കഴിഞ്ഞ മാർച്ചിൽ, ആമസോണിലൂടെ കൊവിഡ് അതിന്റെ തേർവാഴ്ച തുടങ്ങുന്ന സമയത്ത്, ബ്രസീലിലെ ന്യൂ ട്രൈബ്സ് മിഷൻ എന്ന സുവിശേഷ പ്രവർത്തക സംഘം പുതിയൊരു ദൗത്യത്തിനുള്ള പടപ്പുറപ്പാടിലായിരുന്നു. പെറുവിന്റെ അതിർത്തിക്കടുത്തുള്ള ജാവറി വാലി എന്ന വിദൂരസ്ഥഗ്രാമത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവരുടെ ഇവാഞ്ചലിസ്റ്റുകൾ. അവിടേക്ക് പോകാൻ വേണ്ടി മാത്രമായി അവർ പുതിയൊരു ഹെലികോപ്റ്റർ തന്നെ വിലക്ക് വാങ്ങിയിരുന്നു.

നൂറ്റാണ്ടുകളായി പുറം ലോകവുമായി തികഞ്ഞ ഐസൊലേഷനിൽ കഴിഞ്ഞു പോരുന്നവരാണ് ജാവറി വാലിയിലെ കൊറുബോ ഗോത്രക്കാർ. അവർക്കിടയിൽ സുവിശേഷ പ്രവർത്തനം നടത്തി അവരെ ഏതുവിധേനയും മതം മാറ്റം നടത്തി തങ്ങളുടെ ഇടവകയിൽ ചേർക്കുക എന്നതാണ് ന്യൂ ട്രൈബ്സ് മിഷന്റെ ഏറ്റവും പുതിയ ദൗത്യം. എന്നാൽ,പുറം ലോകത്തുനിന്ന് ഒന്നിനും, എന്തിന് കൊവിഡെന്ന മഹാമാരിക്കു പോലും  പ്രവേശനം നിഷേധിച്ചുകൊണ്ട്, ആധുനിക ലോകവുമായി ഒരു വിധത്തിലും ബന്ധപ്പെടാതെ ആമസോൺ വനാന്തരങ്ങളുടെ പ്രശാന്തതയിൽ കഴിഞ്ഞു കൂടുന്ന ആ ഗോത്രത്തിന്റെ സ്വൈര ജീവിതത്തിലേക്ക് കൊവിഡ് എന്ന മഹാമാരിയുടെ വിത്തുകൾ കൊണ്ടുവിതയ്ക്കുകയാണ് ഫലത്തിൽ ഇപ്പോൾ ഈ സുവിശേഷപ്രവർത്തകർ ചെയ്തിരിക്കുന്നത്. മാർച്ച് അവസാനം വരെ ഈ ഇവാഞ്ചലിസ്റ്റുകൾ ജാവറി വാലിയിലേക്ക് ഹെലികോപ്റ്ററിൽ ചെന്നിറങ്ങി സുവിശേഷപ്രവർത്തനം നടത്തിക്കൊണ്ടിരുന്നു. ഏപ്രിൽ ആയപ്പോഴേക്കും ഒരു ബ്രസീലിയൻ കോടതിയിൽ നിന്ന് അവരെ അങ്ങോട്ട് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു.

ഇവാഞ്ചലിക്കൽ-കാത്തലിക് വിഭാഗങ്ങൾക്കിടയിലുള്ള ഒരു വടംവലിക്ക് ലാറ്റിൻ അമേരിക്ക, വിശിഷ്യാ ബ്രസീൽ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരു സർവേ പ്രകാരം ഇന്ന് ഇവാഞ്ചലിസ്റ്റുകളുടെ എണ്ണം കാത്തലിക് വിഭാഗക്കാരെക്കാർ കൂടുതലാണ് അവിടെ. രാഷ്ട്രീയത്തിലും നുഴഞ്ഞു കയറി, ഗോത്രവർഗക്കാർക്കിടയിൽ സുവിശേഷ പ്രവർത്തനം നടത്തുന്നത് സുഗമമാക്കാൻ വേണ്ട നിയമങ്ങൾ നിര്മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവർ. ഫെബ്രുവരിയിൽ ഒരു അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റ് ആയിരുന്ന റിക്കാർഡോ ലോപ്പസിനെ ജൈർ ബോൾസൊനാരോ ബ്രസീലിന്റെ നാഷണൽ ഇന്ത്യൻ ഫൗണ്ടേഷൻ എന്ന ഗോത്ര വർഗ വികസന സമിതിയുടെ തലപ്പത്തു കൊണ്ട് പ്രതിഷ്ഠിച്ചു.

എന്നാൽ, തങ്ങളുടെ ഈ മതപ്രചാരണ, പരിവർത്തന പരിശ്രമങ്ങൾ കൊണ്ട് കൊവിഡ് പരത്തുകയാണ് സത്യത്തിൽ ന്യൂ ട്രൈബ്സ് മിഷൻ ബ്രസീൽ ചെയ്യുന്നത്. വർഷങ്ങളായി ആമസോൺ വനാന്തരങ്ങളിൽ  മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറി സ്വൈര്യമായി കഴിഞ്ഞുകൂടുന്ന ഈ ഗോത്രക്കാരെ ഏതുവിധേനയും മതപരിവർത്തനം നടത്താനുള്ള ഇവരുടെ ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുകയാണ്.  ഇതിനു മുമ്പ് ആമസോണിൽ സൊയി ഗോത്രക്കാരെ മതപരിവർത്തനം നടത്താൻ വേണ്ടി അവരുമായി ബന്ധം സ്ഥാപിച്ച ന്യൂ ട്രൈബ്സ് മിഷൻകാർ കൊടുത്ത രോഗങ്ങൾ കൊണ്ട് ഈ ഗോത്രത്തിന്റെ നാലിൽ ഒന്ന് ഭാഗം ഈ ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായ ചരിത്രമുണ്ട്. ഒടുവിൽ തൊണ്ണൂറുകളിൽ അവർ ഈ ഇവാഞ്ചലിസ്റ്റുകളെ അവിടെ നിന്ന് അടിച്ചോടിക്കുകയാണുണ്ടായത്. ഈ ഗോത്രക്കാരെക്കൊണ്ട് അടിമപ്പണി എടുപ്പിച്ചു എന്ന ആക്ഷേപവും ന്യൂ ട്രൈബ്സ് മിഷൻകാരെക്കുറിച്ചുണ്ട്.

2014 -ൽ ഇതേ സഭയിൽ പെട്ട വാറൻ സ്‌കോട്ട് കെന്നൽ എന്ന പാസ്റ്റർ ആമസോണിൽ ഒരു ഗോത്രവർഗ്ഗത്തിൽ പെട്ട ചില പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതിന് 58 വർഷത്തേക്കാണ് ശിക്ഷിക്കപ്പെട്ടത്. തങ്ങൾ സ്വമേധയാ നൂറ്റാണ്ടുകളായി പിന്തുടരുന്ന ഐസൊലേഷൻ മാനിക്കണം എന്നും, ദയവായി പുറം ലോകത്തുനിന്ന് പുതിയ അസുഖങ്ങൾ കൊണ്ടുവന്ന തങ്ങൾക്ക് സമ്മാനിക്കരുത് എന്നുമാണ് ഗോത്രവർഗ്ഗക്കാരുടെ പ്രതിനിധി പോളോ മാറുബോ അപേക്ഷിക്കുന്നത്. ഒരു കാത്തലിക് വിശ്വാസി ആയിരുന്ന ജൈർ ബോൾസൊനാരോ, 2016 -ൽ ഇവാഞ്ചലിസ്റ്റ് ആയി മാമ്മോദീസ മുങ്ങി, ആ കൂട്ടരിൽ നിന്ന് കിട്ടിയ വോട്ടിന്റെ ബലത്തിൽ പ്രസിഡന്റായ ഒരാളാണ് അതുകൊണ്ട് ഇനിയും ആമസോണിൽ ഗോത്രവർഗക്കാർക്കിടയിൽ ഇത്തരത്തിലുള്ള സുവിശേഷ പ്രവർത്തനങ്ങളും അതിന്റെ ചുവടുപറ്റിയുള്ള രോഗവ്യാപനവും പ്രതീക്ഷിക്കാം എന്നാണ് ബ്രസീലിയൻ ആന്ത്രോപോളജിസ്റ്റുകൾ പറയുന്നത്.