പാസ് എരാസുരിസ് അതായിരുന്നു അവരുടെ പേര്. ഭരണകൂടത്തെ ഭയക്കാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കിടയിലേക്ക് ക്യാമറയുമായി ഇറങ്ങിച്ചെന്ന സ്ത്രീ. ചിലിയില്‍ ആഗസ്റ്റോ പിനോഷെയുടെ ഭരണം നടക്കുമ്പോഴാണ് പാസ് ക്യാമറയുമായി ഇറങ്ങുന്നത് എന്നോര്‍ക്കണം. സൈന്യാധിപനായിരുന്ന പിനോഷെ ഭരണമേറ്റെടുത്ത കാലത്താണ് അവര്‍ ലൈംഗികത്തൊഴിലാളികൾ, മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്നവർ, സര്‍ക്കസ് കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ അവ​ഗണന നേരിടുന്ന സമൂഹങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്. 

'അവ സമൂഹം നോക്കാനിഷ്ടപ്പെടാത്ത വിഷയങ്ങളായിരുന്നു. അവ കാണാന്‍ ധൈര്യപ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം' എന്നാണ് പാസ് അതേക്കുറിച്ച് പറഞ്ഞത്. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്ന അവർ പിന്നീടാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. ചിലിയിലെ അസോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ഫോട്ടോഗ്രാഫേഴ്‌സിന്റെ സഹസ്ഥാപക കൂടിയായിരുന്നു അവര്‍. അന്നത്തെ അവരുടെ അനുഭവം അവര്‍ കഴിഞ്ഞ വര്‍ഷം ബിബിസിയോട് പങ്കിടുകയുണ്ടായി. അതിങ്ങനെയായിരുന്നു: 

''അലിന്‍ഡേയുടെ ഭരണം അവസാനിച്ചതോടെ സ്‌കൂളില്‍ പഠിപ്പിക്കുന്ന ജോലി എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെയാണ് ഫ്രീലാന്‍സ് ഫോട്ടാഗ്രാഫറായി ജോലി നോക്കേണ്ടി വരുന്നത്. അന്നത്തെ കാലത്ത് അത്രയധികമൊന്നും വനിതാ ഫോട്ടോഗ്രാഫര്‍മാരില്ല. ഫോട്ടോഗ്രാഫറായി ജോലി തെരഞ്ഞെടുക്കണമെങ്കില്‍ നിങ്ങള്‍ക്ക് നല്ല ധൈര്യം വേണം. കര്‍ഫ്യൂവിനെ തുടര്‍ന്ന് കാര്യങ്ങള്‍ വളരെയധികം അപകടകരമായിരുന്നു. എത്രനേരം എങ്ങനെയൊക്കെ ജോലി ചെയ്യേണ്ടി വരുമെന്ന് യാതൊരുറപ്പുമില്ലായിരുന്നു. എനിക്കാണെങ്കില്‍ അന്ന് രണ്ട് ചെറിയ കുട്ടികളുണ്ട്. ഒരാള്‍ നന്നേ കുഞ്ഞായിരുന്നു. 

ചെയ്യാനുണ്ടായിരുന്നത് തെരുവിലേക്കിറങ്ങി എന്റേതായ തരത്തില്‍ അന്വേഷണം നടത്തുക എന്നതായിരുന്നു. അതൊരു തരത്തിലുള്ള രാഷ്ട്രീയമായ പ്രതിരോധം കൂടിയായിരുന്നു. അതേസമയം പേടിക്കേണ്ട ഒന്നുമായിരുന്നു. കാരണം, പൊലീസ് എപ്പോഴും നമ്മുടെ പിന്നാലെയുണ്ടായിരുന്നു. പലപ്പോഴും പൊലീസിന്റെ കണ്ണ് വെട്ടിക്കേണ്ടി വരും. എന്റെ വീട്ടിലൊക്കെ പൊലീസ് റെയ്ഡുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ ഒളിക്കണം എന്നതൊക്കെ എനിക്ക് അറിയാമായിരുന്നു. അന്നത്തെ ആ അനുഭവം മുന്നോട്ടുപോകാന്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.''

ആഡംസ് ആപ്പിള്‍

പാസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായിരുന്നു ആഡംസ് ആപ്പിൾ (Adam's apple). ലൈം​ഗികത്തൊഴിലാളികളായ ട്രാൻസ്ജെൻഡർ സ്ത്രീകൾ, പുരുഷ ലൈം​ഗികത്തൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതമായിരുന്നു ആഡംസ് ആപ്പിൾ. അത് പകർത്താനായി അവരുടെ കൂടെ ഒരാഴ്ച പാസ് താമസിക്കുകയുണ്ടായി. താമസിച്ച് അവരുടെ ജീവിതം പകർത്തി തിരിച്ചു വന്നുവെന്നതിനും അപ്പുറം പാസിന്റെ ഏറ്റവും അടുത്ത സു​ഹൃത്തുക്കളായി അവർ മാറി. ഞാനെപ്പോഴും എന്റെ ആളുകളെന്ന് കരുതി സ്നേഹിക്കുന്ന ആളുകളാണിവർ എന്നാണ് പാസ് അവരെക്കുറിച്ച് പറഞ്ഞത്. സ്നേഹവും സൗഹൃദവും അവർ തന്നെ പഠിപ്പിച്ചു എന്നും പലപ്പോഴും അവർ പരാമർശിച്ചിട്ടുണ്ട്. ചിലിയൻ ഭരണകൂടവും സമൂഹവും ട്രാൻസ്ജെൻഡർ, ലൈം​ഗികത്തൊഴിലാളികൾ തുടങ്ങിയവരെ അം​ഗീകരിക്കാത്തവരായിരുന്നു. അതിനാൽത്തന്നെ പാസിന് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു തന്റെ പ്രൊജക്ട് പൂർത്തിയാക്കാൻ.

''ആഡംസ് ആപ്പിള്‍ ഒരു വലിയ ലേഖനമായിരുന്നു, നാല് വര്‍ഷമെടുത്തു അത് പൂര്‍ത്തിയാക്കാന്‍. ലൈംഗികത്തൊഴിലാളികളുടെ ജീവിതം എനിക്കെപ്പോഴും താല്‍പര്യമുള്ള വിഷയം തന്നെയായിരുന്നു. ഞാന്‍ പുരുഷ ലൈംഗികത്തൊഴിലാളികളെ കണ്ടുമുട്ടി. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവരായിരുന്നു അവര്‍. അവര്‍ക്ക് ഫോട്ടോയെടുക്കുന്നത് ഇഷ്ടമായിരുന്നു. അവരെന്നെ സ്വാഗതം ചെയ്തതും മനോഹരമായിട്ടായിരുന്നു. 

ആദ്യമായി ഞാന്‍ ചെയ്തത് അതില്‍ രണ്ടുപേരുടെ അമ്മയെ കാണുക എന്നതായിരുന്നു. അവരുമായി ഞാന്‍ വളരെ അടുപ്പത്തിലായി. എന്റെ വര്‍ക്ക് മുഴുവനും ഞാന്‍ അവര്‍ക്കാണ് സമര്‍പ്പിക്കുന്നത്. മെര്‍സിഡെസ് എന്നായിരുന്നു അവരുടെ പേര്. നാല് വര്‍ഷത്തിനുശേഷം ഞങ്ങളൊരു പുസ്തകമിറക്കി. അത് അന്ന് നിരോധിക്കുകയാണുണ്ടായത്. ലൈംഗികത്തൊഴിലൊളികള്‍ പൊലീസിനെയും സമൂഹത്തെയും ഭയന്നുകൊണ്ടായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. അവര്‍ക്കൊപ്പം അവര്‍ ജോലി ചെയ്യുന്ന വീട്ടില്‍ ഞാന്‍ ഒരാഴ്ച താമസിച്ചു. അതാണ് പിന്നീട് ഞങ്ങള്‍ രേഖപ്പെടുത്തി വച്ചത്. അവരുടെ ജീവിതം, പ്രത്യേകിച്ച് സൈനികഭരണത്തിലുള്ള ജീവിതം, അവരുടെ അനുഭവം, അവരെ എത്ര മോശമായിട്ടാണ് പരിഗണിക്കുന്നത് അതെല്ലാം രേഖപ്പെടുത്തി.  

ഞാനവരുമായി വളരെയധികം അടുക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു. അതില്‍ ശേഷിക്കുന്നവരുമായി ഞാനെപ്പോഴും ബന്ധം സൂക്ഷിച്ചിരുന്നു. അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. പലരും എയ്ഡ്‌സ് വന്ന് മരിച്ചു. മൊത്തം കമ്മ്യൂണിറ്റിയെ സംബന്ധിച്ച് അത് വലിയൊരു ദുരന്തമായിരുന്നു. അവര്‍ പുറത്തുള്ളവരെ കുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും സംസാരിച്ചു. എന്നെ സംബന്ധിച്ച് അവര്‍ ഭൂരിപക്ഷമാണ്, അവര്‍ പുറത്തുള്ളവരുമല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇടങ്ങള്‍ വ്യത്യസ്തമായി അധികാരത്തെ നോക്കിക്കാണുന്ന ഇടങ്ങള്‍ കൂടിയാണ്. അവർ കാര്യങ്ങളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്ന് കാണിച്ചു തരികയും പഠിപ്പിക്കുകയും ചെയ്യുന്നു.''

2018 വരെയായി ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി ഫോട്ടോ എക്സിബിഷനുകൾ പാസിന്റേതായുണ്ട്. നിരവധി പുസ്തകങ്ങളും ഇവർ രചിച്ചിട്ടുണ്ട്.