സ്വിസ് യാത്രക്കിടയില്‍ കിട്ടിയ ഷെല്‍ ഓര്‍മ്മയ്ക്കായി ബാഗില്‍ എടുത്തുവെച്ചതാണെന്നും പിനനീട് അത് നീക്കം ചെയ്യാന്‍ മറന്നതാണെന്നുമാണ് 28-കാരനായ യാത്രക്കാരന്‍ പറഞ്ഞത്.   

സ്‌ഫോടകവസ്തുവുമായി വിമാനത്താവളത്തില്‍ എത്തിയ യുവാവ് അറസ്റ്റിലായി. പൊട്ടാത്ത ഒരു മോര്‍ട്ടാര്‍ ഷെല്‍ ആണ് യാത്രക്കാരന്റെ ബാഗില്‍നിന്നും സുരക്ഷാ പരിശോധനക്കിടെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് രണ്ടു മണിക്കൂറോളം അടച്ചിട്ടു. സ്വിസ് യാത്രക്കിടയില്‍ കിട്ടിയ ഷെല്‍ ഓര്‍മ്മയ്ക്കായി ബാഗില്‍ എടുത്തുവെച്ചതാണെന്നും അത് നീക്കം ചെയ്യാന്‍ മറന്നതാണെന്നുമാണ് 28-കാരനായ യാത്രക്കാരന്‍ പറഞ്ഞത്. 

സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളം അല്‍പ്പനേരത്തേക്ക് അടയ്്ക്കാന്‍ തീരുമാനിച്ചതെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ദ്ധര്‍ എത്തി ഷെല്‍ സുരക്ഷിതമായി നീക്കംചെയ്യുകയും, നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, വിമാനത്താവളം വീണ്ടും പഴയ പടി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഷെല്‍ കൈവശം വച്ച ആ 28-കാരന്റെ കാര്യം അത്ര സുഖകരമല്ല.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാല്‍നടയാത്രയ്ക്കിടെയാണ് താന്‍ ഷെല്‍ കണ്ടെത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൗതുകം കൊണ്ടാണ് താന്‍ അത് ബാഗിലിട്ടത്. ഓര്‍മ്മയ്ക്കായി അത് ബാഗില്‍ തന്നെ സൂക്ഷിച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ താന്‍ അത് ബാഗിലുള്ള കാര്യമേ മറന്നുപോയെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഈ ഓര്‍മ്മപ്പിശകിന് അയാള്‍ക്ക് നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. വ്യോമയാന സുരക്ഷ നിയമം ലംഘിച്ചതിനും, സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചതിനും അയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരും. കൂടാതെ പോലീസ് ഓപ്പറേഷന് ചിലവായ തുകയും അയാള്‍ നല്‍കേണ്ടിവരും.

മ്യൂണിക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും നഷ്ടപരിഹാരത്തിന് കേസ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.