Asianet News Malayalam

2020 ന്റെ ഗതി നിർണ്ണയിക്കാൻ പോകുന്ന 2019 -ലെ ആറ് സുപ്രധാന സംഭവങ്ങൾ

2019 -ൽ ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും ആധുനിക ഇന്ത്യയുടെ ഗതി തിരിച്ചുവിടാൻ പോന്നത്ര നിർണ്ണായകമായവയാണ്. 

Events in 2019 that would end up shaping 2019
Author
India, First Published Dec 28, 2019, 12:18 PM IST
  • Facebook
  • Twitter
  • Whatsapp

2019 -ൽ ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും ആധുനിക ഇന്ത്യയുടെ ഗതി തിരിച്ചുവിടാൻ പോന്നത്ര നിർണ്ണായകമായവയാണ്. അത് ആർട്ടിക്കിൾ 370 നീക്കം ചെയ്ത് ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതായാലും, ഡിസംബറിലെ തണുപ്പിലും രാജ്യമെമ്പാടും ജനങ്ങളെ തെരുവിൽ പ്രതിഷേധത്തിനിറക്കിയ പൗരത്വ നിയമ ഭേദഗതി ആയാലും ഇന്ത്യയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ അവ എഴുതിവെയ്ക്കപ്പെടും. അത്തരത്തിലുള്ള, കഴിഞ്ഞ വർഷത്തിൽ നടന്ന ആറു സംഭവങ്ങളെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. 

ആർട്ടിക്കിൾ 370 റദ്ദാക്കൽ 

2019 ഓഗസ്റ്റ് 5 -ന് അമിത് ഷാ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി രാജ്യത്തെ ഞെട്ടിച്ചു. അതോടെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ സവിശേഷ പദവി റദ്ദായി. അതൊരു സംസ്ഥാനം തന്നെ അല്ലാതായി. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി കേന്ദ്രം ജമ്മു കശ്മീരിനെ വിഭജിച്ചു. അതിൽ തന്നെ ജമ്മു കശ്മീരിന് ഒരു നിയമസഭയുണ്ടാകും, ലഡാക്കിന് അതുണ്ടാവില്ല എന്ന് വന്നു. ചൂടേറിയ സംവാദങ്ങൾക്കൊടുവിൽ ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപി പാസ്സാക്കി എടുത്തു. 

ഈ നിയമം നിലവിൽ വരുന്നതിനു മുമ്പ് ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ അനുമതി വേണമായിരുന്നു, അവിടെ നിയമങ്ങൾ നടപ്പിലാക്കാൻ. സവിശേഷ പദവി നഷ്ടമായതോടെ ഇനി കേന്ദ്രത്തിന് അതിന്റെ ആവശ്യം വരില്ല. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഇന്ത്യക്ക് അകത്തും പുറത്തുമായി നടന്നത്. ഈ നയത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്ന കശ്മീരികൾ തന്നെയായിരുന്നു പ്രകടനങ്ങളിൽ മുന്നിൽ. എന്നാൽ ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാകും, കേന്ദ്രം കശ്മീരിലെ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കി. താഴ്വരയിലാകെ ആർട്ടിക്കിൾ 144 നടപ്പിലാക്കി. അഭ്യൂഹങ്ങൾ പരക്കുന്നത് തടയാൻ വേണ്ടി കേന്ദ്രം ഏർപ്പെടുത്തിയ ഇന്റർനെറ്റ്/ടെലിഫോൺ നിരോധനം മാസങ്ങൾ നീണ്ടു. കശ്മീരിന്റെ ജീവനാഡികളായ ഇതരസംസ്ഥാനതൊഴിലാളികൾ പ്രാണഭയത്താൽ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരികെപ്പോയപ്പോൾ കാശ്മീരിൽ പലതും നിശ്ചലമായി. ജനം ഏറെ ദുരിതം അനുഭവിച്ചു. ഇന്നും  താഴ്വര പൂർണമായും സാമാന്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 

സാമ്പത്തിക പിന്നാക്കാവസ്ഥയിൽ ഉള്ളവർക്കുള്ള സംവരണം 

ഒന്നാം നരേന്ദ്ര മോദി സർക്കാർ അതിന്റെ അവസാനമാസങ്ങളിൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് 124 -ാം ഭരണഘടനാ ഭേദഗതി ബിൽ, 2019. അതിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ ഉള്ളവർക്ക് സർക്കാർ ജോലി, വിദ്യാഭ്യാസം എന്നിവയിൽ 10% സംവരണത്തിനുള്ള വ്യവസ്ഥയുണ്ടായിരുന്നു. അതോടെ ജനറൽ കാറ്റഗറിയിൽ എട്ടുലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് സർക്കാർ ജോലി, പഠനം എന്നിവയിൽ സംവരണത്തിനുള്ള വഴി തുറന്നു. ജനുവരിയിൽ, അതായത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം എന്നത് ശ്രദ്ധേയമായിരുന്നു. ഇത് വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിക്കാൻ വേണ്ടിയായിരുന്നു എന്ന് പരക്കെ ആക്ഷേപം ഉയർന്നു. സംവരണത്തിന് സാമ്പത്തികാവസ്ഥ ഒരു പരിഗണനാ വിഷയമാകണോ എന്നത് സംബന്ധിച്ച തർക്കങ്ങൾ ഇന്നും സജീവമാണ്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പ് 

പലതരത്തിലും അതൊരു ചരിത്ര സംഭവമായിരുന്നു. 1980 ബിജെപി രൂപീകരിച്ചശേഷം, പാർട്ടിക്ക് ആദ്യമായി ഒറ്റയ്ക്ക് നിർണ്ണായകമായ ഭൂരിപക്ഷം കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു 2019 -ലേത്. ഒരു സഖ്യമെന്ന നിലയിൽ എൻഡിഎയും പാർലമെന്റിൽ അതിന്റെ നില മെച്ചപ്പെടുത്തി. കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ സീറ്റുകൾ കിട്ടിയെങ്കിലും ബിജെപിയെ ഭരണത്തിൽ നിന്നിറക്കാൻ സാധിച്ചില്ല. എന്നുമാത്രമല്ല, കോൺഗ്രസിന്റെ തട്ടകമായ അമേഠിയിൽ  രാഹുൽ ഗാന്ധിക്ക് സ്മൃതി ഇറാനിയിൽ നിന്നും കനത്ത പരാജയം രുചിക്കേണ്ടി വന്നു. വയനാട്ടിൽ വന്നു മത്സരിച്ചത് കൊണ്ട് ലോക്സഭയിൽ നിന്ന് പടിയിറക്കപ്പെട്ടില്ല എന്നുമാത്രം. ഉത്തർപ്രദേശിൽ 80 -ൽ 62 സീറ്റുകളും നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഎസ്പി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ, സമാജ് വാദി പാർട്ടി, കോൺഗ്രസ് എന്നിവ ഉത്തർപ്രദേശിൽ തകർന്നടിഞ്ഞു. ഇടതുപക്ഷവും തൃണമൂലുമല്ലാതെ മറ്റാരും പച്ചപിടിച്ചിട്ടില്ലാത്ത പശ്ചിമ ബംഗാളിൽ നിന്നാണ് അടുത്ത അത്ഭുതമുണ്ടായത്. അവിടെ ബിജെപി ചരിത്രത്തിൽ ഇതാദ്യമായി 18 ലോക്സഭാ സീറ്റുകൾ പിടിച്ചു.  ഇടതു പക്ഷത്തിന് ബംഗാളിൽ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെ തന്റെ രണ്ടാമൂഴത്തിന് കയറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 

പുൽവാമ ആക്രമണം, ബാലക്കോട്ടിലെ തിരിച്ചടിയും

ഫെബ്രുവരി 14 -ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്റെ കോൺവോയ്ക്ക് നേരെ നടന്ന  നടന്ന ചാവേർ ബോംബാക്രമണത്തിൽ  40 സൈനികർ കൊല്ലപ്പെട്ടു. പാക് മണ്ണിൽ പരിശീലനം നേടിയ തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി. ഫെബ്രുവരി 26 -ന് പുലർച്ചെ ഇന്ത്യ പാക് അധീന കശ്മീരിലെ ബാലാകോട്ട് എന്ന സ്ഥലത്തെ ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ബോംബിങ് നടത്തി. ഇത് രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്നറിയപ്പെട്ടു. ഇതിന്റെ പ്രതികരണമായി പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ഭേദിച്ചുകൊണ്ട് കടന്നുവന്നു. ഇതിനെ ചെറുക്കുന്നതിനിടെ ഇന്ത്യൻ ഫൈറ്റർപൈലറ്റായ അഭിനന്ദൻ വർത്തമാന്റെ വിമാനം പാക് മണ്ണിൽ തകർന്നു വീഴുകയും, അദ്ദേഹം പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയും ചെയ്തു. ഒടുവിൽ നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ അഭിനന്ദൻ തിരിച്ച് ഇന്ത്യയിലേക്ക് വിട്ടയക്കപ്പെട്ടു. 

കോൺഗ്രസ് പാളയത്തിലെ പ്രമുഖരുടെ അറസ്റ്റ് 

സിബിഐ ആദ്യം തന്നെ അറസ്റ്റു ചെയ്യുന്നത് പി ചിദംബരം എന്ന സീനിയർ കോൺഗ്രസ് നേതാവിനെ ആയിരുന്നു. INX മീഡിയാ കേസിലായിരുന്നു ആ അറസ്റ്റ്. അറസ്റ്റിനു ശേഷം റിമാൻഡ് ചെയ്യപ്പെട്ട ചിദംബരത്തിന് പിന്നീട് പലപല കാരണങ്ങളാൽ ജാമ്യം നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹം ഒടുവിൽ ജാമ്യം കിട്ടി പുറത്തുവരും മുമ്പ് 106 ദിവസം തിഹാർ ജയിലിൽ കഴിച്ചുകൂട്ടിക്കഴിഞ്ഞിരുന്നു. ഇത് അമിത് ഷായെ കോൺഗ്രസ് ഭരണകാലത്ത് ജയിലിൽ അടച്ചതിനോടുള്ള പ്രതികാരമായിട്ടാണ് പലരും വ്യാഖ്യാനിച്ചത്. കർണാടക കോൺഗ്രസിലെ പ്രമുഖ നേതാവായ ഡികെ ശിവകുമാറിനെയും ഇതുപോലെ അറസ്റ്റു ചെയ്ത ജാമ്യത്തിൽ നടക്കുകയുണ്ടായി. അദ്ദേഹത്തിനും ആഴ്ചകൾക്കു ശേഷമാണ് ജാമ്യം കിട്ടിയത്. 

പൗരത്വ നിയമ ഭേദഗതി 

പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് ഭേദഗതി ഡിസംബർ 12 -ന് നിയമമായി. ഈ നിയമപ്രകാരം പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങൾ നേരിട്ട് നാടുവിട്ടോടി വരുന്ന അഭയാർത്ഥികളിൽ 2014 ഡിസംബർ 31 -ന് മുമ്പ് വന്നവർക്ക് പൗരത്വം അനുവദിക്കും എന്നായിരുന്നു ഭേദഗതി. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബൗദ്ധ, ജൈന മതസ്ഥർക്കായിരുന്നു ഈ ആനുകൂല്യം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. നിയമം രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ ക്ഷണിച്ചുവരുത്തി.

ഈ നിയമം, മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധങ്ങൾ. പോലീസിന്റെ വെടിയേറ്റും, തിക്കിലും തിരക്കിലും പെട്ടും മറ്റുമായി ഇന്നുവരെ മുപ്പതോളം പേർ ഈ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഈ നിയമ ഭേദഗതിക്കൊപ്പം, ദേശീയ പൗരത്വ രജിസ്റ്ററും (NRC), ദേശീയ ജനസംഖ്യാ രജിസ്റ്ററും(NPR) ഒക്കെ എതിർപ്പുകൾക്ക് കാരണമായി. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന സമരങ്ങളിൽ പോലീസ് മർദ്ദനങ്ങൾ നടന്നു. ആ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നിരവധി സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. ഈ സമരങ്ങൾ ദിനം പ്രതി ശക്തിയാർജ്ജിച്ചു വരികയാണ്. 2020 -ലെ ആദ്യവാരത്തിൽ പുതിയ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്നാണ് ഇടതു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 


 

Follow Us:
Download App:
  • android
  • ios