ഓഫർ കാരണം ജോലിഭാരം വർധിച്ച ജീവനക്കാർക്ക് 12.5 കോടി രൂപയുടെ ബോണസ് നൽകി പ്രമുഖ അമേരിക്കൻ ബർഗർ ശൃംഖലയായ ‘ഫൈവ് ഗയ്‌സ്’. 'ബൈ വൺ ​ഗെറ്റ് വൺ ഫ്രീ' ഓഫർ പ്രഖ്യാപിച്ചതോടെയാണ് തിരക്ക് കൂടിയത്. 

തങ്ങളുടെ ഓഫർ കാരണം ജോലിഭാരത്താൽ വീർപ്പുമുട്ടിയ ജീവനക്കാരെ ചേർത്തുപിടിച്ച് മാതൃകയായി പ്രമുഖ അമേരിക്കൻ ബർഗർ ശൃംഖലയായ 'ഫൈവ് ഗയ്‌സ്'. സ്ഥാപനത്തിന്റെ പിഴവുമൂലമാണ് ജീവനക്കാർക്ക് നിന്നുതിരിയാൻ സാധിക്കാത്ത അത്രയും തിരക്കുണ്ടായത്. തങ്ങളുടെ 40 -ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു പ്രൊമോഷൻ കാമ്പയിൻ കൈവിട്ടുപോയതിനെത്തുടർന്നാണ് ഫൈവ് ​ഗയ്സിലെ ജീവനക്കാർക്ക് പണി കിട്ടിയത്. എന്നാൽ, കഠിനാധ്വാനം ചെയ്ത ജീവനക്കാർക്കായി ഏകദേശം 1.5 ദശലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) കമ്പനി ബോണസായി പ്രഖ്യാപിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി 17 -ന് 40 -ാം വാർഷികം പ്രമാണിച്ച് 'ബൈ വൺ ​ഗെറ്റ് വൺ ഫ്രീ' ഓഫർ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കമ്പനി പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അന്നത്തെ ജനത്തിരക്ക്. അമേരിക്കയിലുടനീളമുള്ള ഔട്ട്‌ലെറ്റുകളിൽ ജനങ്ങൾ തടിച്ചുകൂടി. അതോടെ, ഓൺലൈൻ ഓർഡർ സംവിധാനങ്ങൾ തകരാറിലായി. പലയിടങ്ങളിലും ഭക്ഷണസാധനങ്ങൾ തീർന്നുപോവുകയും ചെയ്തു. തിരക്ക് കൂടിയതോടെ ചില ഔട്ട്‍ലെറ്റുകൾ നേരത്തെ അടയ്ക്കേണ്ടിയും വന്നു.

ഒടുവിൽ, തിരക്ക് മുൻകൂട്ടി കാണുന്നതിൽ മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെറി മുറെൽ തുറന്നു സമ്മതിച്ചു. 'ഞങ്ങൾ ഇത് പൂർണ്ണമായും പ്രശ്നത്തിലാക്കി. ഇത്ര വലിയൊരു പ്രതികരണം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം തന്നെ അങ്ങനെ ഒരു സാഹചര്യത്തിലും കഠിനമായി അധ്വാനിച്ച ജീവനക്കാരുടെ ആത്മവിശ്വാസവും അർപ്പണബോധവും തിരിച്ചറിയാനാണ് ഈ ബോണസ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ബ്രാൻഡിന്റെ കരുത്ത് ഈ തൊഴിലാളികളാണെന്നും കമ്പനി വ്യക്തമാക്കി. മാത്രമല്ല, കൂടുതൽ മികച്ച പ്ലാനിംഗോടെ മാർച്ച് 9 മുതൽ 12 വരെ കമ്പനി ഈ ഓഫർ വീണ്ടും അവതരിപ്പിച്ചു.