യൂറോപ്പ് യാത്ര മോഹിച്ച് കയറിച്ചെന്നത് ഒരു ഫേസ്ബുക്ക് പേജില്‍. ബെംഗളൂരുവില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ യുവതിക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍. തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത് ഇങ്ങനെ.

എവിടെ തിരിഞ്ഞാലും ഇന്ന് തട്ടിപ്പാണ്. വെറുതെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോലും അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവനും പോകുന്ന കാലം. അതുപോലെ, വിനോദയാത്രയ്ക്കായി ഓൺലൈൻ വഴി പാക്കേജ് ബുക്ക് ചെയ്ത ബെംഗളൂരു സ്വദേശിയായ യുവതിക്ക് നഷ്ടമായത് 11.5 ലക്ഷം രൂപയാണ്. താനിസാന്ദ്രയിൽ താമസിക്കുന്ന 33 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് പേജ് വഴി കണ്ട പരസ്യമാണ് യുവതിയെ വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്ന് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

യൂറോപ്പിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാനായി വിവരങ്ങൾ തിരയുന്നതിനിടെയാണ് ‘ജെഠാ ഇച്ഛാ സേഠാ ജയ് ട്രാവൽസ് ആൻഡ് ഇവന്റ്സ്’ (Jetha Iccha Setha Jai Travels and Events) എന്ന ഫേസ്ബുക്ക് പേജ് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. പേജിൽ നൽകിയിരുന്ന നമ്പറുകളിൽ ബന്ധപ്പെട്ടതോടെ തട്ടിപ്പുകാർ ആകർഷകമായ യാത്രാ പാക്കേജുകളെ കുറിച്ച് യുവതിയോട് വിശദീകരിച്ചു. യുവതി ഇതിൽ ആകർഷിക്കപ്പെടുകയും ചെയ്തു.

ഇവർ യാത്രയ്ക്ക് തയ്യാറാണെന്ന് മനസ്സിലാക്കിയ പ്രതികൾ വിവിധ നമ്പറുകളിൽ നിന്ന് ഇവരെ നിരന്തരം ബന്ധപ്പെടാൻ തുടങ്ങി. വിസ നടപടിക്രമങ്ങൾ, വിമാന ടിക്കറ്റ് ബുക്കിംഗ്, താമസസൗകര്യം, മറ്റ് യാത്രാ ചെലവുകൾ എന്നിവയ്ക്കുള്ള പണവും പലവട്ടമായി ആവശ്യപ്പെട്ടു. ഇവരെ സംശയമൊന്നും ഇല്ലാതിരുന്ന യുവതി പലപ്പോഴായി ആകെ 12.77 ലക്ഷം രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയത്.

അങ്ങനെ, മുഴുവൻ പണവും നൽകിയ ശേഷം യാത്രയെ കുറിച്ച് ഉറപ്പിക്കുന്നതിനായി യുവതി ഇവരെ ബന്ധപ്പെട്ടു. എന്നാൽ, യൂറോപ്പ് യാത്ര റദ്ദാക്കിയതായാണ് മറുപടി ലഭിച്ചത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കേവലം 1.18 ലക്ഷം രൂപ മാത്രമാണ് ഇവർ തിരികെ നൽകിയത്. ബാക്കി 11.59 ലക്ഷം രൂപ തിരികെ ചോദിച്ചെങ്കിലും അത് നൽകാൻ തയ്യാറായില്ല. താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി നേരെ നോർത്ത് ഈസ്റ്റ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്.