെ സ്വപ്നം പദ്ധതിയാണെന്നും, അവിശ്വസനീയമായ നേട്ടമാണെന്നും സംഘത്തിനെ നയിച്ച മുതിര്‍ന്ന പോളാര്‍ ജിയോഗ്രാഫര്‍ ഡോ. ജോണ്‍ ഷിയേഴ്സ് അഭിപ്രായപ്പെട്ടു. ഏറെ വെല്ലുവിളി സഹിച്ചാണ് കപ്പല്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞുപാളികള്‍, ഹിമപാതങ്ങള്‍, -18C ലേക്ക് താഴുന്ന താപനിലയും എല്ലാം ഭീഷണികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തടികൊണ്ടുണ്ടാക്കിയ കപ്പല്‍ ദ്രവിച്ചിട്ടുണ്ടെങ്കിലും, വേറെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തണുത്ത വെള്ളവും, മരത്തടി ഭക്ഷിക്കുന്ന സമുദ്രജീവികള്‍ ഇല്ലാത്തതുമാണ് ഇത് ബാകകിയാവാന്‍ കാരണമെന്നാണ് ട്രസ്‌ററ് പറയുന്നത്. ഈ പര്യവേക്ഷണത്തിന് പത്ത് മില്ല്യണ്‍ ഡോളറിലധികം ചിലവ് വന്നു. പേര് വെളിപ്പെടുത്താത ഒരു വ്യക്തിയാണ് പണം സംഭാവന ചെയ്തതെന്ന് ട്രസ്‌ററ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1914-ലാണ് ഷാക്കിള്‍ട്ടണ്‍ എന്‍ഡുറന്‍സ് എന്ന കപ്പലില്‍ ഇംഗ്ലണ്ടില്‍ നിന്ന് യാത്ര പുറപ്പെട്ടത്. അന്റാര്‍ട്ടിക്ക കടക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി അന്റാര്‍ട്ടികയിലേക്ക് പോവുന്ന വഴിയിലുള്ള വെദുല്‍ കടലിലെ ഒരു ഉള്‍ക്കടലിലേക്ക് അദ്ദേഹം കപ്പലിനെ കൊണ്ടുപോയി. ഇവിടെയുള്ള കുപ്രസിദ്ധ വമ്പന്‍ മഞ്ഞുമലയില്‍ കപ്പല്‍ കുരുങ്ങി. 

ഷാക്കിള്‍ട്ടണും കപ്പലിലുണ്ടായിരുന്ന മറ്റുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് തന്റെ എല്ലാ ജോലിക്കാരെയും രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തെക്കന്‍ സമുദ്രത്തിലൂടെ 800 മൈല്‍ തുറന്ന ബോട്ടില്‍ നടത്തിയ ആ അതിസാഹസിക യാത്ര അദ്ദേഹത്തെ ബ്രിട്ടനിലെ ഒരു നായകനാക്കി. 

ആറ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ അന്റാര്‍ട്ടിക് ഉടമ്പടി പ്രകാരം, ഈ കപ്പല്‍ അവശിഷ്ടം ഇപ്പോള്‍ ഒരു ചരിത്ര സ്മാരകമായി കണക്കാക്കപ്പെടുന്നു.