ലോകത്തിലെ ഏറ്റവും പ്രശസ്ത സമുദ്രപാതയായ സൂയസ് കനാലില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് ആഗോള ചരക്കുനീക്കം ഒരാഴ്ച സ്തംഭിപ്പിച്ച പടുകൂറ്റന്‍ കണ്ടെയിനര്‍ കപ്പല്‍ വീണ്ടും അതേ വഴി കടന്നുപോയി.   

ലോകത്തിലെ ഏറ്റവും പ്രശസ്ത സമുദ്രപാതയായ സൂയസ് കനാലില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് ആഗോള ചരക്കുനീക്കം ഒരാഴ്ച സ്തംഭിപ്പിച്ച പടുകൂറ്റന്‍ കണ്ടെയിനര്‍ കപ്പല്‍ വീണ്ടും അതേ വഴി കടന്നുപോയി. ചരക്കുകള്‍ യൂറോപ്യന്‍ തുറമുഖങ്ങളില്‍ ഇറക്കിയ ശേഷമാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ വീണ്ടും സൂയസ് കനാലിലൂടെ കടന്നുപോയത്. ഇത്തവണ, വളരെ സാധാരണ മട്ടിലായിരുന്നു കപ്പലിന്റെ സൂയസ് കനാല്‍ യാത്ര. കപ്പല്‍ വീണ്ടും കനാലില്‍ കുടുങ്ങാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. 

ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നാണ് എവര്‍ ഗിവണ്‍. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ മാര്‍ച്ച് 23-നാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. റോട്ടര്‍ഡാം, ഫെലിക്സ്റ്റോ, ഹാംബര്‍ഗ് തുറമുഖങ്ങളില്‍ ഇറക്കാനുള്ള 18,300 കണ്ടയിനറുകളുമായി സഞ്ചരിക്കുന്നതിനിടയിലാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തുടര്‍ന്ന് നൂറു കണക്കിന് കപ്പലുകള്‍ ഇവിടെ കുടുങ്ങുകയും ആഗോള ചരക്കുനീക്കം സ്തംഭിക്കുകയും ലോകവ്യാപകമയി കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ലോകവാണിജ്യ രംഗത്തെ മുള്‍മുനയില്‍നിര്‍ത്തി ഒരാഴ്ച നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഈ കപ്പലിനെ നീക്കിയത്. 

ഇതോടെ ട്രാഫിക് ബ്ലോക്ക് നീങ്ങുകയും സൂയസ് കനാലിലൂടെയുള്ള ഗതാഗതം സാധാരണ മട്ടിലാവുകയും ചെയ്തെങ്കിലും ഈ കപ്പലിന് പുറപ്പെടാനായില്ല. സൂയസ് കനാല്‍ അതോറിറ്റിയും കപ്പലിന്റെ ഉടമസ്ഥരായ ജപ്പാന്‍ കമ്പനിയും തമ്മില്‍ നഷ്ടപരിഹാരത്തെ സംബന്ധിച്ച് നടന്ന വിലപേശലിനെ തുടര്‍ന്ന്് കനാല്‍ നഗരമായ ഇസ്മാലിയയില്‍ കപ്പല്‍ വീണ്ടും മൂന്ന് മാസം കിടന്നു. 100 കോടി ഡോളര്‍ നഷ്ടപരിഹാരമാണ് കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടത്. മൂന്നു മാസം കഴിഞ്ഞ് തുക ഉറപ്പിച്ച ശേഷം കപ്പല്‍ വിട്ടു നല്‍കുകയായിരുന്നു. എത്രയാണ് നഷ്ടപരിഹാരം നല്‍കിയതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. 

തുടര്‍ന്ന് നടപടി ക്രമങ്ങള്‍ക്കു ശേഷം വിട്ടുനല്‍കിയ കപ്പല്‍ ജുലൈ അവസാനമാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. യൂറോപ്പിലെ മൂന്ന് തുറമുഖങ്ങളില്‍ ചരക്ക് ഇറക്കിയ ശേഷമാണ്, കപ്പല്‍ യൂറോപ്പില്‍നിന്നും ഏഷ്യായിലേക്ക് മടങ്ങിയത്. ചൈനയാണ് അടുത്ത ലക്ഷ്യസ്ഥാനം.

ഒരു കപ്പല്‍ വ്യൂഹത്തിനൊപ്പമാണ് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ചെങ്കടലിലേക്ക് സൂയസ് കനാല്‍ വഴി ഈ കപ്പല്‍ സഞ്ചരിച്ചതെന്ന് കനാല്‍ അതോറിറ്റി അറിയിച്ചു. കനാല്‍ കടക്കുമ്പോള്‍ രണ്ട് ടഗ് ബോട്ടുകളുടെയും മുതിര്‍ന്ന അതോറിറ്റി ഗൈഡുമാരുടെയും അകമ്പടിയുണ്ടായിരുന്നുവെന്ന് സൂയസ് കനാല്‍ അതോറിറ്റി ടീറ്റ് ചെയ്തു.

Scroll to load tweet…

മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ദൂരം കുറഞ്ഞ സമുദ്രപാതയാണ്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് മാര്‍ച്ചില്‍ ഈ കപ്പല്‍ കുടുങ്ങിയത്. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടമായ കപ്പല്‍ കനാലിന് കുറുകെ നിന്നതോടെ സമുദ്രപാത പൂര്‍ണമായും അടഞ്ഞു. ഇതോടെയാണ് കപ്പലുകളുടെ ബ്ലോക്ക് ഉണ്ടാവുകയും ചരക്കുനീക്കം സ്തംഭിക്കുകയും ചെയ്തതത്.