Asianet News MalayalamAsianet News Malayalam

ചൈനയിൽ ഒരു ഭാഷയാണോ? ഒരു സംസ്‍കാരമാണോ?

നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ടൂർ ഗൈഡ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, കിം. അവരാണ് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞുതന്നത്. ആറു വലിയ റൂമുകളിലായാണ് മ്യൂസിയം... 

Ethnology Museum South Central University for Nationalities suresh c pillai writes
Author
Thiruvananthapuram, First Published Sep 17, 2019, 4:23 PM IST

ഇന്ത്യയുടെ ഭാഷാ വൈവിധ്യങ്ങളെപ്പറ്റി പറയുമ്പോൾ ചൈനയിലേക്ക് നോക്കൂ, അവിടെ ഒരു ഭാഷ ഒരു സംസ്‍കാരം എന്ന് പലരും പറയാറുണ്ട്. ചൈനയിൽ ഒരു ഭാഷയാണോ? ഒരു സംസ്‍കാരമാണോ?

Ethnology Museum South Central University for Nationalities suresh c pillai writes

ചൈനയിൽ 300 -ൽപ്പരം ഭാഷകൾ ഉണ്ടെന്നറിയാമോ?
രണ്ടു പ്രാവശ്യം ചൈനയിൽ പോയിട്ടുണ്ട് ആ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. പണ്ടൊക്കെ ഞാൻ വിചാരിച്ചിരുന്നത് ചൈനയിൽ ഒറ്റത്തരം ആൾക്കാരെ ഉള്ളൂ, ഒറ്റ ഭാഷയെ ഉള്ളൂ എന്നാണ്. ചൈനയിൽ എത്തിയപ്പോഴാണ് ചൈനയുടെ പലതരത്തിലുള്ള ഗോത്ര വർഗ്ഗങ്ങളെക്കുറിച്ച് അറിയുന്നത്. 2013 (ഏപ്രില്‍ 24-27) -ലാണ് ആദ്യത്തെ ചൈന സന്ദർശനം, നാൻജിംഗ് എന്ന സ്ഥലത്ത്. നാൻജിങ് യൂണിവേഴ്സിറ്റിയിൽ നടന്ന എന്‍വയോണ്‍മെന്‍റല്‍ നാനോടെക്നോളജി കോൺഫറൻസിൽ ഒരു 'കീ നോട്ട് അഡ്രസ്' കൊടുക്കുവാനുള്ള യാത്ര ആയിരുന്നു അത്.

നാൻജിങ് വളരെ വലിയ നഗരമായതു കൊണ്ടും, വാണിജ്യപ്രാധാന്യമുള്ള ചൈനയുടെ കിഴക്കുഭാഗത്തെ പ്രദേശം ആയതിനാലും എല്ലാ സ്ഥലങ്ങളും, അൾക്കാരും ഒരു മെട്രോ സിറ്റിയിലെ പോലെയേ തോന്നിച്ചുള്ളൂ. ചൈനയെക്കുറിച്ച് അധികമൊന്നും മനസ്സിലാക്കാൻ ആ യാത്ര കൊണ്ട് സാധിച്ചില്ല.

രണ്ടാമത്തെ യാത്ര വുഹാനിലേക്കായിരുന്നു. 2016 (ജൂലൈ 8 -12), International Symposium of Environmental Catalysis (ISEC) -ൽ ഒരു പ്രഭാഷണം നടത്താനാണ് വുഹാനിലെ സൗത്ത് സെൻട്രൽ യൂണിവേഴ്സിറ്റി ഫോർ നാഷണാലിറ്റീസിൽ എത്തിയത്. പത്താം തീയതിയിലെ കോൺഫറൻസ് കഴിഞ്ഞ്, യൂണിവേഴ്സിറ്റി ക്ക് അകത്തുള്ള  നരവംശശാസ്ത്രം മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരമുണ്ട് എന്ന് കോൺഫറൻസ് ഓർഗനൈസേഴ്‍സ് പറഞ്ഞു. ശാസ്ത്രം കഴിഞ്ഞാൽ വളരെ ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് നരവംശശാസ്ത്രം. ആയതിനാൽ മ്യൂസിയം സന്ദർശിക്കാൻ താത്പര്യം ഉണ്ട് എന്ന് നേരത്തെ അറിയിച്ചിരുന്നു.

ചൈനയിലെ നരവംശശാസ്ത്രം പ്രതിപാദിക്കുന്ന ആദ്യത്തേതും, ഏറ്റവും വിപുലമായതുമായ മ്യൂസിയം ആണ് വുഹാനിനിലെ സൗത്ത് സെൻട്രൽ യൂണിവേഴ്സിറ്റി ഫോർ നാഷണാലിറ്റീസിലെ ഈ മ്യൂസിയം. ചൈനയിലെ പലതരം സംസ്കാരങ്ങളുടെ പതിനായിരത്തോളം തിരുശേഷിപ്പ് (relics) അവിടെ സൂക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഫോർ നാഷണാലിറ്റീസ് എന്ന പേര് വളരെ അസ്വഭാവികമായി തോന്നിയതിനാൽ ഒൻപതാം തീയതി വൈകുന്നേരം ഡിന്നറിനു പോയപ്പോൾ അവിടുത്തെ പ്രൊഫസർ ആയ കാങ്ലിയോട് ഇതിനെ പറ്റി ചോദിച്ചിരുന്നു. അദ്ദേഹമാണ് പറഞ്ഞത്, നാഷണാലിറ്റീസ് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത് 'പലതരം ജനത' എന്നാണെന്ന്. ചൈനയിലുള്ള എല്ലാത്തരം ഗോത്രങ്ങളും പഠിക്കുന്നു എന്നവകാശപ്പെടുന്ന 730,000 സ്ക്വയര്‍ മീറ്ററുള്ള വലിയ കാമ്പസ് ആണ് സൗത്ത് സെൻട്രൽ യൂണിവേഴ്സിറ്റി ഫോർ നാഷണാലിറ്റീസ്.

പ്രൊഫസർ കാങ്ലി പറഞ്ഞിട്ടും എനിക്ക് സംശയമായിരുന്നു, ഇവിടെ ഇത്രകണ്ട് ഗോത്രങ്ങൾ ഉണ്ടോ എന്ന്. ഇന്ത്യ പോലൊരു രാജ്യത്തു നിന്നും വരുന്ന നമ്മൾ എവിടെപ്പോയാലും തീർച്ചയായും വിചാരിക്കും നാട്ടിലെ അത്രയും നാനാത്വം (diversity) മറ്റൊരു രാജ്യത്തും കാണില്ല എന്ന്. അത് ശരിയുമാണ്. എന്നിരുന്നാലും, നാട്ടിൽ ഇത്രയും വൈവിധ്യം ഉള്ളതുകൊണ്ട്, ഞാൻ പലപ്പോഴും മറ്റുള്ള രാജ്യങ്ങളിലെ ചെറിയ വ്യത്യസങ്ങൾ തിരിച്ചറിയാതെ പോകും. അതാണ് ചൈനയിലും പറ്റിയത്. മ്യൂസിയം ടൂറിന് ഇരുപത്തഞ്ചോളം ആൾക്കാരുണ്ട്. ഇന്ത്യാക്കാരനായി ഞാനും രണ്ട് അമേരിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസ്സർമാരും ഉണ്ട്, പത്തോളം ചൈനക്കാരും ഉണ്ട്. ബാക്കിയെല്ലാവരും പാശ്ചാത്യ രാജ്യക്കാരാണ്.

നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ടൂർ ഗൈഡ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, കിം. അവരാണ് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞുതന്നത്. ആറു വലിയ റൂമുകളിലായാണ് മ്യൂസിയം... ന്യൂനപക്ഷ ഗോത്ര സമുദായങ്ങളുടെ തുന്നൽ, കൈത്തറി, പഴയ ഓട്ടു പാത്രങ്ങൾ, കെട്ടിട നിർമ്മാണത്തിനായി പല ഗോത്രങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഇവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. കിം പറയാൻ തുടങ്ങി, "ചൈനയിലുള്ള 91.5 ശതമാനം ആൾക്കാരും ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവർ ആണ്. ഇവരാണ് ഏറ്റവും വലിയ ജനവിഭാഗം. ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം ഏകദേശം 1.3 ബില്യൺ വരും (130 കോടി). ബാക്കിയുള്ള 8.5 ശതമാനം ആൾക്കാർ ആണ് ന്യൂനപക്ഷ ഗോത്ര സമുദായങ്ങളിൽ പെടുന്നവർ ആണ്. ഇവരുടെ എണ്ണം 105 മില്ല്യണ്‍ ആണ് (ഏകദേശം പത്തു കോടി ആൾക്കാർ) അൻപത്തി അഞ്ചോളം വ്യത്യസ്ത കുലങ്ങളിൽ പെട്ടവരാണ് ഇവര്‍. ഇവരിൽ ഏറ്റവും പ്രമുഖര്‍ Zhuang ഗോത്രത്തിൽ പെട്ടവരാണ്. ഇവരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷത്തോളം വരും. ഇവരാണ് ചൈനയിലെ ഏറ്റവും വലിയ 'ന്യൂനപക്ഷം'. ചൈനയുടെ തെക്കു ഭാഗത്തായാണ് ഈ വിഭാഗത്തിൽ പെട്ട ആൾക്കാരെ കാണുന്നത്."

കിം തുടർന്നു, "രണ്ടാമത്തെ വലിയ ന്യൂനപക്ഷ ഗോത്രമാണ് ഉയിഗുര്‍. ഇവരുടെ എണ്ണം ഏകദേശം ഒരു കോടി പത്തു ലക്ഷം ആൾക്കാർ വരും. ഇവരിൽ കൂടുതൽ ആൾക്കാരും ഇസ്ലാം മതവിശ്വാസികൾ ആണ്. ഇവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. ഇവരുടെ രൂപം മദ്ധ്യ പൂർവ്വ രാജ്യങ്ങളിലെ ആൾക്കാരോട് ചെറിയ സാമ്യം ഉണ്ട്. പിന്നെയുള്ള ഒരു കോടിയോളം ആൾക്കാർ Manchu എന്ന വിഭാഗത്തിൽ പെട്ടവർ ആണ്. ഇവർ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. തൊണ്ണൂറ് ലക്ഷത്തോളം വരുന്ന Miao വിഭാഗത്തിൽ പെട്ട ആൾക്കാർ, അവരുടെ വസ്ത്രത്തിലും ആഭരണത്തിലും വ്യത്യസ്‍തത പുലർത്തുന്നവർ ആണ്. ധാരാളം ആഭരങ്ങൾ ധരിക്കുന്നവരും, കളർ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നവരും ആണ് ഇവർ. Miao വിഭാഗത്തിൽ പെട്ട ആൾക്കാര്‍ സാധാരണയായി ചൈനയുടെ തെക്കുഭാഗത്തുള്ള മലയടിവാരങ്ങളിലാണ് കാണപ്പെടുന്നത്. Yi, Tujia തുടങ്ങിയ വിഭാഗങ്ങൾ രണ്ടും എൺപതുലക്ഷത്തോളം ഉണ്ട്. അടുത്ത വലിയ ഗ്രൂപ്പ് ആണ് Tibetan (എഴുപതു ലക്ഷത്തോളം) വിഭാഗത്തിൽ പെട്ടവർ. ഇവർ കൂടുതലും റ്റിബറ്റിൽ താമസിക്കുന്നവർ ആണ്. (ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ ഇവയോട് ചേർന്ന്). ആറുപതു ലക്ഷത്തോളം മംഗോളിയൻ ഗോത്രത്തിൽ പെട്ടവരും ഉണ്ട്. ഇവർ കൂടുതലും ചൈനയുടെ വടക്ക് ഭാഗത്തായി താമസിക്കുന്നവർ ആണ്."

ബാക്കിയുള്ള ചെറിയ ശതമാനം ആൾക്കാർ Dong ( 30 ലക്ഷത്തോളം ), Buyei (30 ലക്ഷത്തോളം), Yao (25 ലക്ഷത്തോളം ), Bai (20 ലക്ഷത്തോളം), Korean (20 ലക്ഷത്തോളം ), Hani (20 ലക്ഷത്തോളം), Li (15 ലക്ഷത്തോളം), Kazakh (15 ലക്ഷത്തോളം), Dai (10 ലക്ഷത്തോളം ) എന്നിങ്ങനെയാണ്. ഏകദേശം എഴുപതു ശതമാനം ആളുകളും Mandarin Chinese ആണ് സംസാരിക്കുന്നത്. ലോക ഭാഷകളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന Ethnologue -ന്‍റെ അന്വേഷണത്തിൽ ചൈനയിൽ 302 ഭാഷകൾ ഇപ്പോൾ നിലവിൽ ഉണ്ട്. പ്രധാന ഭാഷകൾ Yue, Wu (Shanghainese), Minbei (Fuzhou), Minnan (Hokkien-Taiwanese), Xiang എന്നിവയാണ്. "പലപ്പോഴും ഈ ഗോത്രങ്ങൾ എല്ലാം തന്നെ ഒരുമയോടെ തന്നെയാണ് ജീവിക്കുന്നത്, എന്നിരുന്നാലും ചിലപ്പോൾ പ്രശ്ങ്ങൾ പൊട്ടിപ്പുറപ്പെടാറുണ്ട്. 2008 -ൽ ടിബറ്റിൽ നടന്ന ലഹള തന്നെ ഉദാഹരണം.'' എന്നുകൂടി കിം പറഞ്ഞു.

മ്യൂസിയം ടൂർ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ചൈനയുടെ ഗ്രാമാന്തരങ്ങളിൽ കൂടി സഞ്ചരിച്ച ഒരു പ്രതീതി ആയിരുന്നു. 


 

Follow Us:
Download App:
  • android
  • ios